- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു സംസ്ഥാനത്ത് ഗുസ്തി, മറ്റൊരു സംസ്ഥാനത്ത് ദോസ്തി എന്ന കോൺഗ്രസ്-സിപിഎം നിലപാട് കേരളത്തിലെ ജനങ്ങൾ കാണുന്നുണ്ട്; വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലേത് പോലെ കേരളത്തിലും ബിജെപി സർക്കാരുണ്ടാക്കും; നോർത്ത് ഈസ്റ്റിലെ വിജയത്തോടെ ആത്മവിശ്വാസമുണ്ടെന്നും പ്രധാനമന്ത്രി
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ജനങ്ങളെ അഭിസംബോധന ചെയ്ത് നരേന്ദ്ര മോദി.കോൺഗ്രസ്സ് സിപിഎം സഖ്യമുണ്ടാക്കിയിട്ടും പരാജയപ്പെട്ട സാഹചര്യത്തിൽ പതിവിന് വിപരീതമായി കേരളത്തെക്കുറിച്ചുള്ള പ്രത്യാശകൂടി പങ്കുവച്ചായിരുന്നു നരേന്ദ്ര മോദിയുടെ പ്രസംഗം.'മേഘാലയയും നാഗാലാൻഡും ത്രിപുരയും പോലെ ബിജെപി കേരളത്തിലും സർക്കാരുണ്ടാക്കുമെന്നും സിപിഎം ഗുസ്തിയും ദോസ്തിയും ജനങ്ങൾ കാണുന്നുണ്ടെന്നും മോദി പറഞ്ഞു. ഡൽഹിയും വടക്കു കിഴക്കൻ സംസ്ഥാനങ്ങളും തമ്മിലുള്ള അന്തരം കുറഞ്ഞതായും അദ്ദേഹം അഭിപ്രായപ്പെട്ടു.
'മേഘാലയയും നാഗാലാൻഡും ത്രിപുരയും പോലെ ബിജെപി കേരളത്തിലും സർക്കാരുണ്ടാക്കും. ഒരു സംസ്ഥാനത്ത് ഗുസ്തി, മറ്റൊരു സംസ്ഥാനത്ത് ദോസ്തി എന്ന കോൺഗ്രസ്-സിപിഎം നിലപാട് കേരളത്തിലെ ജനങ്ങൾ കാണുന്നുണ്ട്.ന്യൂനപക്ഷങ്ങൾക്കെതിരാണ് ബിജെപിയെന്ന മിഥ്യാധാരണ കേരളത്തിലും തകർക്കപ്പെടുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
വർഷങ്ങളായി ബിജെപിയുടെ പേരിൽ ന്യൂനപക്ഷങ്ങളെ ഭീഷണിയിലാഴ്‌ത്തുന്നുണ്ട്.ഗോവയ്ക്ക് ശേഷം ക്രിസ്ത്യൻ സമൂഹം താമസിക്കുന്ന വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും ഈ മിഥ്യ തകർന്ന് തുടങ്ങിയിരിക്കുന്നു. പ്രതിപക്ഷത്തെ തുറന്ന് കാട്ടപ്പെടുകയാണ്. നമുക്കെതിരെയുള്ള മിഥ്യാധാരണ കേരളത്തിലും തകർക്കപ്പെടുമെന്ന് ഞങ്ങൾ ഇപ്പോൾ ആത്മവിശ്വാസത്തിലാണ്' പ്രധാനമന്ത്രി പറഞ്ഞു.
ഇന്നത്തെ ഫലം കോൺഗ്രസിന്റെ ചിന്താഗതിയെ തുറന്ന് കാട്ടുന്നതാണ്. അത് ചെറിയ സംസ്ഥാനങ്ങളല്ലേയെന്നും അതിന് പ്രാധാന്യം നൽകേണ്ടതില്ലെന്നുമാണ് അവരുടെ വാദം.ഇത് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ജനവിധിയേയും അവിടുത്തെ ജനങ്ങളേയും അപമാനിക്കലാണ്. ബിജെപിയുടെ വിജയ രഹസ്യം ത്രിവേണിയാണെന്നും പ്രധാനമന്ത്രി വിശദീകരിച്ചു.
ബിജെപിയുടേത് കഠിനാധ്വാനത്തിന്റെ വിജയമാണ്. ജനാധിപത്യത്തിലുള്ള ജനങ്ങളുടെ വിശ്വാസമാണ് തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത്. ക്രിസ്ത്യൻ സഹോദരങ്ങൾ ബിജെപിക്കൊപ്പം നിന്നു.മോദിക്ക് ശവക്കുഴി തോണ്ടാൻ ചിലർ ആഗ്രഹിച്ചതിന് ശേഷവും താമര വിരിഞ്ഞു. നോർത്ത് ഈസ്റ്റിനെ പാടെ മറന്ന പാർട്ടിയാണ് കോൺഗ്രസ്. അതുകൊണ്ടാണ് അവരെ ജനം കയ്യൊഴിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
'പല രാഷ്ട്രീയ നിരീക്ഷകരും ബിജെപിയുടെ വിജയത്തിന്റെ രഹസ്യം മനസ്സിലാക്കാൻ ശ്രമിക്കുന്നുണ്ട്.നമ്മുടെ ചില അഭ്യുദയകാംക്ഷികൾക്കും അതിന്റെ കാരണം അറിയണം. 'ത്രിവേണി'യാണ് അതിന്റെ കാരണം. ത്രിവേണിയെന്നാൽ മൂന്ന് ധാരകളുടെ സംയോജനമാണ്. അതിൽ ഒന്നാമത്തേത് ബിജെപി സർക്കാരുകളുടെ പ്രവർത്തനം. രണ്ടാമത്തേത് ബിജെപിയുടെ പ്രവർത്തന ശൈലിയാണ്. മൂന്നാമത്തേത് ബിജെപിയുടെ പ്രവർത്തകരാണ്' മോദി കൂട്ടിച്ചേർത്തു.
നാഗാലാൻഡ്, ത്രിപുര, മേഘാലയ സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പുകളിൽ ത്രിപുരയിലും നാഗാലാൻഡിലും ബിജെപി സഖ്യം ഭരണം നിലനിർത്തി. ആർക്കും ഭൂരിപക്ഷമില്ലാത്ത മേഘാലയയിൽ എൻപിപിക്ക് ബിജെപി പിന്തുണ പ്രഖ്യാപിച്ചു.
മറുനാടന് മലയാളി ബ്യൂറോ