- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'എല്ലാ പഴിയും ഞാൻ ഏറ്റെടുക്കുന്നു, ഇനി രാഷ്ട്രീയത്തിലേക്കില്ല'; കുടുംബവുമായുള്ള ബന്ധവും ഉപേക്ഷിക്കുന്നുവെന്ന് ലാലു പ്രസാദ് യാദവിന്റെ മകൾ; തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ കുടുംബത്തിലും പൊട്ടിത്തെറി
പട്‌ന: ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടികൾക്ക് പിന്നാലെ ആർ.ജെ.ഡി. സ്ഥാപകൻ ലാലു പ്രസാദ് യാദവിന്റെ കുടുംബത്തിൽ ഭിന്നത രൂക്ഷമാകുന്നതായി സൂചന. ലാലുവിന്റെ മകളും ഡോക്ടറുമായ രോഹിണി ആചാര്യയാണ് രാഷ്ട്രീയവും കുടുംബബന്ധങ്ങളും ഉപേക്ഷിക്കുന്നതായി സാമൂഹിക മാധ്യമമായ എക്സിൽ കുറിച്ചത്.
"ഞാൻ രാഷ്ട്രീയം വിടുകയാണ്. എന്റെ കുടുംബവുമായുള്ള ബന്ധവും ഉപേക്ഷിക്കുന്നു. സഞ്ജയ് യാദവും റമീസും ഇപ്രകാരം ചെയ്യാൻ എന്നോട് ആവശ്യപ്പെട്ടിരിക്കുന്നു. എല്ലാ പഴിയും ഞാൻ ഏറ്റെടുക്കുന്നു," രോഹിണി തന്റെ കുറിപ്പിൽ വ്യക്തമാക്കി. എന്തിനാണ് കുറ്റമേറ്റെടുക്കുന്നതെന്ന് അവർ വിശദീകരിച്ചിട്ടില്ല.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിഹാറിലെ സരൺ മണ്ഡലത്തിൽ നിന്ന് മത്സരിച്ചെങ്കിലും രോഹിണി ആചാര്യ ബി.ജെ.പി.യുടെ രാജീവ് പ്രതാപ് റൂഡിയോട് പരാജയപ്പെട്ടിരുന്നു. 2022-ൽ ലാലു പ്രസാദ് യാദവിന് വൃക്ക ദാനം ചെയ്തതും രോഹിണിയായിരുന്നു. നേരത്തെ ലാലു പ്രസാദ് യാദവിന്റെ മകൻ തേജ് പ്രതാപ് യാദവിനെ പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കിയിരുന്നു.
ഇതിന് പിന്നാലെ അദ്ദേഹം 'ജൻശക്തി ജനതാദൾ' എന്ന പേരിൽ പുതിയ പാർട്ടി രൂപീകരിച്ച് തിരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും വിജയിച്ചില്ല. രാഘോപുർ മണ്ഡലത്തിൽ സഹോദരൻ തേജസ്വി യാദവിനെതിരെയും തേജ് പ്രതാപ് സ്ഥാനാർഥിയെ നിർത്തിയിരുന്നു. തേജ് പ്രതാപിനെ പുറത്താക്കിയതിൽ രോഹിണി അതൃപ്തയായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.




