ന്യൂഡൽഹി: പ്രതിപക്ഷ പാർട്ടികളുടെ എതിർപ്പിനെ അവഗണിച്ച് ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന രീതിയിലേക്ക് ഇന്ത്യ മാറുകയാണോ? മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നേതത്വത്തിലുള്ള ഉന്നതതല സമിതി റിപ്പോർട്ട് കേന്ദ്രസർക്കാർ അംഗീകരിച്ചാൽ, 2029 ഓടെ ഈ ആശയം നടപ്പിലാകുമെന്നാണ് സൂചന.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം പുതിയ സർക്കാർ ഭരണഘടനാ ഭേദഗതി ബിൽ കൊണ്ടുവരണമെന്നാണ് സമിതി റിപ്പോർട്ടിലെ ശുപാർശ. വിപുലമായ റിപ്പോർട്ട് രാഷ്ട്രപതിക്ക് സമർപ്പിച്ചു. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പിന് നിയമപരമായി സാധുതയുള്ള സംവിധാനം കേന്ദ്രസർക്കാർ വികസിപ്പിക്കണമെന്നാണ് ഉന്നതതല സമിതിയുടെ ശുപാർശ.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം പാർലമെന്റ് ചേരുമ്പോൾ, ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പിനായി ഒരു നിശ്ചിത തീയതി തീരുമാനിച്ച് വിജ്ഞാപനം പുറപ്പെടുവിക്കണം. ഈ നിശ്ചിത തീയതി തീരുമാനിച്ച ശേഷം രൂപീകരിക്കുന്ന സംസ്ഥാന നിയമസഭകൾക്ക് 2029ലെ പൊതുതിരഞ്ഞെടുപ്പ് വരെയേ കാലാവധി ഉണ്ടാവുകയുള്ളു.

ഫലത്തിൽ, 2024 നും 2028 നും ഇടയിൽ രൂപീകരിക്കുന്ന സംസ്ഥാന സർക്കാരുകൾക്ക് 2029 ലോക്‌സഭാ തിരഞ്ഞെടുപ്പ് വരെ ചുരുങ്ങിയ കാലാവധിയേ ഉണ്ടാവുകയുള്ളു. 2029 ൽ ലോക്‌സഭയിലേക്കും, സംസ്ഥാന നിയമസഭകളിലേക്കും ഒരുമിച്ച് തിരഞ്ഞെടുപ്പ് നടക്കും. ഉദാഹരണത്തിന് 2025 ൽ തിരഞ്ഞെടുപ്പ് നടത്തുന്ന സംസ്ഥാനത്തെ സർക്കാരിന് നാലുവർഷ കാലാവധിയും, 2027 ൽ തിരഞ്ഞെടുപ്പ് നടത്തുന്ന് സംസ്ഥാനത്തിന് രണ്ടുവർഷവും മാത്രമേ കാലാവധി ഉണ്ടാവുകയുള്ളു.

തൂക്ക് സഭയോ അവിശ്വാസ പ്രമേയം മൂലമുള്ള പ്രതിസന്ധിയോ വന്നാൽ, ലോക്‌സഭയായാലും, സംസ്ഥാന സഭകളായാലും, വീണ്ടും തിരഞ്ഞെടുപ്പ് നടത്തണം. രാജ്യമൊട്ടാകെ ഒരു വോട്ടർ പട്ടികയും, ഒരു തിരിച്ചറിയൽ കാർഡും കൊണ്ടുവരുന്നതിന് നിലവിലെ നിയമങ്ങൾ ഭേദഗതി ചെയ്യണം. തങ്ങളുടെ ശുപാർശകൾ നടപ്പാക്കുന്നത് പരിശോധിക്കുന്നതിനായി സമിതി രൂപീകരിക്കണമെന്നും ശുപാർശയുണ്ട്. രണ്ടാം ഘട്ടത്തിൽ, ലോക്‌സഭാ, സംസ്ഥാന സഭാ തിരഞ്ഞെടുപ്പുകൾ കഴിഞ്ഞ് 100 ദിവസത്തിനകം, മുനിസിപ്പാലിറ്റി, പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടത്തണമെന്നും ശുപാർശയുണ്ട്.

