- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മണിപ്പൂർ വിഷയത്തിൽ കേന്ദ്രത്തിനെതിരായ അവിശ്വാസ പ്രമേയം: പിന്തുണയ്ക്കില്ലെന്ന് വ്യക്തമാക്കി ബിഎസ്‌പിയും വൈഎസ്ആർ കോൺഗ്രസും; പ്രതിപക്ഷം വിഷയം കടുപ്പിക്കവേ പ്രശ്നപരിഹാരത്തിന് കേന്ദ്ര നീക്കവും; മണിപ്പൂരിൽ ഇരുവിഭാഗങ്ങളുമായി ചർച്ച തുടങ്ങി; മുൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരും ദൗത്യസംഘത്തിൽ
ന്യൂഡൽഹി: മണിപ്പൂർ വിഷയത്തിൽ പ്രതിപക്ഷം ബിജെപിക്കും ഭരണപക്ഷത്തിനുമെതിരെ നിലപാട് കടുപ്പിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് കേന്ദ്രത്തിനെതിരെ ഇന്ത്യ സഖ്യത്തിന്റെ അവിശ്വാസ പ്രമേയ നീക്കവും. കേന്ദ്രത്തിനെതിരായ ഈ നീക്കത്തെ പിന്തുണയ്ക്കാത്ത നിലപാടിലാണ് സ്വതന്ത്ര നിലപാട് സ്വീകരിച്ച ചില രാഷ്ട്രീയ കക്ഷികളും. പ്രതിപക്ഷ അവിശ്വാസ പ്രമേയത്തെ പിന്തുണയ്‌ക്കേണ്ടെന്ന് ബിഎസ്‌പിയും വൈഎസ്ആർ കോൺഗ്രസും. പ്രമേയം, ഡൽഹി ഓർഡിനൻസിന് പകരമുള്ള ബില്ലിന് ശേഷം ചർച്ച ചെയ്യാമെന്ന നിലപാടിലാണ് സർക്കാർ.
കേന്ദ്ര സർക്കാരിനെതിരെ പ്രതിപക്ഷം നൽകിയ അവിശ്വാസ പ്രമേയ നോട്ടീസ് ലോക്‌സഭ സ്പീക്കർ ഓം ബിർള അംഗീകരിച്ചിട്ടുണ്ട്. പ്രമേയത്തിൽ അടുത്തയാഴ്ച ചർച്ച നടക്കും. കോൺഗ്രസ് എംപി ഗൗരവ് ഗൊഗോയി ബിആർഎസ് എംപി നമോ നാഗേശ്വർ റാവു എന്നിവരാണ് കേന്ദ്ര സർക്കാരിനെതിരെ അവിശ്വാസ പ്രമേയ നോട്ടീസ് നൽകിയത്. ഇന്നലെ പന്ത്രണ്ട് മണിക്ക് സഭ ചേർന്നപ്പോൾ നോട്ടീസ് പരിഗണിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ആദ്യം ഗൗരവ് ഗൊഗോയിയുടെ നോട്ടീസാണ് പരിഗണിച്ചത്.
നോട്ടീസ് അംഗീകരിക്കാനാവശ്യമായ 50 പേരുടെ പിന്തുണയുണ്ടോയെന്ന് പരിശോധിച്ച സ്പീക്കർ ചർച്ചയ്ക്കുള്ള തീയതി പിന്നീട് നിശ്ചയിച്ച് അറിയിക്കാം എന്ന് വ്യക്തമാക്കി. അടുത്തയാഴ്ച ചർച്ചയ്ക്ക് തയ്യാറെന്ന് ബിജെപി സ്പീക്കറെ അറിയിച്ചു. രാഹുൽ ഗാന്ധിയും സഭയിൽ ഇല്ലാത്ത പശ്ചാത്തലത്തിൽ അവിശ്വാസ ചർച്ച നടക്കട്ടെ എന്ന രാഷ്ട്രീയ തീരുമാനം ഭരണപക്ഷം കൈക്കൊണ്ടു. പ്രതിപക്ഷത്തിന് 2023ലും അവിശ്വാസത്തിന് താൻ അവസരം നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ തെരഞ്ഞെടുപ്പിന് മുമ്പ് പറഞ്ഞതിന്റെ വിഡിയോ പ്രചരിപ്പിച്ചാണ് ബിജെപി പ്രതിപക്ഷ നീക്കത്തെ പരിഹസിക്കുന്നത്.
