ന്യൂഡൽഹി: സനാതന ധർമം ഉന്മൂലനം ചെയ്യണമെന്ന തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിന്റെ വിവാദ പരാമർശത്തിൽ തക്കതായ പ്രതികരണം ആവശ്യമാണെന്ന് മന്ത്രിമാരോട് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജി-20 ഉച്ചകോടിക്ക് മുന്നോടിയായി കേന്ദ്രമന്ത്രിമാരുടെ യോഗത്തിലാണ് മോദി ഇതാദ്യമായി വിവാദത്തിൽ പ്രതികരിച്ചത്.

സനാതന ധർമം ഉന്മൂലനം ചെയ്യപ്പെടണമെന്ന ഉദയനിധിയുടെ പ്രസ്താവനയ്‌ക്കെതിരെ ബിജെപി കഴിഞ്ഞ ദിവസങ്ങളിൽ വ്യാപക വിമർശനങ്ങൾ ഉയർത്തിയിരുന്നു. സംഭവത്തിൽ മാപ്പ് പറയില്ലെന്ന് ആവർത്തിച്ച ഉദയനിധി, പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിന് പ്രസിഡന്റ് ദ്രൗപദി മുർമുവിനെ ക്ഷണിക്കാത്തത് സനാതന ധർമത്തിലെ ജാതിവിവേചനത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണെന്നും ബുധനാഴ്ച വ്യക്തമാക്കി. ഇതിനുപിന്നാലെയാണ് വിഷയത്തിൽ മോദിയുടെ പ്രതികരണം.

'ചരിത്രത്തിലേക്കു പോകേണ്ടതില്ല. ഭരണഘടന പ്രകാരമുള്ള വസ്തുതകളിൽ ഉറച്ചു നിൽക്കുക. വിഷയത്തിന്റെ നിലവിലെ സ്ഥിതിയെക്കുറിച്ചും സംസാരിക്കണം' പ്രധാനമന്ത്രി പറഞ്ഞു.

അതേസമയം, ഇന്ത്യയുടെ പേര് ഭാരത് എന്നു മാറ്റുന്നുവെന്ന പ്രചാരണവുമായി ബന്ധപ്പെട്ട വിവാദത്തിൽ മന്ത്രിമാർ മറുപടി നൽകേണ്ടതില്ലെന്നും പ്രധാനമന്ത്രി നിർദ്ദേശം നൽകി. ഉത്തരവാദപ്പെട്ടവർ മാത്രമേ ഇക്കാര്യത്തിൽ പ്രതികരിക്കേണ്ടതുള്ളൂവെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

പരിഹാസവുമായി തരൂർ

പ്രതിപക്ഷസഖ്യത്തിന്റെ പേര് 'ഭാരത്' എന്നാക്കണമെന്ന് നിർദ്ദേശിച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ എംപി. സമൂഹമാധ്യമമായ എക്‌സ് പ്ലാറ്റ്ഫോമിലൂടെയായിരുന്നു ശശി തരൂരിന്റെ പ്രതികരണം. 'ഭാരത്' (അലയൻസ് ഫോർ ബെറ്റർമെന്റ്, ഹാർമണി ആൻഡ് റെസ്പോൺസിബിൾ അഡ്വാൻസ്മെന്റ് ഫോർ ടുമോറോ) (Alliance for Betterment, Harmony And Responsible Advancement for Tomorrow) 'ഭാരത്' എന്ന പേരിട്ടാൽ കേന്ദ്രസർക്കാർ ബുദ്ധിശൂന്യമായ കളി അവസാനിപ്പിക്കുമെന്നും തരൂർ പരിഹസിച്ചു.

