- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'മോദിക്ക് കുഴിമാടം ഒരുങ്ങിയെന്ന മുദ്രാവാക്യം വിളിക്കുന്നവർ നിരാശയുടെ പടുകുഴിയിൽ; രാജ്യത്തെ ജനങ്ങൾ എല്ലായിടത്തും മോദിയുടെ താമര വിരിയുമെന്നാണ് ആർപ്പുവിളിക്കുന്നത്'; കോൺഗ്രസിന് മറുപടി നൽകി പ്രധാനമന്ത്രി
ന്യൂഡൽഹി: തനിക്കെതിരേ കോൺഗ്രസ് പ്രവർത്തകർ ഉയർത്തിയ വിവാദ മുദ്രവാക്യത്തിന് മറുപടി നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. 'മോദീ, തേരി കബർ ഖുദേഗി' (മോദീ നിങ്ങളുടെ ശവക്കുഴി തോണ്ടും) എന്ന് കോൺഗ്രസ് പറയുമ്പോൾ 'മോദീ, തേരി കമൽ ഖിലേഗാ' (മോദീ നിങ്ങളുടെ താമര വിരിയും) എന്നാണ് രാജ്യവും ജനങ്ങളും പറയുന്നതെന്ന് പ്രധാനമന്ത്രി പ്രതികരിച്ചു. മേഘാലയയുടെ തലസ്ഥാനമായ ഷില്ലോങ്ങിൽ തിരഞ്ഞെടുപ്പു റാലിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഫെബ്രുവരി 27-നാണ് മേഘാലയയിൽ തിരഞ്ഞെടുപ്പ്.
മോദിക്കായി കുഴിമാടം ഒരുങ്ങിയെന്ന് മുദ്രാവാക്യം വിളിക്കുന്ന ചിലരുണ്ട്. നിരാശയുടെ പടുകുഴിയിൽ വീണവരാണ് അങ്ങനെ മുദ്രാവാക്യം വിളിക്കുന്നത്. എന്നാൽ ഇന്ത്യയിലെ ജനങ്ങൾ എല്ലായിടത്തും മോദിയുടെ താമര വിരിയുമെന്നാണ് ആർപ്പുവിളിക്കുന്നതെന്നും പ്രധാനമന്ത്രി റാലിയിൽ പറഞ്ഞു. കുടുംബത്തേക്കാൾ ജനങ്ങൾക്ക് പ്രഥമ പരിഗണന നൽകുന്ന സർക്കാരിനെയാണ് മേഘാലയ ആഗ്രഹിക്കുന്നതെന്നും മോദി പറഞ്ഞു.
നിന്ദ്യമായി ചിന്തിക്കുകയും നിന്ദ്യമായ ഭാഷ ഉപയോഗിക്കുകയും ചെയ്യുന്നവർക്ക് രാജ്യം തക്കമറുപടി നൽകുമെന്നും മോദി പറഞ്ഞു. രാജ്യത്താൽ തിരസ്‌കരിക്കപ്പെട്ട, രാജ്യം ഇനി അംഗീകരിക്കാൻ തയ്യാറല്ലാത്തവർ ഇപ്പോൾ 'മോദീ, നിങ്ങളുടെ ശവക്കുഴി തോണ്ടു'മെന്ന് മുദ്രാവാക്യം മുഴക്കുകയാണ്. എന്നാൽ രാജ്യം പറയുന്നു, 'മോദീ നിങ്ങളുടെ താമര വിരിയു'മെന്ന്, പ്രധാനമന്ത്രി പറഞ്ഞു.
മതം നോക്കിയല്ല സർക്കാർ ഇടപെടുന്നത്. കേരളത്തിലെ നഴ്‌സുമാരെ ഭീകരരുടെ പിടിയിൽ നിന്ന് മോചിപ്പിച്ചു. അവർ പലരും ക്രിസ്ത്യൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് പഠിച്ചു പോയവരായിരുന്നു. താലിബാൻ തടവിലാക്കിയ ഫാദർ അലക്‌സ് പ്രേംകുമാറിനെയും മോചിപ്പിക്കാനായി. വൈദികനെ മോചിപ്പിക്കും എന്ന് ബിജെപി സർക്കാർ കുടുംബത്തിന് വാക്ക് നൽകിയിരുന്നു. സഭാധ്യക്ഷനും തന്നെ വന്നു കണ്ടു. അവർക്ക് നൽകിയ വാക്ക് പാലിക്കാൻ കഴിഞ്ഞുവെന്ന് മോദി പറഞ്ഞു. കോൺഗ്രസ് ആദിവാസികൾക്കായി നീക്കിവെച്ച ബജറ്റിനേക്കാൾ അഞ്ച് ഇരട്ടിയാണ് ബിജെപി വകയിരുത്തിയത്. 300 കോടിയോളം രൂപ കർഷകരുടെ അക്കൗണ്ടിലേക്ക് നേരിട്ട് എത്തിയെന്നും അദ്ദേഹം പറഞ്ഞു.
വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ പണം എടിഎമ്മിൽ എന്നപോലെ കോൺഗ്രസ് നേതാക്കൾ ഡൽഹിയിലേക്ക് കടത്തിക്കൊണ്ടുപോയെന്ന് നാഗാലാൻഡ് തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെ മോദി വിമർശിച്ചിരുന്നു. ബിജെപിയുടെ കാലത്ത് ഒരു പൈസ പോലും പുറത്തു പോയില്ല. വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ ബിജെപിക്ക് അഷ്ട ലക്ഷമിയെ പോലെയാണ്. വടക്കൻ സംസ്ഥാനങ്ങളോട് മുൻപുണ്ടായിരുന്ന കാഴ്ചപ്പാട് തന്നെ ബിജെപിയുടെ കാലത്ത് മാറിയെന്നും മോദി കൂട്ടിച്ചേർത്തു.
മറുനാടന് മലയാളി ബ്യൂറോ