കൊൽക്കത്ത: വഖഫ് ഭേദഗതി നിയമം ബംഗാളില്‍ നടപ്പാക്കില്ലെന്നും വര്‍ഗീയ സംഘര്‍ഷം ഉണ്ടാക്കരുത് എന്നും മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു. “സംസ്ഥാന സർക്കാർ വഖഫ് ഭേദഗതി നിയമം നടപ്പിലാക്കില്ല. കേന്ദ്രസർക്കാരാണ് ഈ നിയമം കൊണ്ടുവന്നത്. ഈ വിഷയത്തിൽ ഞങ്ങളുടെ നിലപാട് ഞങ്ങൾ ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. ഞങ്ങൾ ഈ നിയമത്തെ പിന്തുണയ്‌ക്കുന്നില്ല. പശ്ചിമ ബംഗാളിൽ വഖഫ് ഭേദഗതി നിയമം ഞങ്ങൾ നടപ്പിലാക്കില്ലെന്നും അവർ വ്യക്തമാക്കി.

'എല്ലാ മതങ്ങളിലുമുള്ള എല്ലാ ആളുകളോടും എന്റെ ആത്മാർത്ഥമായ അഭ്യർത്ഥന, ദയവായി ശാന്തത പാലിക്കുക, സംയമനം പാലിക്കുക. മതത്തിന്റെ പേരിൽ ഒരു അനീതിപരമായ പെരുമാറ്റത്തിലും ഏർപ്പെടരുത്. ഓരോ മനുഷ്യജീവനും വിലപ്പെട്ടതാണ്. രാഷ്‌ട്രീയത്തിന് വേണ്ടി കലാപങ്ങൾക്ക് പ്രേരിപ്പിക്കരുത്. കലാപത്തിന് പ്രേരിപ്പിക്കുന്നവർ സമൂഹത്തിന് ദോഷം ചെയ്യുകയാണ്' മമത എക്സ് പോസ്റ്റിൽ വ്യക്തമാക്കി.

അതേസമയം, വഖഫ് നിയമത്തിനെതിരായ പ്രതിഷേധത്തിന്റെ പേരിൽ പശ്ചിമ ബംഗാളിൽ അക്രമം തുടരുകയാണ്. സുരക്ഷാ സേനയെയും അക്രമികൾ ലക്ഷ്യമിടുന്നുണ്ട്. കൊൽക്കത്ത ഹൈക്കോടതിയുടെ ഉത്തരവനുസരിച്ച് മുർഷിദാബാദിലെത്തിയ ബിഎസ്എഫ് സൈനികർക്ക് നേരെയും കല്ലേറ് നടത്തി .പല പ്രദേശങ്ങളിലും ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.