ചെന്നൈ: 2024ൽ നടക്കുന്ന പൊതു തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ്‌നാട്ടിൽ നിന്ന് മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ വിഷയത്തിൽ പ്രതികരിച്ച് സംസ്ഥാന ബിജെപി അദ്ധ്യക്ഷൻ കെ അണ്ണാമലൈ. മേഖലകളുടെ അതിർത്തികൾ പ്രധാനമന്ത്രി ഭേദിച്ചു. അകത്തുള്ള ആളാണെന്ന നിലയിലാണ് പരിഗണിക്കുന്നതെന്നും പുറത്തുള്ള ആൾ എന്ന നിലയിലല്ലെന്നും അണ്ണാമലൈ വ്യക്തമാക്കുന്നു. വാർത്താ ഏജൻസിയായ എഎൻഐയുടെ പോഡ്കാസ്റ്റിലാണ് അണ്ണാമലൈ ഈ കാര്യം പറഞ്ഞത്.

'അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി മോദി തമിഴ്‌നാട്ടിൽ നിന്നുതന്നെ ജനവിധി തേടണം. അദ്ദേഹം തമിഴ്‌നാട്ടിൽ നിന്ന് മത്സരിക്കുമെന്ന വിവരം മാധ്യമങ്ങളിലൂടെ പടരുന്നുണ്ട്. ഞാൻ പലയിടങ്ങളിലും ചെല്ലുമ്പോൾ ജനങ്ങൾ ഇക്കാര്യം ചോദിക്കുന്നുണ്ട്. തമിഴ്‌നാട്ടിൽ നിന്ന് മോദി മത്സരിക്കുകയാണെങ്കിൽ തമിഴരിൽ ഒരാളാണെന്ന വികാരം ഉണ്ടാവുകയും അത് വോട്ടായി മാറുകയും ചെയ്യും.

രാമനാഥപുരത്തുനിന്ന് മോദി മത്സരിക്കുമെന്ന അഭ്യൂഹം കേൾക്കുന്നു. തൂത്തുക്കുടിയിലെ ചായക്കടകളിൽ പോലും ഇതു സജീവ ചർച്ചയാണ്'- അണ്ണാമലൈ പറയുന്നു. ജാതി,തമിഴ് വികാരമാണ് തമിഴ്‌നാട്ടിലെ വോട്ടർമാർ സാധാരണ പരിഗണിക്കുന്നതെങ്കിലും മോദി മത്സരിച്ചാൽ ഇതെല്ലാം അപ്രസക്തമാകുമെന്നും വലിയ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നുമാണ് പ്രാദേശിക ബിജെപി നേതാക്കളും പറയുന്നത്. എന്നാൽ മോദി മത്സരിക്കാൻ തമിഴ്‌നാട്ടിൽ എത്തുമോ എന്നത് സംബന്ധിച്ച് ഒരു സൂചനയും പാർട്ടി ദേശീയ നേതാക്കൾ നൽകിയിട്ടില്ല.

സാധാരണയായി ജാതി, തമിഴ് വികാരം എല്ലാം വോട്ടെടുപ്പിൽ നിർണായകമാണെന്നും എന്നാൽ മോദി മൽസരിക്കാനിറങ്ങിയാൽ ഇതെല്ലാം അപ്രസക്തമാകുമെന്നുമാണു പ്രാദേശിക ബിജെപി നേതാക്കളുടെ വാദം. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലെ വാരാണസി, ഗുജറാത്തിലെ വഡോദര എന്നിവിടങ്ങളിൽനിന്നാണ് മോദി ജനവിധി തേടിയത്. രണ്ടിടത്തും വിജയിച്ച മോദി പക്ഷേ, വരാണാസിയുടെ ജനപ്രതിനിധിയായാണ് സഭയിൽ എത്തിയത്. 2019ൽ ഈ വിജയം അദ്ദേഹം ആവർത്തിക്കുകയും ചെയ്തു.