കൊല്‍ക്കത്ത: ജനകീയ പ്രക്ഷോഭം കത്തിപ്പടര്‍ന്നതോടെ ബംഗ്ലദേശില്‍നിന്ന് പലായനം ചെയ്യുന്നവര്‍ക്കായി സംസ്ഥാനം വാതില്‍ തുറന്നിടുമെന്നു ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. യുഎന്‍ അഭയാര്‍ഥി പ്രമേയത്തിന്റെ അടിസ്ഥാനത്തിലാണു നിസ്സഹായരായവര്‍ക്ക് ആശ്രയം നല്‍കാനുള്ള തീരുമാനമെന്ന് മമത വ്യക്തമാക്കി. കൊല്‍ക്കത്തയില്‍ നടന്ന റാലിയിലാണു മമത കേന്ദ്രസര്‍ക്കാരിനെയും ബിജെപിയെയും ചൊടിപ്പിക്കുന്ന പ്രഖ്യാപനം നടത്തിയത്.

അയല്‍ സംസ്ഥാനമായ അസമിലെ വംശീയ സംഘട്ടനത്തില്‍ ദുരിതം അനുഭവിച്ചവര്‍ക്കും ബംഗാള്‍ അഭയം നല്‍കിയിട്ടുണ്ടെന്ന് മമത ഓര്‍മിപ്പിച്ചു. ബംഗ്ലദേശ് വിഷയത്തില്‍ സംയമനം പാലിക്കണമെന്ന് പാര്‍ട്ടി പ്രവര്‍ത്തകരോട് മമത ആവശ്യപ്പെട്ടു.

അതേസമയം, മമതയുടെ പ്രസ്താവനയ്ക്കെതിരെ വിമര്‍ശനവുമായി ബിജെപി രംഗത്തെത്തി. സ്വയം പ്രഖ്യാപനം നടത്തും മുന്‍പ് കേന്ദ്രസര്‍ക്കാരുമായി വിഷയം ചര്‍ച്ച ചെയ്യണമായിരുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കൂടിയായ കേന്ദ്രമന്ത്രി സുകന്ദ മജുംദാര്‍ പറഞ്ഞു. ഇങ്ങനെ പറയാന്‍ മുഖ്യമന്ത്രിക്ക് അധികാരമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ബംഗ്ലദേശികളെ അനധികൃതമായി എത്തിച്ച് ജാര്‍ഖണ്ഡ് തിരഞ്ഞെടുപ്പ് ജയിക്കാനുള്ള ഇന്ത്യാസഖ്യത്തിന്റെ ഗൂഢപദ്ധതിയാണിതെന്നു ബംഗാളിന്റെ ചുമതലയുള്ള ബിജെപി നേതാവ് അമിത് മാളവ്യയും ആരോപിച്ചു.

അതേസമയം, ബംഗ്ലദേശില്‍ രക്തരൂഷിതമായ വിദ്യാര്‍ഥി പ്രക്ഷോഭത്തിന് ഇടവരുത്തിയ ഹൈക്കോടതിയുടെ സംവരണ ഉത്തരവിന്റെ പ്രധാന ഭാഗങ്ങള്‍ സുപ്രീംകോടതി റദ്ദാക്കി. സര്‍ക്കാര്‍ ജോലികളില്‍ 93% ഇനി മെറിറ്റ് അടിസ്ഥാനത്തിലായിരിക്കുമെന്നു സുപ്രീംകോടതി അപ്ലറ്റ് ഡിവിഷന്‍ വ്യക്തമാക്കി.

1971ലെ ബംഗ്ലദേശ് വിമോചനയുദ്ധത്തില്‍ പങ്കെടുത്തവരുടെ കുടുംബങ്ങള്‍ക്കുള്ള സംവരണം 5% ആയി കുറച്ചു. 2018ല്‍ എടുത്തുകളഞ്ഞ, ഇവര്‍ക്കുണ്ടായിരുന്ന 30% സംവരണം പുനഃസ്ഥാപിക്കണമെന്ന ഹൈക്കോടതി ഉത്തരവാണ് പ്രക്ഷോഭത്തിനു കാരണമായത്.

സുപ്രീം കോടതി ഉത്തരവോടെ പ്രക്ഷോഭം അവസാനിക്കുമെന്നാണു കരുതുന്നതെന്ന് അറ്റോര്‍ണി ജനറല്‍ എ.എം. അമിന്‍ ഉദിന്‍ പറഞ്ഞു. അതേസമയം അറസ്റ്റിലായവരെ വിട്ടയയ്ക്കുകയും കുറ്റവാളികളായ ഉദ്യോഗസ്ഥരെ പുറത്താക്കുകയും ചെയ്യുന്നതു വരെ സമരം തുടരുമെന്നാണു പ്രക്ഷോഭകര്‍ പറഞ്ഞത്. പ്രക്ഷോഭത്തില്‍ ഇതുവരെ നൂറിലധികം പേര്‍ കൊല്ലപ്പെട്ടു. പ്രക്ഷോഭം അടിച്ചമര്‍ത്തുന്നതിന്റെ ഭാഗമായി ഇന്റര്‍നെറ്റ് വിലക്കും നിരോധനാജ്ഞയും തുടരുകയാണ്.