- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലക്ഷദ്വീപ് ബിജെപിയിലും നേതൃമാറ്റത്തിന് നീക്കം ശക്തം; പുതിയ അധ്യക്ഷനെ കണ്ടെത്താന്‍ ഊര്‍ജ്ജിത ശ്രമം; സംഘടനാ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കി പുതുമുഖങ്ങളെയടക്കം ഉള്‍പ്പെടുത്തിയുള്ള പുനസംഘടന അനിവാര്യമെന്ന് വാദം; അടിമുടി മാറ്റത്തിന് സാധ്യത
കൊച്ചി: ലക്ഷദ്വീപ് ബിജെപിയില്‍ സംഘടനാ തെരഞ്ഞെടുപ്പില്‍ പ്രതീക്ഷ അര്‍പ്പിച്ച് പാര്‍ട്ടിയിലെ ഒരു വിഭാഗം. പാര്‍ട്ടിയെ കൂടുതല്‍ കരുത്തോടെ നയിക്കാന്‍ പ്രാപ്തമായ നേതൃ നിരയെ ഈ തിരഞ്ഞെടുപ്പിലൂടെ വളര്‍ത്തിയെടുക്കണമെന്നാണ് പൊതു വികാരം . പാര്‍ട്ടിയേയും എന്‍ഡിഎയേയും ഒറ്റക്കെട്ടായി മുന്നോട്ട് നയിക്കാന്‍ നേതൃത്വത്തിന് കഴിയണമെന്നും ഇതിന് പ്രാപ്തനായ ആള്‍ നേതൃസ്ഥാനത്ത് വേണമെന്നുമാണ് ബിജെപി യിലെ ഒരു വിഭാഗം നേതാക്കളുടെ ആവശ്യം.
അജിത് പവാര്‍ നയിക്കുന്ന എന്‍സിപിയും നിതീഷ് കുമാര്‍ നയിക്കുന്ന ജെഡിയുവുമാണ് ദ്വീപിലെ പ്രധാന എന്‍ഡിഎ ഘടക കക്ഷികള്‍ . എന്നാല്‍ എന്‍ഡിഎ യോഗം പോലും ചേരാന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്നും ചില നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. പാര്‍ട്ടിയില്‍ ഇനി സ്വജന പക്ഷപാതവും കെടുകാര്യസ്ഥതയും വെച്ച് പൊറുപ്പിക്കില്ലെന്നും ചില നേതാക്കള്‍ പറയുന്നു. പാര്‍ട്ടി വിട്ട് പോയവര്‍ക്ക് വേണ്ടി പണിയെടുക്കുന്നവരെ ഇനിയും ചുമക്കേണ്ട കാര്യമില്ലെന്നാണ് ഇവരുടെ നിലപാട് .
സ്വന്തവും ബന്ധവും ഒക്കെ നോക്കി പലരും പലര്‍ക്ക് വേണ്ടിയും നിലകൊണ്ടതാണ് പാര്‍ട്ടിയുടെ വളര്‍ച്ചയെ പിന്നോട്ടടിച്ചതെന്നും ചില നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. പുതിയ അധ്യക്ഷനെ കണ്ടെത്താന്‍ ഒരു വിഭാഗം നേതാക്കള്‍ ശ്രമം തുടങ്ങി . നിലവിലെ ജനറല്‍ സെക്രട്ടറിമാരില്‍ ആരെങ്കിലും പ്രസിഡന്റ് ആകണമെന്ന അഭിപ്രായവും ചില നേതാക്കള്‍ക്കുണ്ട്. എന്നാല്‍ കാസ്മി കോയ തന്നെ തുടരണമെന്ന അഭിപ്രായവുമുണ്ട്.
അതേസമയം കുടുംബാധിപത്യം ഇനി അനുവദിച്ച് കൊടുക്കാനാകില്ലെന്ന് പറയുന്നവരും പാര്‍ട്ടിയിലുണ്ട്. സമ്പൂര്‍ണ്ണ ഉടച്ച് വാര്‍ക്കലാണ് പാര്‍ട്ടിയില്‍ വേണ്ടതെന്നും നാളിത് വരെ പാര്‍ട്ടിയെ കരുവാക്കി പലരുടേയും സ്വാര്‍ത്ഥ താല്പര്യങ്ങള്‍ സംരക്ഷിക്കുകയായിരുന്നെന്നും ചില നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. ദ്വീപിലെ പാര്‍ട്ടി പ്രവര്‍ത്തകരെയാകെ വഞ്ചിക്കുന്ന സമീപനം ഇനി അനുവദിക്കില്ലെന്നാണ് ഈ നേതാക്കളുടെ നിലപാട് .
ഒഡീഷ സ്വദേശിനിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ ആള്‍ എങ്ങനെ ദ്വീപിലെ ബിജെപി പരിപാടിക്ക് എത്തി എന്നതില്‍ വിശദീകരണം നല്‍കാന്‍ ഇതുവരെ ബന്ധപ്പെട്ടവര്‍ക്ക് കഴിഞ്ഞിട്ടില്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു . പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കുമ്പോള്‍ ആള് പ്രതിയല്ലെന്ന് ന്യായീകരിച്ചാലും എന്ത് മാനദണ്ഢത്തിലാണ് ഇയ്യാള്‍ ബിജെപി പരിപാടിക്കെത്തിയതെന്നാണ് ഇവരുടെ ചോദ്യം .
പാര്‍ട്ടിയേയും സംഘടനാ സംവിധാനത്തേയും നോക്ക് കുത്തിയാക്കി പലരും പലതും ചെയ്‌തെന്നും ഇനി ഇതൊന്നും വെച്ച് പൊറുപ്പിക്കാനാവില്ലെന്നും ഇത്തരക്കാരെ പുനഃസംഘടനയില്‍ പൂര്‍ണ്ണമായും ഒഴിവാക്കണമെന്നുമാണ് ഒരു വിഭാഗത്തിന്റെ ആവശ്യം . ജില്ലാ കമ്മറ്റികളുടെ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കി സംസ്ഥാന കമ്മറ്റി തെരഞ്ഞെടുപ്പിലേക്ക് എത്തുമ്പോള്‍ സമ്പൂര്‍ണ്ണ ശുദ്ധീകരണമാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്.