അവിശ്വാസം ചർച്ചയ്‌ക്കെടുക്കുന്നത് വരെ നയപരമായ തീരുമാനങ്ങളും നിയമനിർമ്മാണവും പാടില്ലെന്ന എൻകെ പ്രേമചന്ദ്രന്റെ വാദത്തിൽ സ്പീക്കർ നാളെ റൂളിങ് നൽകും. ഇത് രണ്ടാം തവണയാണ് നരേന്ദ്ര മോദി അവിശ്വാസ പ്രമേയം നേരിടാൻ പോകുന്നത്. മണിപ്പൂരിൽ പ്രധാനമന്ത്രിയുടെ പ്രസ്താവന ഒഴിവാക്കാൻ നോക്കിയ സർക്കാരിനെ സമ്മർദ്ദത്തിലാക്കാൻ ഈ നീക്കത്തിലൂടെ പ്രതിപക്ഷത്തിനായി.
ഇതിനിടെ മണിപ്പൂരിലെ സംഘർഷം അവസാനിപ്പിക്കാനുള്ള നടപടിയും സർക്കാർ തുടങ്ങിക്കഴിഞ്ഞു. മണിപ്പൂർ സംഘർഷം അവസാനിപ്പിക്കാൻ ഇരു വിഭാഗങ്ങളുമായി കേന്ദ്രം ചർച്ച തുടങ്ങി. കലാപം പൂർണ തോതിൽ ഇനിയും അവസാനിപ്പിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് സർക്കാരിന്റെ നീക്കം. രഹസ്യാന്വേഷണ വിഭാഗവുമായി ചേർന്നാണ് സർക്കാരിന്റെ സമാധാനം പുനഃസ്ഥാപിക്കാനുള്ള നീക്കങ്ങളെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. കുക്കി, മെയ്തി വിഭാഗങ്ങളുമായി രഹസ്യാനേഷ്വണ വിഭാഗം ചർച്ച തുടങ്ങിയതായി റിപ്പോർട്ടുകൾ. മുൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെയടക്കം ചർച്ചയ്ക്കായി നിയോഗിച്ചതെന്നും സൂചനയുണ്ട്.
വടക്കു കിഴക്കൻ സംസ്ഥാനക്കാരായ മുൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ അഡീഷണൽ ഡയറക്ടറുടെ നേതൃത്വത്തിൽ കുക്കി വിഭാഗവുമായി ഇന്നലെ ചർച്ച നടത്തി. നിലവിലെ ഇന്റലിജന്റ്‌സ് ഉദ്യോഗസ്ഥരിൽ ചിലർ മെയ്തി വിഭാഗവുമായി ചർച്ച നടത്തിയതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. വിഷയത്തിൽ കേന്ദ്രത്തിന്റെ നിലപാട് ഉദ്യോഗസ്ഥർ ഇരു വിഭാഗത്തേയും അറിയിച്ചതായും സൂചനകളുണ്ട്.
അതിനിടെ മണിപ്പൂരിൽ സംഘർഷം തുടരുന്നുണ്ട്. ഇന്നലെ മ്യാന്മർ അതിർത്തിയോടു ചേർന്നുള്ള മൊറേയിലാണ് സംഘർഷമുണ്ടായത്. ആയുധങ്ങളുമായെത്തിയ കലാപകാരികൾ നാട്ടുകാരെ ആക്രമിക്കുകയായിരുന്നു. മെയ്തി സമുദായത്തിൽപ്പെട്ട 30 ഓളം പേരുടെ വീടുകൾ അക്രമികൾ തീവെച്ചു നശിപ്പിച്ചു. മൊറേ മാർക്കറ്റും അഗ്‌നിക്കിരയാക്കി. കാംഗ്‌പോങ്പി ജില്ലയിൽ സുരക്ഷാ സൈനികരുടെ രണ്ടു വാഹനം അഗ്‌നിക്കിരയാക്കി. ആളപായമൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ദിമാപൂരിൽ നിന്നെത്തിയ വാഹനം സപോർമെനയിൽ വെച്ച് പ്രദേശവാസികൾ തടഞ്ഞു നിർത്തി. മറ്റു സമുദായക്കാരുണ്ടോയെന്ന് പരിശോധിക്കുന്നതിനിടെ, ഒരു സംഘം തീവെക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.




