- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ആചാരാനുഷ്ഠാനങ്ങളെ കളിയാക്കുന്നവര്‍ സമൂഹത്തിലെ ഐക്യം തകര്‍ക്കാന്‍ നോക്കുന്നവര്‍; അടിമ മനോഭാവമുള്ളവര്‍ ഹിന്ദു വിശ്വാസത്തെ ആക്രമിക്കുന്നു; വിദേശ പിന്തുണയോടെ രാജ്യത്തെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുന്നു'; പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരെ നരേന്ദ്ര മോദി
പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരെ നരേന്ദ്ര മോദി
ന്യൂഡല്‍ഹി: പ്രയാഗ്രാജില്‍ നടക്കുന്ന മഹാകുംഭമേളയെ പ്രതിപക്ഷ പാര്‍ട്ടികള്‍ അപമാനിക്കുന്നുവെന്ന് വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അടിമ മനോഭാവമുള്ളവര്‍ ഹിന്ദു വിശ്വാസത്തെ ആക്രമിക്കുകയാണെന്ന് മോദി പറഞ്ഞു. ആചാരാനുഷ്ഠാനങ്ങളെ കളിയാക്കുന്നവര്‍ സമൂഹത്തിലെ ഐക്യം തകര്‍ക്കാന്‍ ശ്രമിക്കുന്നവരാണ്. രാജ്യത്തെ ബലഹീനമാക്കാന്‍ വിദേശ ശക്തികള്‍ ശ്രമിക്കുന്നുണ്ട്.. അത്തരം വിദേശ ശക്തികള്‍ സമൂഹത്തെ ഭിന്നിപ്പിച്ച് ഐക്യം തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കൊപ്പം നില്‍ക്കുന്നുവെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.
ഒരുവിഭാഗം നേതാക്കള്‍ ഹിന്ദുവിശ്വാസങ്ങളെ പരിഹസിക്കുകയും വിദേശ പിന്തുണയോടെ രാജ്യത്തെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുകയുമാണ്. ഇത്രവലിയ കൂട്ടായ്മ സ്വാഭാവികമായും എല്ലാവരെയും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഐക്യത്തിന്റെ പ്രതീകമായി കുംഭമേള ഭാവി തവമുറയെ പ്രചോദിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. മധ്യപ്രദേശിലെ ബാഗേശ്വര്‍ ധാം മെഡിക്കല്‍ ആന്‍ഡ് സയന്‍സ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ശിലാസ്ഥാപന ചടങ്ങില്‍ വെച്ചാണ് മോദിയുടെ പരാമര്‍ശം.
മതത്തെ പരിഹസിക്കുന്ന അപമാനിക്കുന്ന, ജനങ്ങളെ തമ്മില്‍ ഭിന്നിപ്പിക്കുന്ന ചില നേതാക്കളുണ്ട്. ഇങ്ങനെയുള്ളവര്‍ പലകാലങ്ങളിലുമുണ്ടായിട്ടുണ്ട്. ഇത്തരക്കാരെ ഉപയോഗിച്ച് പലപ്പോഴും വിദേശ ശക്തികള്‍ രാജ്യത്തെയും മതത്തെയും ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ട്. ഇത്തരം അടിമത്വ മനോഭാവത്തിലേക്ക് വീണുപോയവര്‍, നമ്മുടെ വിശ്വാസത്തെയും, ക്ഷേത്രങ്ങളെയും, മതത്തിനെയും സംസ്‌കാരത്തെയും മൂല്യങ്ങളെയുമെല്ലാം നിരന്തരം ആക്രമിച്ചുകൊണ്ടിരിക്കുകയാണെന്നും മോദി പറഞ്ഞു.
