- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭാരത് ജോഡോ ന്യായ യാത്രയുടെ ഉദ്ഘാടന വേദിക്ക് അനുമതി നിഷേധിച്ച് മണിപ്പൂർ സർക്കാർ
ഇംഫാൽ: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ യാത്രയുടെ ഉദ്ഘാടന വേദിക്ക് മണിപ്പൂർ സർക്കാർ അനുമതി നിഷേധിച്ചു. ഇംഫാൽ ഇംഫാൽ പാലസ് ഗ്രൗണ്ടിലാണ് ഉദ്ഘാടന വേദി നിശ്ചയിച്ചിരിക്കുന്നത്. ജനുവരി 14 നാണ് യാത്ര ആരംഭിക്കുന്നത്.
സംസ്ഥാനത്തെ പ്രതികൂല സാഹചര്യങ്ങൾ കണക്കിലെടുത്താണ് തീരുമാനമെന്ന് മുഖ്യമന്ത്രി എൻ ബീരേൻ സിങ് അറിയിച്ചു. അനുമതിയുടെ വിഷയം പരിഗണനയിലുണ്ട്. വിവിധ സുരക്ഷാ ഏജൻസികളിൽ നിന്നുള്ള റിപ്പോർട്ടുകൾ ലഭിച്ചതിന് ശേഷം തീരുമാനമെടുക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഭരണഘടനയെ സംരക്ഷിക്കൂ എന്നതാണ് ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഹുൽ നേതൃത്വം നൽകുന്ന ഭാരത് ന്യായ് യാത്രയുടെ മുദ്രാവാക്യം. യാത്രയുടെ ഉദ്ഘാടനം പാലസ് ഗ്രൗണ്ടിൽ നടത്തുന്നതിന് സംസ്ഥാന സർക്കാർ അനുമതി നിഷേധിച്ചു എന്ന് കോൺഗ്രസ് നേതാക്കൾ എഐസിസി ആസ്ഥാനത്തു നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് മണിപ്പൂർ സർക്കാരിന്റെ നടപടിയെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പറഞ്ഞു.
എന്നാൽ യാത്രയുമായി പിന്നോട്ടില്ലെന്ന് കോൺഗ്രസ് വ്യക്തമാക്കി. ഇംഫാലിൽ നിന്നു തന്നെ യാത്ര ആരംഭിക്കും. രാജ്യത്തിന്റെ കിഴക്കു നിന്നും പടിഞ്ഞാറേക്ക് യാത്ര നടത്താനാണ് നിശ്ചയിച്ചിട്ടുള്ളത്. ഇതിൽ നിന്നും മണിപ്പൂരിനെ എങ്ങനെ ഒഴിവാക്കും? അത് ജനങ്ങൾക്ക് നൽകുന്ന സന്ദേശം എന്താകും. ഇംഫാലിലെ പാലസ് ഗ്രൗണ്ടിൽ അനുമതി നൽകിയില്ലെങ്കിൽ മണിപ്പൂരിലെ മറ്റേതെങ്കിലും വേദിയിൽ നിന്നും യാത്ര ആരംഭിക്കുമെന്നും കെസി വേണുഗോപാൽ അറിയിച്ചു.
മണിപ്പൂരിലെ നാലു ജില്ലകളിലൂടെയാണ് ഭാരത് ജോഡോ ന്യായ് യാത്ര കടന്നുപോകുന്നത്. പാലസ് ഗ്രൗണ്ടിൽ അല്ലെങ്കിൽ മണിപ്പൂരിലെ പുതിയ വേദി ഉടൻ പ്രഖ്യാപിക്കുമെന്നും കെസി വേണുഗോപാൽ അറിയിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിലപാടു കൂടി തേടിയശേഷമാണ് മണിപ്പൂർ സർക്കാർ തീരുമാനമെടുത്തതെന്നാണ് റിപ്പോർട്ട്.
ബസിലും കാൽനടയായും ഭാരത്‌ജോഡോ ന്യായ് യാത്രയിൽ രാഹുലും സംഘാംഗങ്ങളും 6,713 കിലോമീറ്റർ സഞ്ചരിക്കും. 110 ജില്ലകളിലായി 100 ലോക്‌സഭാ മണ്ഡലങ്ങളും, 337 നിയമസഭാ മണ്ഡലങ്ങളും 66 ദിവസത്തിനുള്ളിൽ സഞ്ചരിക്കും. മാർച്ച് 20 ന് മുംബൈയിലാണ് സമാപനം.
2023, മെയ് 3 നാണ് മണിപ്പൂരിൽ അക്രമം പൊട്ടിപ്പുറപ്പെട്ടത്. ഇപ്പോഴും സംസ്ഥാനം സംഘർഷ മുക്തമായിട്ടില്ല.