ന്യൂഡൽഹി: അതിഖ് അഹമ്മദിന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ ബിജെപിക്കെതിരെ കടുത്ത വിമർശനവുമായി തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര. ബിജെപി ഇന്ത്യയെ ഒരു മാഫിയ റിപ്പബ്ലിക്കായി മാറ്റിയെന്ന് മഹുവ ആരോപിച്ചു. ഗുണ്ടാത്തലവനും രാഷ്ട്രീയ നേതാവുമായ അതിഖ് അഹമ്മദും സഹോദരൻ അഷ്റഫ് അഹമ്മദും വെടിയേറ്റു കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് മഹുവയുടെ പ്രതികരണം.

ബിജെപി. ഇന്ത്യയെ ഒരു മാഫിയ റിപ്പബ്ലിക്കാക്കി മാറ്റിയിരിക്കുകയാണ്. ഇത് ഇവിടെയും ഇന്ത്യയ്ക്കു പുറത്തും മാത്രമല്ല, മറ്റെവിടെവേണമെങ്കിലും പറയാൻ എനിക്ക് ഭയമില്ല. കാരണം അതാണ് സത്യം. പൊലീസ് കസ്റ്റഡിയിലായിരുന്ന രണ്ടു പേർ അസംഖ്യം പൊലീസുകാർക്കും ക്യാമറകൾക്കും നടുവിൽ വെടിയേറ്റു കൊല്ലപ്പെട്ടു. ഇത് നിയമവ്യവസ്ഥയുടെ മരണമാണ്. മഹുവ മൊയ്ത്ര ട്വിറ്ററിൽ കുറിച്ചു.

പുൽവാമ സംഭവവുമായി ബന്ധപ്പെട്ട് കേന്ദ്രത്തിനെതിരെ ജമ്മു കശ്മീർ മുൻ ഗവർണർ സത്യപാൽമാലിക് നടത്തിയ ആരോപണങ്ങളിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമമാണിതെന്നും മഹുവ ആരോപിച്ചു. സമാന ആരോപണം നേരത്തെ ജോൺ ബ്രിട്ടാസ് എംപിയും ഉന്നയിച്ചിരുന്നു.

പുൽവാമ സംഭവത്തിൽ ആഭ്യന്തര മന്ത്രാലയത്തിന് വീഴ്ചപറ്റിയെന്നും മോദിക്കൊപ്പമുള്ളവർ അഴിമതിക്കാരാണെന്നുമായിരുന്നു 'ദ വയറി'ന് നൽകിയ അഭിമുഖത്തിൽ സത്യപാൽ മാലിക്കിന്റെ ആരോപണം. പുൽവാമ ഭീകരാക്രമണത്തിൽ പരിക്കേറ്റ ജവാന്മാരെ കൊണ്ടുപോകാൻ സിആർപിഎഫ്. എയർക്രാഫ്റ്റ് ആവശ്യപ്പെട്ടെങ്കിലും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അത് നിഷേധിക്കുകയായിരുന്നു. സംഭവത്തിന് ശേഷം ജിം കോർബറ്റ് നാഷണൽ പാർക്കിൽവെച്ച് പുൽവാമ ഭീകരാക്രമണത്തിലെ വീഴ്ചകൾ പ്രധാനമന്ത്രിയെ ധരിപ്പിച്ചപ്പോൾ ആരോടും പറയരുതെന്ന് നരേന്ദ്ര മോദി പറഞ്ഞെന്നും സത്യപാൽ മാലിക്ക് അഭിമുഖത്തിൽ ആരോപിച്ചിരുന്നു.

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അജയ് ബിഷ്ട് എന്ന യഥാർഥ പേര് പരാമർശിച്ച മഹുവ മൊയ്ത്ര യോഗിയും യു.പി പൊലീസും ചേർന്ന് മേൽവിലാസമില്ലാത്ത മൂന്നുപേരെ കുറ്റവാളികളാക്കിയിരിക്കുകയാണെന്നും ആരോപിച്ചു.

ശനിയാഴ്ചയാണ് ഉമേഷ്പാൽ വധക്കേസിൽ പൊലീസ് പിടിയിലായ ഗുണ്ടാത്തലവനും രാഷ്ട്രീയനേതാവുമായ അതിഖ് അഹമ്മദും സഹോദരൻ അഷ്‌റഫ് അഹമ്മദും വെടിയേറ്റ് കൊല്ലപ്പെട്ടത്. മെഡിക്കൽ പരിശോധനകൾക്കായി കൊണ്ടുപോകുന്നതിനിടെ പ്രയാഗ് രാജിൽ വച്ചായിരുന്നു ഇരുവർക്കും നേരെ വെടിയുതിർത്തത്. പൊലീസിനൊപ്പം നടന്നുകൊണ്ടിരിക്കെ മാധ്യമങ്ങളോട് സംസാരിക്കവെയാണ് വെടിവെപ്പുണ്ടായത്. മൂന്നുപേർ ചേർന്നാണ് കൊലപാതകങ്ങൾ നടത്തിയതെന്നാണ് വിവരം. സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിലായിട്ടുണ്ട്.