സ്വാഭാവികമായി പുരോഗമനപരമായ വിശ്വാസത്തെയും സംസ്‌കാരത്തെയും ആക്രമിക്കാന്‍ അവര്‍ ധൈര്യപ്പെടുന്നു. നമ്മുടെ സമൂഹത്തെ വിഭജിച്ച്, ഐക്യത്തെ തകര്‍ക്കുക എന്നതാണ് അവരുടെ അജണ്ട. മഹാകുംഭമേള വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. ദശലക്ഷക്കണക്കിന് ആളുകള്‍ ഇതിനോടകം ത്രിവേണിയില്‍ പുണ്യസ്‌നാനം നടത്തി അനുഗ്രഹം നേടി. ഈ മഹത്തായ സംഭവത്തില്‍ എല്ലാവരും സ്വാഭാവികമായും ആശ്ചര്യപ്പെടുന്നു. ഈ മഹാകുംഭമേള ഭാവി തലമുറകളെ ഐക്യത്തിന്റെ പ്രതീകമായി പ്രചോദിപ്പിക്കും. മോദി പറഞ്ഞു.
കഴിഞ്ഞ ദിവസം പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പ്രയാഗ്രാജിലെ ആത്മീയ സംഗമം മൃത്യു കുംഭമായി മാറിയെന്ന് വിമര്‍ശനമുന്നയിച്ചിരുന്നു. കുംഭമേളക്കിടയില്‍ മരണപ്പെട്ടവരുടെ യഥാര്‍ഥ കണക്ക് മറച്ചുവെച്ചിരിക്കുകയാണെന്നും അവര്‍ ആരോപിച്ചു. ഇത് വലിയ വിവാദങ്ങള്‍ക്കായിരുന്നു വഴി തുറന്നത്.
മഹാ കുംഭമേള മരണ കുംഭമേളയായെന്നായിരുന്നു മമതബാനര്‍ജിയുടെ പ്രസ്താവന. മുന്നൊരുക്കങ്ങളിലടക്കം ബിജെപി സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയമാണെന്നും, പോസ്റ്റ് മോര്‍ട്ടം പോലും നടത്താതെയാണ് ദുരന്തത്തില്‍ മരിച്ച ബംഗാള്‍ സ്വദേശികളുടെ മൃതദേഹം നാട്ടിലേക്ക് അയച്ചതെന്നും മമത വിമര്‍ശിച്ചിരുന്നു.
മഹാകുംഭമേളയെയും ഗംഗാ മാതാവിനെയും താന്‍ ബഹുമാനിക്കുന്നു. ഇത് 'മൃത്യു കുംഭമേള'യാണ്. മരണസംഖ്യ കുറയ്ക്കാന്‍ ബിജെപി സര്‍ക്കാര്‍ നൂറുകണക്കിന് മൃതദേഹങ്ങള്‍ ഒളിപ്പിച്ചു. സമ്പന്നര്‍ക്കും വിഐപികള്‍ക്കും ഒരു ലക്ഷം രൂപ വരെ വിലയുള്ള ക്യാമ്പുകള്‍ (ടെന്റുകള്‍) ലഭിക്കാന്‍ സംവിധാനങ്ങളുണ്ട്. ദരിദ്രര്‍ക്ക് കുംഭമേളയില്‍ ഒരു ക്രമീകരണവുമില്ല.
ഒരു മേളയില്‍ തിക്കിലും തിരക്കിലും പെടുന്നത് സാധാരണമാണ്. പക്ഷേ കൃത്യമായ ക്രമീകരണങ്ങള്‍ ഒരുക്കേണ്ടത് പ്രധാനമാണ്. എന്ത് ആസൂത്രണമാണ് നടത്തിയതെന്നും യോഗി ആദിത്യനാഥിനെ വിമര്‍ശിച്ച് മമത ചോദിച്ചിരുന്നു. മമതയുടെ പരാമര്‍ശം ഹൈന്ദവ വിരുദ്ധമാണെന്നും, പരമ്പരാഗത ഹിന്ദു ആചാരങ്ങളെ അവര്‍ നിരന്തരം അപമാനിക്കുകയാണെന്നും ബിജെപി വിമര്‍ശിച്ചു.