അഹമ്മദാബാദ്: ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്, ഏക സിവില്‍ കോഡ് എന്നതിലേക്ക് രാജ്യം നീങ്ങുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏക സിവില്‍ കോഡ് രാജ്യത്ത് മുന്‍ വിധിയോടെയുള്ള സമീപനം ഇല്ലാതാക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ എല്ലാ തെരഞ്ഞെടുപ്പുകളും ഒരു ദിവസത്തിലോ നിശ്ചിത സമയപരിധിക്കുള്ളിലോ സമന്വയിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള 'ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്' എന്ന നിര്‍ദ്ദേശം ഉടന്‍ പാസാക്കുമെന്നും അത് യാഥാര്‍ത്ഥ്യമാകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ 149-ാം ജന്മവാര്‍ഷികത്തില്‍ ഗുജറാത്തിലെ സ്റ്റാച്യു ഓഫ് യൂണിറ്റിയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഞങ്ങള്‍ ഇപ്പോള്‍ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' എന്ന ആശയം നടപ്പിലാക്കാന്‍ വേണ്ടി പ്രയത്‌നിക്കുകയാണ്. ഇന്ത്യയുടെ ജനാധിപത്യത്തെ ശക്തിപ്പെടുത്താനും വികസിത ഇന്ത്യ എന്ന ലക്ഷ്യത്തിലേയ്ക്ക് അതിവേഗം മുന്നേറാനും ഇത് സഹായിക്കും' പ്രധാനമന്ത്രി പറഞ്ഞു. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിന് പുറമെ രാജ്യത്ത് ഏകീകൃത സിവില്‍ കോഡും യാഥാര്‍ത്ഥ്യമാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു. ആര്‍ട്ടിക്കിള്‍ 370 എന്നെന്നേക്കുമായി ഇല്ലാതാക്കിയെന്ന് അദ്ദേഹം പറഞ്ഞു. ഒരു തരത്തിലുള്ള വിവേചനവുമില്ലാതെ ജമ്മു കശ്മീരില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടന്നു. ഇന്ത്യന്‍ ഭരണഘടന അനുസരിച്ച് ആദ്യമായി ഒരു മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്തു. ഈ കാഴ്ചകള്‍ ഇന്ത്യന്‍ ഭരണഘടന സൃഷ്ടിച്ചവരെ അങ്ങേയറ്റം ആനന്ദിപ്പിക്കുന്നുണ്ടാകുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

''വിഘടനവാദത്തിന്റെയും ഭീകരവാദത്തിന്റെയും പഴക്കമുള്ള അജണ്ട ജമ്മു കശ്മീരിലെ ജനങ്ങള്‍ തള്ളിക്കളഞ്ഞു. അവര്‍ ഇന്ത്യന്‍ ഭരണഘടനയെ, ഇന്ത്യന്‍ ജനാധിപത്യത്തെ വിജയിപ്പിച്ചിരിക്കുകയാണ്. 70 വര്‍ഷമായി നടക്കുന്ന കുപ്രചാരണങ്ങള്‍ തങ്ങളുടെ വോട്ടുകൊണ്ട് അവസാനിപ്പിച്ചു. ദേശീയ ഐക്യ ദിനമായ ഇന്ന് ഞാന്‍ ജമ്മു കശ്മീരിലെ ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു. കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍, ദേശീയ ഐക്യത്തിന് ഭീഷണിയായ നിരവധി പ്രശ്‌നങ്ങള്‍ ഇന്ത്യ പരിഹരിച്ചു. ഇന്ത്യയെ ദ്രോഹിക്കുന്നത് ഫലം നല്‍കില്ലെന്ന് തീവ്രവാദികളുടെ യജമാനന്മാര്‍ ഇപ്പോള്‍ മനസിലാക്കുന്നു'' പ്രധാനമന്ത്രി പറഞ്ഞു.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ നിരവധി വെല്ലുവിളികളെ അഭിമുഖീകരിച്ചു. സംഭാഷണത്തിലൂടെയും വിശ്വാസത്തിലൂടെയും വികസനത്തിലൂടെയും വിഘടനവാദത്തിന്റെ തീജ്വാലകള്‍ ഞങ്ങള്‍ കെടുത്തി. ബോഡോ, ബ്രൂ-റിയാങ് കരാറുകള്‍ സമാധാനവും സ്ഥിരതയും സ്ഥാപിച്ചു. നാഷനല്‍ ലിബറേഷന്‍ ഫ്രണ്ട് ഓഫ് ത്രിപുരയുടെ ഉടമ്പടി ദീര്‍ഘകാലമായി നിലനിന്നിരുന്ന അസ്വസ്ഥതകള്‍ക്ക് വിരാമമിട്ടു. സമാധാനം, വികസനം, സമൃദ്ധി എന്നിവയിലൂടെ ഇന്ത്യ മുന്നേറുകയാണ്. അസമും മേഘാലയയും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കം പരിഹരിച്ചു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ചരിത്രം എഴുതപ്പെടുമ്പോള്‍, നക്‌സലിസം എന്ന രോഗത്തെ ഇന്ത്യ എങ്ങനെ പിഴുതെറിഞ്ഞു എന്നതിന് ഒരു അധ്യായം ഉണ്ടാകുമെന്നും നരേന്ദ്ര മോദി പറഞ്ഞു.

