ജയ്പൂർ: രാജസ്ഥാനിലെ മേവാത്ത് പിന്നോക്ക പ്രദേശമാണെന്ന് പരിഹസിച്ച ബിജെപി എംഎൽഎമാർക്ക് മറുപടിയുമായി അൽവാറിലെ രാംഗഢിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎ ഷഫിയ സുബൈർ. താനടക്കം മേവ സമുദായത്തിലുള്ളവരെല്ലാം രാമന്റെയും കൃഷ്ണന്റെയും പിന്മുറക്കാരാണെന്ന് ഷാഫിയ സുബൈർ നിയമസഭയിൽ തുറന്നടിച്ചു. മേവ മുസ്ലീങ്ങൾ ഇസ്ലാം മതം സ്വീകരിച്ചിരിക്കാം, എന്നാൽ അവർ യഥാർത്ഥത്തിൽ ഹിന്ദുക്കളായിരുന്നുവെന്നും അവർ രാമന്റെയും കൃഷ്ണന്റെയും പിന്മുറക്കാരാണെന്നും ആയിരുന്നു അവരുടെ വാക്കുകൾ.

'താൻ അടക്കമുള്ള മേവ സമുദായത്തിലെ ആളുകൾ രാമന്റെയും കൃഷ്ണന്റെയും പിന്മുറക്കാരാണ്. ശ്രീകൃഷ്ണൻ ജനിച്ചുവളർന്ന അൽവാർ, ഭരത്പൂർ, നൂഹ്, മഥുര എന്നിവിടങ്ങളിൽ മേവ സമുദായം വസിക്കുന്നുണ്ട്. മേവാത്ത് പ്രദേശങ്ങളിൽ താമസിച്ചിരുന്നവരാണ് മേവ സമുദായക്കാർ'. ഇവരുടെ വംശാവലിയുടെ ഒരു ചെറുചരിത്രം തനിക്കുണ്ടെന്നും എംഎ‍ൽഎ നിയമസഭയിൽ പറഞ്ഞു.

മതം മാറുന്നതിലൂടെ രക്തം മാറുന്നില്ലെന്നും തങ്ങൾ രാമന്റെയും കൃഷ്ണന്റെയും രക്തമാണെന്നും രാംഗറിൽ നിന്നുള്ള എംഎ‍ൽഎ കൂട്ടിച്ചേർത്തു. ഷാഫിയ സുബൈർ പറഞ്ഞത് നൂറ് ശതമാനം ശരിയാണെന്ന് രാജസ്ഥാനിലെ മന്ത്രി പ്രതാപ് സിങ് കചേരിയ പറഞ്ഞു.

ഞങ്ങൾക്ക് രാമന്റെയും കൃഷ്ണന്റെയും രക്തം മാത്രമേ ഉള്ളൂ' എന്നും നിയമസഭയിൽ ചച്ചയ്ക്കിടെ അൽവാറിലെ രാംഗഢിൽ നിന്നുള്ള എംഎൽഎ ഷഫിയ സുബൈർ പറഞ്ഞു. മേവാത്ത് പിന്നോക്ക പ്രദേശമാണെന്ന് പരിഹസിച്ച ബിജെപി എംഎൽഎമാർക്കുള്ള മറുപടിയായിട്ടാണ് ഷാഫിയയുടെ പ്രതികരണം. മേവക്കാർ ക്രിമിനലുകളാണെന്നും പിന്നോക്കാവസ്ഥയിലുള്ളവരാണെന്നും പറയുന്നവർ ഇക്കാര്യങ്ങൾ ഓർക്കണമെന്നും അവർ പറഞ്ഞു.