ന്യൂഡൽഹി: സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ പ്രധാനമന്ത്രി ദേശീയപതാക ഉയർത്തുന്ന ചടങ്ങിൽ നിന്നും വിട്ടു നിന്ന് കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ. രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് എന്ന നിലയിൽ ഖാർഗെയ്ക്കായി റിസർവ് ചെയ്ത സീറ്റ് ഒഴിഞ്ഞു കിടന്നു. അതേസമയം ഇതാദ്യമാണ് ഒരു പ്രതിപക്ഷ നേതാവ് സ്വാതന്ത്ര്യദിന ചടങ്ങിൽ നിന്നും വിട്ടുനിൽക്കുന്നതെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

അതേസമയം ഖാർഗെ വീട്ടിലും കോൺഗ്രസ് ആസ്ഥാനത്തും ദേശീയ പതാക ഉയർത്തി. എഐസിസി ആസ്ഥാനത്തു നടന്ന ചടങ്ങിൽ രാഹുൽ ഗാന്ധി അടക്കമുള്ള കോൺഗ്രസ് നേതാക്കൾ പങ്കെടുത്തു. തന്റെ കണ്ണിന് ചെറിയ പ്രശ്നമുണ്ടെന്നും അതാണ് ചെങ്കോട്ടയിലെ പരിപാടിക്ക് പോകാതിരുന്നതെന്നും ഖാർഗെ സൂചിപ്പിച്ചു.

അതു മാത്രമല്ല, ചെങ്കോട്ടയിലെ പരിപാടിയിൽ പങ്കെടുത്താൽ, പാർട്ടി അധ്യക്ഷനെന്ന നിലയിൽ എഐസിസി ആസ്ഥാനത്ത് പതാക ഉയർത്തുന്നതിന് കൃത്യസമയത്ത് എത്തിച്ചേരാനാകാത്ത അവസ്ഥ വരും. അതും ചെങ്കോട്ടയിലെ പരിപാടിയിൽ പങ്കെടുക്കാത്തതിന് കാരണമായിയെന്ന് ഖാർഗെ പറയുന്നു.

അതേസമയം ബിജെപി. സർക്കാരിനെ കടന്നാക്രമിച്ചുകൊണ്ട് സ്വാതന്ത്ര്യദിനം പ്രമാണിച്ച് ഒരു വീഡിയോ സന്ദേശം ഖർഗെ പുറത്തിറക്കി. പ്രധാനമന്ത്രിയുടെ ചെങ്കോട്ടയിലെ പ്രസംഗത്തെയും മല്ലികാർജുൻ ഖാർഗെ വിമർശിച്ചു. രാജ്യത്തെ വികസനമെല്ലാം അടുത്തകാലത്ത് ഉണ്ടായതാണെന്ന പ്രതീതി ജനിപ്പിക്കാനാണ് മോദി ശ്രമിക്കുന്നത്. എന്നാൽ ഭരണഘടന അടക്കം ആക്രമണം നേരിടുകയാണ്. പ്രതിപക്ഷ അംഗങ്ങളെ പാർലമെന്റിൽ അടിച്ചമർത്തുന്നു. പ്രതിഷേധിക്കുന്ന എംപിമാരെ സസ്പെൻഡ് ചെയ്യുന്നു. സഭയിലെ പ്രതിപക്ഷ നേതാവായ തന്റെ മൈക്ക് വരെ ഓഫ് ചെയ്യുന്നുവെന്നും ഖാർഗെ കുറ്റപ്പെടുത്തി.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി മാത്രമാണ് ഇന്ത്യ വികസിച്ചുകൊണ്ടിരിക്കുന്നതെന്ന ചിലയാളുകളുടെ വിചാരം തെറ്റാണെന്ന് ഖർഗെ വീഡിയോ സന്ദേശത്തിൽ പറഞ്ഞു. ഇന്ത്യയെ കെട്ടിപ്പടുക്കുന്നതിൽ മുൻ പ്രധാനമന്ത്രിമാർ നിർവഹിച്ച പങ്കും പ്രതിപക്ഷത്തെ വേട്ടയാടുന്ന നിലവിലെ ബിജെപി. സർക്കാരിന്റെ സമീപനവും വീഡിയോയിൽ പരാമർശിക്കുന്നുണ്ട്.

