ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതിക്കേസിൽ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ അറസ്റ്റിന് പിന്നാലെ വാക്‌പോരുമായി ആംആദ്മി പാർട്ടി ബിജെപി നേതാക്കൾ നേർക്കുനേർ. ബിജെപിക്കും കേന്ദ്ര സർക്കാരിനുമെതിരെ രൂക്ഷവിമർശനവുമായി എഎപിയും അരവിന്ദ് കെജ്രിവാളടക്കമുള്ള നേതാക്കൾ രംഗത്തെത്തി.

ജനാധിപത്യത്തിലെ കറുത്ത ദിനമെന്ന് വിശേഷിപ്പിച്ച ആംആദ്മി, സിസോദിയയുടെ അറസ്റ്റ് ബിജെപിയുടെ രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമാണെന്നും തുറന്നടിച്ചു. ലോകത്തിലെ ഏറ്റവും മികച്ച വിദ്യാഭ്യാസ മന്ത്രിയെയാണ് ബിജെപി ഇടപെടലിൽ സിബിഐ വ്യാജ കേസിൽ അറസ്‌റ് ചെയ്തത്. ഇതെല്ലാം ബിജെപിയുടെ രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമാണെന്നും പാർട്ടി കുറ്റപ്പെടുത്തി.

ബിജെപിയുടെ വൃത്തികെട്ട രാഷ്ട്രീയമെന്ന് സിസോദിയുടെ അറസ്റ്റെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ട്വീറ്റ് ചെയ്തു. സിസോദിയ നിരപരാധിയാണ്. ഇവിടെ എന്താണ് നടക്കുന്നതെന്ന് രാജ്യത്തെ ജനങ്ങൾക്ക് മനസിലാകും. ജനങ്ങൾ പ്രതികരിക്കുമെന്നും തങ്ങളുടെ പോരാട്ടം ശക്തിപ്പെടുമെന്നും ഡൽഹി മുഖ്യമന്ത്രി കെജ്രിവാൾ പ്രതികരിച്ചു.

ബിജെപിക്ക് എഎപിയെ ഭയമായതിനാലാണ് കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുന്നത് ആതിഷി മർലേന ആരോപിച്ചു. ഇതുകൊണ്ടൊന്നും ആം ആദ്മി പാർട്ടി നേതാക്കൾ ഭയപ്പെടില്ല. ഇപ്പോൾ ഡൽഹിയിലെ വിദ്യാഭ്യാസ മന്ത്രിയായ മനീഷ് സിസോദിയ നാളെ ഈ രാജ്യത്തിന്റെ വിദ്യാഭ്യാസ മന്ത്രിയാകും. മനീഷ് സിസോദിയ കുറ്റക്കാരനാണെന്ന് കോടതിയിൽ തെളിയിക്കാനും ആതിഷി ബിജെപിയെ വെല്ലുവിളിച്ചു.

അതേ സമയം, അറസ്റ്റിന് പിന്നാലെ ബിജെപിക്കും കേന്ദ്ര സർക്കാരിനുമെതിരെ രൂക്ഷ വിമർശനമുന്നയിച്ച ആംആദ്മിക്ക് മറുപടിയുമായി ബിജെപി നേതാവ് കപിൽ മിശ്ര രംഗത്തെത്തി. അടുത്തത് കെജ്രിവാളാണെന്നും ഡൽഹിയിലെ അഴിമതിക്കാർ ജയിലിലേക്ക് പോകുമെന്നും കപിൽ മിശ്ര തുറന്നടിച്ചു.

എട്ട് മണിക്കൂർ നീണ്ടു നിന്ന ചോദ്യം ചെയ്യലിനൊടുവിലാണ് മദ്യനയ കേസിൽ ഡൽഹി ഉപമുഖ്യമന്ത്രിയും ആംആദ്മി പാർട്ടി നേതാവുമായ മനീഷ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തത്. സിബിഐ രജിസ്റ്റർ ചെയ്ത മദ്യ നയ കേസിലെ ഒന്നാം പ്രതിയാണ് സിസോദിയ. അറസ്റ്റിന്റെ പശ്ചാത്തലത്തിൽ സിബിഐ ആസ്ഥാനത്തിന് ചുറ്റും പൊലീസ് നിരോധനാജ്ഞയും വൻ സുരക്ഷയും ഏർപ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും അസൗകര്യം ചൂണ്ടിക്കാട്ടി സിസോദിയ സമയം മാറ്റിച്ചോദിച്ചിരുന്നു.പിന്നീടാണ് 26-ന് ഹാജരാകാൻ സിബിഐ. ആവശ്യപ്പെട്ടത്. ഒക്ടോബറിലായിരുന്നു ഇതിനുമുമ്പ് സിസോദിയയെ സിബിഐ. ചോദ്യം ചെയ്തത്. കേസിൽ ആദ്യംസമർപ്പിച്ച കുറ്റപത്രത്തിൽ അദ്ദേഹത്തിന്റെ പേരുണ്ടായിരുന്നില്ല.

മദ്യനയത്തിലെ ക്രമക്കേടുകളുടെപേരിൽ സിസോദിയ അടക്കം 15 പേർക്കെതിരേയായിരുന്നു കേസെടുത്തിരുന്നത്. ഇ.ഡി.യും കേസന്വേഷിക്കുന്നുണ്ട്. മദ്യനയവുമായി ബന്ധപ്പെട്ട് സിസോദിയ അടക്കം ഇതുവരെ പത്തുപേർ അറസ്റ്റിലായി.

സിസോദിയയെ നാളെ കോടതിയിൽ ഹാജരാക്കുമെന്നാണ് സിബിഐ വൃത്തങ്ങൾ അറിയിക്കുന്നത്. താൻ ഏഴോ എട്ടോ മാസം ജയിലിൽ കഴിയുമെന്ന് ചോദ്യം ചെയ്യലിന് മുന്നോടിയായി സിസോദിയ പറഞ്ഞിരുന്നു. സിസോദിയയുടെ കുടുംബത്തെ സംരക്ഷിക്കുമെന്ന് ഉറപ്പ് നൽകുന്നതായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും അറിയിക്കുകയുണ്ടായി. ജയിലിൽ പോകുന്ന ഡൽഹിയിലെ രണ്ടാമത്തെ മന്ത്രിയാണ് സിസോദിയ. മറ്റൊരു കേസിൽ ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിൻ നിലവിൽ ജയിൽവാസത്തിലാണ്.