- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
1951-52 ൽ ലോക്സഭയിലേക്കും നിയമസഭകളിലേക്കും ഒന്നിച്ചായിരുന്നു തിരഞ്ഞെടുപ്പ്; 1957 തൊട്ട് അതിന് മാറ്റം വന്നു; പ്രത്യേക പാർലമെന്റ് സമ്മേളനത്തിന്റെ ലക്ഷ്യം 'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' ആശയം? ഡിസംബറിൽ നിയമസഭയിലേക്കും ലോക്സഭയിലേക്കും വോട്ടെടുപ്പ് നടക്കുമോ? മോദിയുടെ മനസ്സിൽ എന്തെന്ന് ആർക്കും അറിയില്ല; പ്രത്യേക പാർലമെന്റ് സമ്മേളനത്തിന്റെ അജണ്ടയിൽ ചർച്ച പല വിധം
ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം കേരളത്തിൽ നിയമസഭാ തിരിഞ്ഞെടുപ്പ് നടക്കുമോ? ഡിസംബറിൽ ഇന്ത്യ മുഴുവൻ തിരഞ്ഞെടുപ്പിലേക്ക് കടക്കുമോ എന്ന ചർച്ചയും സജീവം. എല്ലാം സസ്‌പെൻസാണ്. കേന്ദ്ര സർക്കാർ ചില നിർണ്ണായക തീരുമാനം എടുത്തുവെന്നാണ് റിപ്പോർട്ട്. പ്രതിപക്ഷ സഖ്യമായ 'ഇന്ത്യ'യെ തകർക്കാനുള്ള നീക്കമായും വിലയിരുത്തലുകൾ എത്തുന്നു.
സെപ്റ്റംബർ 18 മുതൽ 22 വരെ നടക്കാനിരിക്കുന്ന പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ ഒരു 'രാജ്യം, ഒരു തിരഞ്ഞെടുപ്പ്' സംബന്ധിച്ച് നിയമനിർമ്മാണം നടന്നേക്കുമെന്ന് സൂചന. പ്രത്യേക സമ്മേളനത്തിന്റെ അജൻഡയെ കുറിച്ചുള്ള വെളിപ്പെടുത്തലുകളൊന്നും സർക്കാർ നടത്തിയിട്ടില്ലെങ്കിലും ഇതു സംബന്ധിച്ച ബിൽ സഭയിൽ വരാൻ ഇടയുണ്ടെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കൂടാതെ ഏക സിവിൽ കോഡ്, സ്ത്രീ സംവരണം തുടങ്ങിയ ബില്ലുകളും പ്രത്യേക സമ്മേളനത്തിൽ കൊണ്ടുവരാൻ സാധ്യതയുണ്ടെന്നും ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അങ്ങനെ വന്നാൽ അത് പുതിയ ചർച്ചകൾക്ക് വഴിവയ്ക്കും.
ലോക്സഭയിലേക്കും സംസ്ഥാന നിയമസഭകളിലേയ്ക്കും ഒറ്റ തിരഞ്ഞെടുപ്പ് എന്ന ആശയം ഏറെക്കാലമായി ബിജെപി മുന്നോട്ടുവെക്കുന്നുണ്ട്. എന്നാൽ ഇതിനെതിരേ പ്രതിപക്ഷ കക്ഷികൾക്കിടയിൽനിന്നടക്കം എതിർപ്പ് ഉയർന്നിരുന്നു. ബിജെപിക്കെതിരായ പ്രതിപക്ഷ മുന്നണിയിലെ പല പാർട്ടികളും സംസ്ഥാന തലത്തിൽ രണ്ടിടത്താണ്. കേരളത്തിൽ കോൺഗ്രസും സിപിഎമ്മും എതിർ ചേരിയിലാണ്. നിയമസഭാ തിരഞ്ഞെടുപ്പിൽ ഇവർ പരസ്പരം വാശിയോടെ മത്സരിക്കും. ഇതോടെ ലോക്‌സഭയിലെ ഐക്യം പൊളിയും. സമാന സാഹചര്യം പല സംസ്ഥാനത്തുമുണ്ടാകും.
