ഡൽഹി: ഭരണഘടനാ വിവാദത്തിൽ രൂക്ഷ വിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ രംഗത്ത്. ഭരണഘടനയിൽ തൊട്ടാൽ പല്ലും നഖവും ഉപയോഗിച്ച് ചെറുക്കുമെന്ന് മല്ലികാർജ്ജുൻ ഖർഗെ വ്യക്തമാക്കി. പാവങ്ങൾ ഉയർന്ന് വരുന്നത് ആർ എസ് എസിന് സഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതു കൊണ്ടാണ് മതേതരത്വം, സോഷ്യലിസം തുടങ്ങിയ വാക്കുകൾ ദഹിക്കാത്തതെന്നും ഖർഗെയുടെ രൂക്ഷമായി തുറന്നടിച്ചു.

അതേസമയം, ആ‌ർ എസ് എസ് ഒരിക്കലും ഭരണഘടനയെ അം​ഗീകരിച്ചിട്ടില്ലെന്നും മനുസ്‌മൃതിയിൽ നിന്ന് പ്രചോദനമുൾക്കൊണ്ടല്ല ഭരണഘടന തയ്യാറാക്കിയതെന്നും മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ് തുറന്നടിച്ചു. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ മാറ്റണമെന്ന ആവശ്യം ആർ എസ് എസ് ഇപ്പോഴും തുടരുകയാണെന്നും ജയറാം രമേശ് വിമർശിച്ചു.