ചെന്നൈ: തമിഴ്നാട്ടിൽ ബിജെപിക്ക് പ്രവേശനമില്ലെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. സംസ്ഥാനത്ത് ബിജെപിയുടെ 'മോദി മാജിക്' ഫലിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കരൂരിൽ ഡി.എം.കെ. സംഘടിപ്പിച്ച 'മുപ്പെരും വിഴ' എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു സ്റ്റാലിൻ.

പെരിയാർ ഇ.വി. രാമസാമിയുടെ ജന്മദിനം, സി.എൻ. അണ്ണാദുരൈയുടെ അനുസ്മരണം, ഡി.എം.കെ. സ്ഥാപകദിനം എന്നിവ ഒരുമിച്ച് ആഘോഷിക്കുന്ന പരിപാടിയിൽ, ഡി.എം.കെ. സർക്കാരിന്റെ വികസന ക്ഷേമ പദ്ധതികളെക്കുറിച്ച് സ്റ്റാലിൻ വിശദീകരിച്ചു. തമിഴ്നാട്ടിൽ കേന്ദ്രം നടത്തുന്ന സാംസ്കാരിക, ഭരണപരമായ അടിച്ചേൽപ്പിക്കലുകളെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു. ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങളും വിദ്യാഭ്യാസ ധനസഹായം തടഞ്ഞുവെച്ചതും ഇതിന്റെ ഭാഗമാണെന്ന് സ്റ്റാലിൻ ആരോപിച്ചു.

മുൻ മുഖ്യമന്ത്രിയും എ.ഐ.എ.ഡി.എം.കെ. നേതാവുമായ എടപ്പാടി പളനിസ്വാമി, റെയ്ഡുകളിൽ നിന്ന് രക്ഷപ്പെടാൻ പാർട്ടിയുടെ സ്വാതന്ത്ര്യം ബിജെപിക്ക് അടിയറ വെച്ചുവെന്നും സ്റ്റാലിൻ കുറ്റപ്പെടുത്തി. പഴയ 'അണ്ണായിസം' ഇപ്പോൾ 'അടിമത്വം' ആയി മാറിയെന്നും അദ്ദേഹം പരിഹസിച്ചു. അഴിമതി ആരോപണങ്ങളെത്തുടർന്ന് മന്ത്രിസ്ഥാനം രാജിവെച്ച സെന്തിൽ ബാലാജിയുടെ സാന്നിധ്യവും ശ്രദ്ധേയമായിരുന്നു.