മുംബൈ: ഗവർണർ സ്ഥാനം ഒഴിയാൻ സന്നദ്ധത അറിയിച്ച് മഹാരാഷ്ട്ര ഗവർണർ ഭഗത് സിങ് കോഷിയാരി. ഉത്തരവാദിത്തങ്ങളിൽ നിന്നും തന്നെ ഒഴിവാക്കണമെന്ന് ഗവർണർ പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചതായി രാജ്ഭവൻ പ്രസ്താവനയിലൂടെ അറിയിച്ചു. ഗവർണർ പക്ഷപാതത്തോടെ പെരുമാറുന്നതായി പ്രതിപക്ഷം കടുത്ത വിമർശനം ഉയർത്തിയിരുന്നു. ഭരണപക്ഷത്തു നിന്നും അതൃപ്തി പ്രകടിപ്പിച്ചതോടെയാണ് ഭഗത് സിങ് കോഷിയാരി സ്ഥാനം ഒഴിയാൻ സന്നദ്ധത അറിയിച്ചത്.

പ്രധാനമന്ത്രി മോദി മുംബൈ സന്ദർശിച്ച വേളയിലാണ് ഗവർണർ സ്ഥാനമൊഴിയാനുള്ള താൽപര്യം അറിയിച്ചത്. മുംബൈ മുനിസിപ്പൽ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ഗവർണർ സ്ഥാനം ഒഴിയാനുള്ള ഭഗത് സിങ് കോഷിയാരിയുടെ നീക്കം. ഇനിയുള്ള ജീവിതം എഴുതാനും വായനയ്ക്കുമായ് മാറ്റി വയ്ക്കാനാണ് ആഗ്രഹിക്കുന്നതെന്ന് കുറിപ്പിൽ പറയുന്നു. സാമൂഹിക പരിഷ്‌കർത്താക്കളുടെയും പോരാളികളുടെയും നാായ മഹാരാഷ്ടരയിൽ ഒരു സേവകനായി പ്രവർത്തിക്കാൻ സാധിച്ചത് വലിയ ബഹുമതിയാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

കോഷിയാരി പദവി ഒഴിയുന്നതു സ്ഥിരീകരിച്ച് മഹാരാഷ്ട്ര രാജ്ഭവൻ ട്വീറ്റ് ചെയ്തു. ''മഹാരാഷ്ട്ര പോലെ മഹത്തായ സംസ്ഥാനത്തിന്റെ രാജ്യസേവകനായി സേവനം ചെയ്യാൻ കഴിഞ്ഞത് വലിയ ബഹുമതിയും ഭാഗ്യവുമാണ്. അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി മുംബൈ സന്ദർശിച്ചപ്പോൾ, എല്ലാ രാഷ്ട്രീയ ഉത്തരവാദിത്തങ്ങളിൽനിന്നും മുക്തനാകാൻ ആഗ്രഹിക്കുന്നതായി അദ്ദേഹത്തെ അറിയിച്ചിരുന്നു. ഇനിയുള്ള ജീവിതം വായനയ്ക്കും എഴുത്തിനും മറ്റുമായി നീക്കിവയ്ക്കുകയാണ്.'' കോഷിയാരി ട്വിറ്ററിൽ വ്യക്തമാക്കി.

കഴിഞ്ഞ 3 വർഷത്തിലേറെയായി മഹാരാഷ്ട്രയിലെ ജനം പ്രകടിപ്പിച്ച സ്‌നേഹവും അടുപ്പവും ഒരിക്കലും മറക്കാൻ കഴിയില്ലെന്നും ഗവർണർ കൂട്ടിച്ചേർത്തു. മുംബൈ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിനു മുൻപായി പദവിയൊഴിയാനാണു കോഷിയാരി ആഗ്രഹിക്കുന്നതെന്നാണു റിപ്പോർട്ട്. 2019ലെ നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം അതിരാവിലെ ദേവേന്ദ്ര ഫഡ്‌നാവിസിനും അജിത് പവാറിനും സത്യപ്രതിജ്ഞയ്ക്ക് അവസരമുണ്ടാക്കിയത് അടക്കമുള്ള വിവാദങ്ങളിൽ കോഷിയാരി ഉൾപ്പെട്ടിരുന്നു.

ഛത്രപതി ശിവാജിയെ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയോട് താരത്യമം ചെയ്ത് അപമാനിച്ച കോഷിയാരിയെ പദവിയിൽനിന്നു നീക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി എംപി ഉദയൻരാജെ ഭോസലെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് അടുത്തിടെ കത്തെഴുതിയിരുന്നു. ഭരണമുന്നണിയിലെ ഏക്‌നാഥ് ഷിൻഡെ വിഭാഗം എംഎൽഎയും ഗവർണറെ മാറ്റണമെന്നു കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു