- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇനി എത്ര കോടി തന്നാലും ആ പദ്ധതി ഇവിടെ നടക്കില്ല; നിലപാടുകളിൽ വെള്ളം ചേർക്കാൻ ഇല്ലെന്നും മറുപടി; ചർച്ചയായി പിഎം ശ്രീയിലെ എം കെ സ്റ്റാലിന്റെ വാക്കുകൾ
ചെന്നൈ: കേന്ദ്രസർക്കാരിന്റെ പിഎം ശ്രീ പദ്ധതിയിൽ തമിഴ്നാട് ഒപ്പുവെക്കില്ലെന്ന മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ നിലപാട് ദേശീയ തലത്തിൽ ചർച്ചയാകുന്നു. ഘടകകക്ഷികളുടെ എതിർപ്പുകളെ അവഗണിച്ച് കേരളം പദ്ധതിയിൽ ചേർന്നതിന് പിന്നാലെയാണ് തമിഴ്നാടിന്റെ ഈ നിലപാട് പ്രാധാന്യം നേടുന്നത്.
ദേശീയ വിദ്യാഭ്യാസ നയം (NEP) 2020, ത്രിഭാഷാ നയം എന്നിവ നടപ്പാക്കാനുള്ള നിബന്ധനകളെ അംഗീകരിക്കില്ലെന്ന് സ്റ്റാലിൻ വ്യക്തമാക്കി. പദ്ധതിയിലൂടെ തമിഴ്നാടിന്റെ വിദ്യാഭ്യാസ മേഖലയിൽ സംഘ്പരിവാർ അജണ്ടകൾ നടപ്പാക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്കൂളുകളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനോടും അടിസ്ഥാന സൗകര്യ വികസനത്തോടും തമിഴ്നാടിന് എതിർപ്പില്ലെന്നും, എന്നാൽ ദേശീയ വിദ്യാഭ്യാസ നയം പൂർണ്ണമായി നടപ്പാക്കുന്നതിനെ അംഗീകരിക്കില്ലെന്നും അദ്ദേഹം വിശദീകരിച്ചു. ത്രിഭാഷാ നയം സംസ്ഥാനത്തിന്റെ ദ്വിഭാഷാ നയത്തിനും സാമൂഹിക നീതിക്കും എതിരാണെന്നും ഇതിൽ വിട്ടുവീഴ്ചക്കില്ലെന്നും കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്.
ഈ നിലപാടിൽ ഉറച്ചുനിന്നതിന്റെ പേരിൽ സമഗ്ര ശിക്ഷാ പദ്ധതിക്ക് കീഴിൽ സംസ്ഥാനത്തിന് അർഹതപ്പെട്ട ഏകദേശം 2,152 കോടി രൂപയുടെ കേന്ദ്ര വിഹിതം തടഞ്ഞുവെച്ചത് ഫെഡറലിസത്തിന്റെ ലംഘനമാണെന്ന് സ്റ്റാലിൻ ആരോപിച്ചു. ഫണ്ട് നൽകാതെ സംസ്ഥാനത്തെ സമ്മർദ്ദത്തിലാക്കുന്നത് വിദ്യാർത്ഥികളോടും ജനങ്ങളോടും ചെയ്യുന്ന വഞ്ചനയാണെന്നും രാഷ്ട്രീയ പ്രതികാരമാണെന്നും അദ്ദേഹം പറഞ്ഞു. 1968ലെ ദ്വിഭാഷാനയത്തിൽ മാറ്റമില്ലെന്നും സ്റ്റാലിൻ ആവർത്തിച്ചു.
കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ പിഎം ശ്രീ പദ്ധതി നടപ്പാക്കിയില്ലെങ്കിൽ തമിഴ്നാടിന് 5000 കോടി രൂപ നഷ്ടമാകും എന്ന് ഭീഷണിയുടെ സ്വരത്തിൽ പ്രതികരിച്ചപ്പോൾ, "രണ്ടായിരമല്ല, പതിനായിരം കോടി തന്നാലും ഈ പദ്ധതി ഇവിടെ നടക്കില്ല" എന്നായിരുന്നു സ്റ്റാലിന്റെ ശക്തമായ മറുപടി.