ഡൽഹിയിലും പഞ്ചാബിലും ആംആദ്മി പാർട്ടിയും കോൺഗ്രസും സംസ്ഥാന ഭരണത്തിനായി രംഗത്തു വരും. അങ്ങനെ അവിടേയും പൊതു പ്രതിപക്ഷം വിജയിക്കില്ല. ഇതെല്ലാം അതിജീവിച്ച് പ്രതിപക്ഷ സഖ്യം ഉണ്ടായാലും ബിജെപിക്ക് അത് മറ്റൊരു തലത്തിൽ ഗുണം ചെയ്യും. എല്ലാ സംസ്ഥാനത്തും ഭരണ കക്ഷിയോ പ്രതിപക്ഷത്തെ ഒന്നാം പാർട്ടിയായോ ബിജെപി മാറും. ഇതെല്ലാം മനസ്സിൽ വച്ചാണ് ബിജെപിയുടെ നീക്കം.
ഒറ്റ തിരഞ്ഞെടുപ്പു നടത്തുന്നത് പൊതുഖജനാവിന് വലിയ ലാഭമുണ്ടാക്കുമെന്നും വികസന പദ്ധതികൾക്കുണ്ടാകുന്ന തടസ്സം ഒഴിവാകുമെന്നുമാണ് കേന്ദ്രസർക്കാർ ചൂണ്ടിക്കാട്ടുന്നത്. ഒറ്റ തിരഞ്ഞെടുപ്പ് നടത്തുന്നതിലെ സാധ്യതകൾ തിരഞ്ഞെടുപ്പ് കമ്മിഷനുൾപ്പെടെയുള്ളവരുമായി ചേർന്ന് പാർലമെന്റ് പാനൽ നേരത്തെ പരിശോധിച്ചിരുന്നു. വിശദമായ നിയമ പരിശോധനകൾ നടക്കുകയാണ് എന്നാണ് സൂചന.
ഒറ്റ തിരഞ്ഞെടുപ്പിനായി ഭരണഘടന ഭേദഗതി ചെയ്യുമ്പോൾ അഞ്ചോളം അനുച്ഛേദങ്ങളിൽ മാറ്റം വരുത്തേണ്ടിവരും. പാർലമെന്റിന്റെ കാലാവധി, സംസ്ഥാന സഭകളുടെ കാലാവധി, സംസ്ഥാന സഭകൾ പിരിച്ചുവിടൽ, ലോക്‌സഭ പിരിച്ചുവിടൽ, സംസ്ഥാനങ്ങളിൽ രാഷ്ട്രപതിഭരണം ഏർപ്പെടുത്തൽ എന്നിവയുമായി ബന്ധപ്പെട്ട അനുച്ഛേദങ്ങളിലാണ് മാറ്റം വരുത്തേണ്ടിവരിക.
പാർലമെന്റിന്റെ പ്രത്യേക സമ്മേളനം സെപ്റ്റംബർ 18 മുതൽ 22 വരെ ചേരുമെന്ന് കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി പ്രഹ്ളാദ് ജോഷി നേരത്തെ അറിയിച്ചിരുന്നു. അഞ്ചുദിവസവും ക്രിയാത്മകമായ ചർച്ചകൾ നടക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞിരുന്നു. അതേസമയം, അഞ്ചുദിവസത്തെ സമ്മേളനത്തിലെ കാര്യപരിപാടികൾ എന്തൊക്കെയാണെന്നതിൽ കേന്ദ്രം വ്യക്തത വരുത്തിയില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കേയുള്ള പ്രത്യേക സമ്മേളനത്തിൽ എന്തൊക്കെ അജൻഡകളാണ് കേന്ദ്രസർക്കാർ മുന്നോട്ടുവെക്കുന്നത് എന്നത് നിർണായകമാണ്.
