ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഭരണകാലത്ത് 2019 മുതല്‍ ജമ്മു കശ്മീരില്‍ ഭീകരപ്രവര്‍ത്തനങ്ങളില്‍ എഴുപത് ശതമാനം ഇടിവ് ഉണ്ടായതായി കേന്ദ്ര സര്‍ക്കാര്‍. രാജ്യത്തെ നക്സല്‍ ആക്രമണങ്ങളും കുത്തനെ കുറഞ്ഞു. ആഭ്യന്തര മന്ത്രാലയത്തിന് ഇപ്പോഴും തലവേദന സൃഷ്ടിക്കുന്നത് രാജ്യത്തേക്ക് കടത്തുന്ന മയക്കുമരുന്നുകളാണ്. ഇതിന് നിയന്ത്രിക്കാന്‍ കര്‍ശനമായ നടപടികളുമായി മുന്നോട്ടുപോകുന്നുവെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നു.

ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്ന പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കൗണ്‍സിലിന് മുന്നിലാണ് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം കണക്കുകള്‍ സഹിതം വ്യക്തമാക്കിയത്. കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹനാണ് പാര്‍ലമെന്ററി കമ്മിറ്റിക്ക് മുന്നില്‍ വിവരങ്ങള്‍ നിരത്തിയത്. സംസ്ഥാനത്ത് ഭീകരവാദപ്രവര്‍ത്തനങ്ങളില്‍ 70 ശതമാനം കുറവ് വന്നുവെന്നാണ് ഗോവിന്ദ് മോഹന്‍ കമ്മിറ്റിക്ക് മുമ്പാകെ പറഞ്ഞത്.

കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളായി തീവ്രവാദ കേസുകളില്‍ കുറവുണ്ടെങ്കിലും ലഷ്‌കറെ തയിബ, ജെയ്‌ഷെ മുഹമ്മദ് തുടങ്ങിയ ഭീകരസംഘടനകളില്‍നിന്നു ഭീഷണി തുടരുന്നുണ്ടെന്നും കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹന്‍ വ്യക്തമാക്കി. നരേന്ദ്ര മോദി സര്‍ക്കാര്‍ ഏറ്റവും പ്രാധാന്യം കൊടുക്കുന്നത് ജനങ്ങളുടെ സുരക്ഷയ്ക്കാണെന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ അതിന് അതീവപ്രാധാന്യം നല്‍കുന്നതായും ഗോവിന്ദ് മോഹന്‍ പാനലിന് മുന്‍പാകെ പറഞ്ഞു.

ജമ്മു കശ്മീരിന് പ്രത്യേകപദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 കേന്ദ്രം റദ്ദാക്കിയത് 2019-ലാണ്. ഇതിന് പിന്നാലെ ജമ്മുകശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി മാറ്റുകയും ചെയ്തു. ഇതിന് ശേഷം സംസ്ഥാനത്തിന്റെ ആഭ്യന്തര സുരക്ഷയും ക്രമസമാധാന പാലനവും കേന്ദ്രത്തിന്റെ ഉത്തരവാദിത്തമായി മാറി. 2019-ല്‍ 50 സാധാരണക്കാരാണ് ഭീകരാക്രമണങ്ങളില്‍ ജമ്മുകശ്മീരില്‍ കൊല്ലപ്പെട്ടത്. ഇപ്പോഴിത് 14-ല്‍ താഴെയായി കുറയ്ക്കാന്‍ സാധിച്ചു.

സാധാരണക്കാരെ ലക്ഷ്യമിട്ട് 73 ആക്രമണങ്ങളാണ് 2019-ല്‍ സംസ്ഥാനത്ത് ഉണ്ടായത്. ഇപ്പോഴിത് 10-ല്‍ താഴെയായി കുറഞ്ഞു. 286 കേസുകളാണ് 2019-ല്‍ ഭീകരവാദപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്നത്. 2024 നവംബര്‍ വരെയുള്ള കണക്കുകള്‍ പ്രകാരം അത് 40 എണ്ണം മാത്രമാണ്. 2019-ല്‍ 96 ആക്രമണങ്ങളാണ് സുരക്ഷാ സേനയ്ക്കെതിരെ മാത്രം ഉണ്ടായത്. 2020-ല്‍ ഇത് 111 കേസുകളായി ഉയര്‍ന്നു. എന്നാല്‍ പിന്നീട് സുരക്ഷാസേനയ്ക്കെതിരെ ഉണ്ടാകുന്ന ആക്രമണങ്ങള്‍ ഗണ്യമായി കുറയുന്ന കാഴ്ചയാണ് ഉണ്ടായത്. 2019-നെ അപേക്ഷിച്ച് നോക്കുമ്പോള്‍ 2023-ല്‍ വെറും 15 ആക്രമണങ്ങള്‍ മാത്രമാണ് ഉണ്ടായത്.

2019-ല്‍ 77 സുരക്ഷാ ഉദ്യോഗസ്ഥരാണ് ഭീകരാക്രമണങ്ങളില്‍ വീരമൃത്യുവരിച്ചത്. 2023-ലും 2024-ലും ഇത് 11 ആയി കുറഞ്ഞു. മാത്രമല്ല ജമ്മുകശ്മീരിലേക്ക് ഉണ്ടാകുന്ന നുഴഞ്ഞുകയറ്റവും ഗണ്യമായി കുറഞ്ഞു. 2019-ല്‍ 141 നുഴഞ്ഞുകയറ്റ ശ്രമങ്ങളാണ് കണ്ടെത്തിയത്. 2024-ല്‍ അത് വെറും മൂന്നായി കുറഞ്ഞു. ഭീകരവാദികളെ വധിക്കുന്ന കാര്യത്തിലും കുറവ് വന്നിട്ടുണ്ട്.

2019-ല്‍ ആകെ 149 ഭീകരവാദികളായാണ് സുരക്ഷാസേന വെടിവെച്ച് കൊന്നത്. 2024 ആയപ്പോഴേക്കും അത് 44 ആയി കുറഞ്ഞു. ഇത് സൂചിപ്പിക്കുന്നത് സംസ്ഥാനത്ത് ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ കുറയുന്നുവെന്നാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ കണക്കുകളില്‍ പറയുന്നു.