പ്രസംഗത്തിൽ മഹാത്മാ ഗാന്ധി, പി.വി. നരസിംഹറാവു, മന്മോഹൻ സിങ് എന്നിവർ ഇന്ത്യയെ കെട്ടിപ്പടുക്കുന്നതിൽ നൽകിയ സംഭാവന അദ്ദേഹം ഉയർത്തിക്കാട്ടി. വാജ്പെയിയെയും അദ്ദേഹം അക്കൂട്ടത്തിൽ ഉൾപ്പെടുത്തി. എല്ലാ പ്രധാനമന്ത്രിമാരും ഇന്ത്യയുടെ പുരോഗതിക്കായി സംഭാവന ചെയ്തിട്ടുണ്ട്. ഇന്ന് ചിലയാളുകൾ പറയാൻ ശ്രമിക്കുന്നത് ഇന്ത്യയിൽ വികസനം കാണാൻ തുടങ്ങിയത് അടുത്ത കാലത്ത് മാത്രമാണെന്നാണ്.

വാജ്പെയ് ഉൾപ്പെടെ എല്ലാ പ്രധാനമന്ത്രിമാരും ഇന്ത്യയുടെ വികസനത്തിനായി ചിന്തിക്കുകയും അതിനുവേണ്ടിയുള്ള പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തിട്ടുണ്ട്. ഇന്ന് ജനാധിപത്യം, ഭരണഘടന, സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയെല്ലാം ഗുരുതരമായ ഭീഷണി നേരിടുകയാണെന്ന് പറയേണ്ടിവരുന്നതിൽ വേദനയുണ്ട്. പ്രതിപക്ഷത്തിന്റെ ശബ്ദം അടിച്ചമർത്താനായി സിബിഐ., ഇ.ഡി., ആദായ നികുതി, തിരഞ്ഞെടുപ്പ് കമ്മിഷൻ എന്നിവയെയെല്ലാം ദുർബലപ്പെടുത്തുന്നു. പ്രതിപക്ഷ എംപി.മാരെ സസ്പെൻഡ് ചെയ്തും മൈക്കുകൾ നിശ്ശബ്ദമാക്കിയും പ്രസംഗം നീക്കം ചെയ്തും വായ് മൂടിക്കെട്ടാൻ ശ്രമിക്കുന്നുവെന്നും ഖർഗെ പറഞ്ഞു.

ഇന്ദിരാഗാന്ധിയുടെയും ലാൽ ബഹാദൂർ ശാസ്ത്രിയുടെയും നയങ്ങളാണ് ഇന്ത്യയെ ആത്മനിർഭർ ഭാരത് ആവാൻ സഹായിച്ചത്. അതിപ്പോൾ മോദി പ്രധാന മുദ്രാവാക്യമായി ഉപയോഗിക്കുന്നു. പുതിയ ചരിത്ര നിർമ്മിതിക്കായി പഴയ ചരിത്രങ്ങൾ മായ്ച്ചുകളയരുത്. കഴിഞ്ഞകാല പദ്ധതികൾ, അടിസ്ഥാനസൗകര്യ വികസന പദ്ധതികൾ തുടങ്ങി എല്ലാ രംഗത്തും ഏകാധിപത്യ വഴികളിലൂടെ നീങ്ങി ജനാധിപത്യത്തെ കീറിമുറിക്കുന്നു. ഇപ്പോൾ പഴയ നിയമവും പേരുമാറ്റുന്നു. വീഴ്ചകൾ മറച്ചുവയ്ക്കാനായി അച്ഛെ ദിൻ എന്നും അമൃത്കാൽ എന്നും പേരുകൾ മാറ്റിക്കൊണ്ടിരിക്കുന്നുവെന്നും ഖർഗെ കൂട്ടിച്ചേർത്തു.