കാഴ്ചപ്പാടും ദിശാബോധവും നിശ്ചയദാര്‍ഢ്യവുമുള്ള ഒരു ഇന്ത്യ നമ്മുടെ മുന്നിലുണ്ട്. ലോകത്തിന്റെ വലിയ പ്രക്ഷുബ്ധതയ്ക്കിടയില്‍ അതിവേഗം വികസിക്കുന്നത് സാധാരണമല്ല. യുദ്ധസമയത്ത് ഇന്ത്യ ഒരു വിശ്വബന്ധുവായി ഉയര്‍ന്നുവരുന്നത് സാധാരണമല്ല. ലോകത്ത് ഒരു രാജ്യവും മറ്റൊരു രാജ്യവും തമ്മിലുള്ള അകലം വര്‍ധിക്കുമ്പോള്‍, ലോക രാജ്യങ്ങള്‍ ഇന്ത്യയോട് അടുക്കുകയാണ്. ഇതൊരു പുതിയ ചരിത്രമാണ്. നിശ്ചയദാര്‍ഢ്യത്തോടെ ഇന്ത്യ എങ്ങനെയാണ് പ്രശ്നങ്ങള്‍ പരിഹരിക്കുന്നതെന്ന് ഇന്ന് ലോകം കാണുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

പതിവ് തെറ്റിക്കാതെ ദീപാവലി ആഘോഷം

എല്ലാതവണത്തേയും പോലെ ഇത്തവണയും സൈനികര്‍ക്കൊപ്പമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ദീപാവലി ആഘോഷിച്ചത്. ഗുജറാത്തിലെ കച്ചില്‍ ഇന്ത്യ-പാക് അതിര്‍ത്തിയില്‍ വിന്യസിച്ചിരിക്കുന്ന ബി എസ് എഫ് സൈനികര്‍ക്കൊപ്പമാണ് അദ്ദേഹം ദീപാവലി ദിനം ആഘോഷിച്ചത്. സന്ദര്‍ശനവേളയില്‍ സര്‍ ക്രീക്കിന് സമീപത്തെ ലക്കി നാലയിലെ സൈനികര്‍ക്ക് പ്രധാനമന്ത്രി മധുരം നല്‍കി. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള തര്‍ക്ക പ്രദേശമാണ് സര്‍ ക്രീക്ക്.

സര്‍ ക്രീക്ക് ചാനലിന്റെ ഭാഗമാണ് ലക്കി നാലാ. പട്രോളിംഗ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് വളരെ വെല്ലുവിളി നിറഞ്ഞ ഒരു ചതുപ്പ് പ്രദേശമുള്ള ക്രീക്ക് അതിര്‍ത്തിയുടെ ആരംഭ പോയിന്റാണിത്. പാകിസ്താനില്‍ നിന്നുള്ള മയക്കുമരുന്ന് കടത്തുകാരും ഭീകരരും പലപ്പോഴും ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നത് ഈ മേഖലയിലൂടെയാണ്. പ്രതികൂല സാഹചര്യങ്ങള്‍ക്കിടയിലും ഇന്ത്യയുടെ അതിര്‍ത്തി സുരക്ഷിതമാണെന്ന് ഉറപ്പാക്കുന്നതിന് ബിഎസ്എഫ് സൈനികരെ പ്രധാനമന്ത്രി മോദി പ്രശംസിച്ചു.

മേഖലയിലുണ്ടായ മാറ്റങ്ങളെക്കുറിച്ച് സൈനികരോട് പ്രധാനമന്ത്രി ചോദിച്ചറിഞ്ഞു. അവര്‍ ജോലിയില്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളും പുതുതായി എന്തെങ്കിലും മാറ്റങ്ങള്‍ ആവശ്യമുണ്ടോയെന്നും അദ്ദേഹം ചോദിച്ച് മനസിലാക്കി. ഒരുമണിക്കൂറോളം മേഖലയില്‍ ചിലവഴിച്ച പ്രധാനമന്ത്രി ക്രീക്ക് ഏരിയയിലൂടെ ബോട്ട് യാത്രയും നടത്തിയാണ് മടങ്ങിയത്.