പത്യേക സമ്മേളനമെന്ന പേരിലാണ് അഞ്ചുദിവസത്തേക്ക് ലോക്സഭയും രാജ്യസഭയും ചേരുന്നത്. പാർലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷിയാണ് അഞ്ചുദിവസത്തെ പ്രത്യേക സമ്മേളനം ചേരുമെന്ന് അറിയിച്ചത്. എന്നാൽ എന്താണ് അജണ്ടയെന്ന് മന്ത്രി വ്യക്തമാക്കിയില്ല. അമൃതകാലത്തിൽ അർത്ഥവത്തായ ചർച്ചകളും സംവാദങ്ങളും പാർലമെന്റിൽ പ്രതീക്ഷിക്കുന്നതായി മാത്രം പ്രഹ്ലാദ് ജോഷി പറഞ്ഞു. അഞ്ച് സംസ്ഥാന നിയമസഭകളിലെ തിരഞ്ഞെടുപ്പിനൊപ്പം ലോക്സഭാ തെരഞ്ഞെടുപ്പ് ഡിസംബറിൽ നടത്താൻ കേന്ദ്രസർക്കാർ ആലോചിക്കുന്നതായി പ്രതിപക്ഷത്തെ ചില നേതാക്കൾ അഭിപ്രായപ്പെട്ടതിന് പിന്നാലെയാണ് പ്രത്യേക സമ്മേളനം വിളിച്ചതെന്നതും ശ്രദ്ധേയം.
'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' എന്ന ആശയം ആർഎസ്എസും ബിജെപിയും 1990 കളുടെ അവസാനം മുതൽ മുന്നോട്ടുവെയ്ക്കുന്നതാണ്. 1999 ലെ ലോ കമ്മിഷൻ റിപ്പോർട്ടിലും ഈ നിർദ്ദേശം ഉൾപ്പെടുത്തി. 2014 ലെ ബിജെപിയുടെ പ്രകടനപത്രികയിലും 'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' ഉൾപ്പെട്ടു. 2017 ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു പൊതുചടങ്ങിൽ ഈ ആശയം മുന്നോട്ടുവെച്ചു. അതേ വർഷം നിതി ആയോഗിന്റെ ഭാഗമായി ചേർന്ന മുഖ്യമന്ത്രിമാരുടെ സമ്മേളനത്തിലും മോദി നിർദ്ദേശം ആവർത്തിച്ചു.
2019 ൽ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷവും പലവട്ടം മോദി 'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' ആശയം ആവർത്തിച്ചു. തെരഞ്ഞെടുപ്പ് പല ഘട്ടങ്ങളിലായി നടക്കുന്നത് വികസനത്തെ ബാധിക്കുന്നുവെന്ന വാദമാണ് പ്രധാനമന്ത്രിയുടേത്. നിലവിലെ നിയമ കമീഷനും 'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' വിഷയത്തിൽ രാഷ്ട്രീയ പാർട്ടികളുടെ അഭിപ്രായം തേടിയിരുന്നു. ഭൂരിഭാഗം പാർട്ടികളും ആശയത്തോട് വിയോജിക്കുകയാണുണ്ടായത്.
1951-52 ൽ ലോക്സഭയിലേക്കും നിയമസഭകളിലേക്കും ഒന്നിച്ചായിരുന്നു തിരഞ്ഞെടുപ്പ്. 1957 തൊട്ട് സ്ഥിതിയിൽ മാറ്റംവന്നു തുടങ്ങി. നിലവിൽ ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം ഒഡീഷ, ആന്ധ്ര, സിക്കിം, അരുണാചൽ സംസ്ഥാനങ്ങളിലേക്ക് മാത്രമാണ് നിയമസഭാ തിരഞ്ഞെടുപ്പ്.