അതേസമയം, സമിതിയുടെ ശുാപാർശകൾ പ്രതിപക്ഷ കക്ഷികൾ ശക്തമായി എതിർത്തേക്കും. സമിതിയെ പ്രതികരണം അറിയിച്ച 47 പാർട്ടികളിൽ പലതും എതിർപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. കോൺഗ്രസ്, ഡിഎംകെ, ആംആദ്മി പാർട്ടി, ബിഎസ്‌പി, സിപിഎം, സപിഐ, തൃണമൂൽ, എഐഎംഐഎം, എസ്‌പി എന്നിവർ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പിനെ എതിർത്തതായി റിപ്പോർട്ടിൽ പറയുന്നു. 32 പാർട്ടികൾ നിർദ്ദേശത്തെ അനുകൂലിച്ചപ്പോൾ, 15 പാർട്ടികൾ വിയോജിപ്പ് രേഖപ്പെടുത്തി.

18,626 പേജുകൾ ഉൾക്കൊള്ളുന്ന റിപ്പോർട്ട് പൂർത്തിയാകുന്നത് 191 ദിവസംകൊണ്ടാണ്. 2023 സെപ്റ്റംബർ 2-ന് പഠനം ആരംഭിച്ചതുമുതൽ വിദഗ്ധരുമായും ഗവേഷണ പ്രവർത്തനങ്ങളുമായും വിപുലമായ ചർച്ചകളാണ് നടത്തിയിട്ടുള്ളത്. കഴിഞ്ഞ ദിവസം ഡൽഹിയിലെ രാഷ്ട്രപതി ഭവനിൽ പാനൽ കൂടിക്കാഴ്ച നടത്തിയ ശേഷമാണ് രാഷ്ട്രപതിക്ക് റിപ്പോർട്ട് സമർപ്പിച്ചത്. പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും പൊതുതിരഞ്ഞെടുപ്പും സംസ്ഥാന നിയമസഭകളുടേയും പൊതുതിരഞ്ഞെടുപ്പുകൾ സാധ്യമാക്കുന്നതിന് ആർട്ടിക്കിൾ 324(എ) അവതരിപ്പിക്കാനും കമ്മിറ്റി ശുപാർശ ചെയ്തു.

പുതിയ തീരുമാനം നിലവിൽ വരികയാണെങ്കിൽ ഭരണഘടനയിലെ ആറ് അനുച്ഛേദങ്ങളെങ്കിലും മാറ്റേണ്ടി വരുമെന്നും സമിതി ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സർക്കാർ വീണ്ടും അധികാരത്തിലെത്തുകയാണെങ്കിൽ പുതിയ ആശയം നടപ്പാക്കുമെന്നാണ് സൂചന. ഈ ആശയം നടപ്പിലാവുകയാണെങ്കിൽ തിരഞ്ഞെടുപ്പ് ചെലവിൽ ലാഭിക്കുന്ന പണം രാജ്യത്തെ വികസന പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കാനാകുമെന്നും രാംനാഥ് കോവിന്ദ് മുൻപ് തന്നെ പറഞ്ഞിരുന്നു. ഒന്നിച്ച് തിരഞ്ഞെടുപ്പുകൾ നടത്തുന്നതിലെ സാമ്പത്തിക ലാഭത്തെ കുറിച്ച് 15ാം ധനകാര്യ ചെയർപേഴ്സൺ എൻ കെ സിംഗിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ അവലോകനം റിപ്പോർട്ടിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

ഒരേസമയം തിരഞ്ഞെടുപ്പ് നടത്താൻ ആവശ്യമായ സാമ്പത്തിക, ഭരണപരമായ സ്രോതസ്സുകളെ കുറിച്ചും റിപ്പോർട്ടിൽ വിശകലനം ചെയ്യുന്നുണ്ട്. മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർമാരുടേതുൾപ്പടെയുള്ളവരിൽ നിന്ന് ശേഖരിച്ച പ്രതികരണങ്ങൾ വിലയിരുത്തിക്കൊണ്ടാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. കഴിഞ്ഞ സെപ്റ്റംബറിലാണ് രാംനാഥ് കോവിന്ദിന്റെ അദ്ധ്യക്ഷയിൽ ഉന്നതതല സമിതി രൂപീകരിച്ചത്.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, രാജ്യസഭ മുൻ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്, എൻ കെ സിങ്, ലോക്‌സഭ മുൻ സെക്രട്ടറി ജനറൽ ഡോ. സുഭാഷ് സി കശ്യപ്, മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ തുടങ്ങിയവർ സമിതിയിലുണ്ട്.