ഇന്ത്യയെ 'ഭാരത്' എന്നാക്കുന്നതിൽ ഭരണഘടനാപരമായ എതിർപ്പില്ലെന്നും എന്നാൽ ഇന്ത്യയെന്ന പേര് ഒഴിവാക്കുന്ന മണ്ടത്തരം കേന്ദ്ര സർക്കാർ ചെയ്യില്ലെന്നാണു കരുതുന്നതെന്നും കഴിഞ്ഞ ദിവസം ശശി തരൂർ പ്രതികരിച്ചിരുന്നു

സനാതനധർമം മലേറിയ, കൊതുക്, കൊറോണ എന്നിവയൊക്കെ പോലെ ഉന്മൂലനം ചെയ്യപ്പെടേണ്ടതുണ്ടെന്ന ഉദയനിധി സ്റ്റാലിന്റെ പ്രസ്താവന രാജ്യവ്യാപകമായി വിവാദമായിരിക്കുകയാണ്. സമത്വത്തിനും സമൂഹനീതിക്കും എതിരായി നിൽക്കുന്ന ഒന്നാണ് സനാതനമെന്നും അതിന്റെ അർഥം തന്നെ 'മാറ്റാൻ സാധിക്കാത്തത്', 'ആർക്കും ചോദ്യം ചെയ്യാാൻ സാധിക്കാത്തത്' എന്നിവയാണെന്നും അദ്ദേഹം പ്രസംഗത്തിനിടെ പറഞ്ഞു. തമിഴ്‌നാട് പ്രോഗ്രസീവ് റൈറ്റേഴ്‌സ് ഫോറം സംഘടിപ്പിച്ച സനാതനധർമ അബോലിഷൻ കോൺക്ലേവിൽ പങ്കെടുക്കുന്നതിനിടെ ഉദയനിധി നടത്തിയ പരാമർശമാണ് അദ്ദേഹത്തിന്റെ തലക്ക് 10 കോടിരൂപവരെ വിലയിടുന്ന രീതിയിൽ വൻവിവാദമായി വളർന്നത്.

തമിഴ്‌നാട്ടിൽ നടക്കുന്ന ദ്രാവിഡ-ഹിന്ദുത്വ രാഷ്ട്രീയ പോരിന്റെ ഒരു തുടർച്ചയാണ് ഉദയനിധി സ്റ്റാലിന്റെ പ്രസ്താവന. ഡി.എം.കെ. നേതാക്കളെ കൂടാതെ പെരിയാർ രാമസ്വാമി നായ്ക്കരുടെ ആശയങ്ങൾ പിന്തുടരുന്ന മറ്റ് തമിഴ്-ദ്രാവിഡ സംഘടനാ നേതാക്കളും സമാന പ്രസ്താവനകൾ മുൻപ് നടത്തിയിട്ടുണ്ട്. നേരത്തെ പെരിയാർ ഇ വി രാമസ്വാമി നേതൃത്വത്തിൽ ഭഗവത്ഗീത കത്തിക്കവരെ ചെയ്ത നാടാണ് ഇത്. അവിടെ ദ്രാവിഡ രാഷ്ട്രീയത്തെ വെട്ടി ഹൈന്ദവ രാഷ്ട്രീയം കൊണ്ടുവരാനാണ് ബിജെപി ശ്രമിക്കുന്നത്. ബിജെപി പ്രസിഡന്റ് അണ്ണാെൈമല അടക്കമുള്ളർ ഇതിനായി കൊണ്ട് പിടിച്ച് ശ്രമിക്കുന്നതിനിടെയാണ് പുതിയ വിവാദം ഉണ്ടാവുന്നത്.

പക്ഷേ സനാതന ധർമ്മത്തെ വിമർശിക്കുന്ന ഡിഎംകെക്ക് ഇതുവരെ തമിഴ്‌നാടിന്റെ ജാതിഭ്രാന്തിന് പരിഹാരം ഉണ്ടാക്കാൻ കഴിയാത്തതും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാണ്. ഒരു നൂറ്റാണ്ടിന് മുമ്പ് കേരളത്തിൽ നിലനിന്നിരുന്ന ജാതിഭീകരത തമിഴ്‌നാട്ടിൽ പലയിടത്തും പ്രത്യേകിച്ച് ഗ്രാമീണമേഖലകളിൽ ഇന്നും അതിശക്തമായി നിലനിൽക്കുന്നവെന്ന് വിവിധ പഠനങ്ങൾ പറയുന്നുണ്ട്. ഇത് പരിഹരിക്കാൻ കഴിയാതെ വെറുതെ വാചകമടികൾ മാത്രമാണ് ഡിഎംകെ നടത്തുന്നത് എന്നും ആക്ഷേപമുണ്ട്.