- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സത്യപ്രതിജ്ഞ നാളെ നടക്കാനിരിക്കെ സ്പീക്കർ ചർച്ചകൾ തുടരും
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ നാളെ എൻഡിഎ സർക്കാർ ആധികാരത്തിലേറും. നാളെ വൈകൂട്ടാണ് സത്യപ്രതിജ്ഞ. അവസാനവട്ട മന്ത്രിസഭാ രൂപീകരണ ചർച്ചകളാണ് ഡൽഹിയിൽ നടന്നത്. ഇതിനിടെ മന്ത്രിമാരുടെ പട്ടിക ഇന്ന് രാത്രിയോ നാളെ രാവിലെയോ തയാറാകുമെന്ന് ബിജെപി വൃത്തങ്ങൾ അറിയിച്ചു. ഇന്നലെ രാത്രി ജെ.പി.നദ്ദയുടെ വസതിയിൽ സഖ്യകക്ഷി നേതാക്കളുടെ യോഗം വിളിച്ചിരുന്നു.
ടിഡിപിയും ജെഡിയുവും നാല് മന്ത്രിസ്ഥാനങ്ങൾ വീതം വേണമെന്ന് ആവശ്യപ്പെട്ടു. സഖ്യ കക്ഷി നേതാക്കളുമായി ഇന്ന് ധാരണയുണ്ടാക്കുമെന്ന് ബിജെപി നേതാക്കൾ വ്യക്തമാക്കി. സ്പീക്കർ സ്ഥാനത്തിന്റെ കാര്യത്തിൽ ചർച്ചകൾ തുടരാനാണ് ധാരണ. പത്തുവർഷത്തെ ഏകകക്ഷി ഭരണരീതിക്കുപകരം സഖ്യം, സമവായം, സംവാദം എന്നീ സമീപനങ്ങൾ ആദ്യമായി ഉയർത്തി കേന്ദ്രത്തിൽ എൻ.ഡി.എ.യുടെ കൂട്ടുകക്ഷി ഭരണം അധികാരത്തിലേക്ക് നീങ്ങുന്നത്. അംഗബലം കുറവായതിന്റെ മാറ്റങ്ങൾ ഇന്നലത്തെ യോഗത്തിലും പ്രകടമായിരുന്നു. ബിജെപി പദത്തേക്കാൾ എൻഡിഎ എന്ന പദത്തിലാണ് കഴിഞ്ഞ ദിവസം കൂടുതൽ പ്രാധാന്യം ലഭിച്ചത്.
വെള്ളിയാഴ്ച രാവിലെ ചേർന്ന എൻ.ഡി.എ. പാർലമെന്ററി പാർട്ടി യോഗം മോദിയെ നേതാവായി തിരഞ്ഞെടുത്തിരുന്നു സഖ്യത്തെക്കുറിച്ചും സമവായത്തെക്കുറിച്ചും ഭരണഘടനാമൂല്യങ്ങളെക്കുറിച്ചും പ്രതിപാദിച്ചുകൊണ്ടാണ് മോദി വീണ്ടും എൻ.ഡി.എ.യുടെ പുതിയ നേതൃത്വം ഏറ്റെടുത്തത്. സർക്കാരുണ്ടാക്കാൻ ഭൂരിപക്ഷവും സഖ്യമുണ്ടാക്കാൻ സമവായവുമാണ് അനിവാര്യമെന്ന് എൻ.ഡി.എ.യോഗത്തിൽ മോദി പറഞ്ഞു. ചർച്ചചെയ്ത് അഭിപ്രായസമവായത്തിലൂടെ തീരുമാനമെടുക്കുകയാണ് എൻ.ഡി.എ.യുടെ രീതിയെന്നും കൂട്ടിച്ചേർത്തു.
ഭരണഘടനയെ വന്ദിച്ചുകൊണ്ടാണ് വെള്ളിയാഴ്ച രാവിലെ എൻ.ഡി.എ. പാർലമെന്ററി പാർട്ടി യോഗത്തിനായി പഴയ പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ മോദിയെത്തിയത്. 11.30-ന് ചേർന്ന യോഗം മോദിയെ കക്ഷിനേതാവായി തിരഞ്ഞെടുത്തതോടെ സർക്കാർ രൂപവത്കരണത്തിന്റെ ആദ്യഘട്ടം നടപടികൾക്ക് തുടക്കമായി. യോഗത്തിൽ മുതിർന്ന നേതാവ് രാജ്നാഥ് സിങ്ങാണ് മോദിയുടെ പേര് നേതൃസ്ഥാനത്തേക്ക് നിർദ്ദേശിച്ചത്. മുതിർന്ന ബിജെപി. നേതാക്കളായ അമിത് ഷാ, നിതിൻ ഗഡ്കരി, എൻ.ഡി.എ. ഘടകകക്ഷി നേതാക്കളായ എൻ. ചന്ദ്രബാബു നായിഡു, നിതീഷ് കുമാർ, ഏക്നാഥ് ഷിന്ദേ, എച്ച്.ഡി. കുമാരസ്വാമി, പവൻ കല്യാൺ, അനുപ്രിയ പട്ടേൽ, ചിരാഗ് പസ്വാൻ, ജിതൻ റാം മാഞ്ചി എന്നിവർ നിർദ്ദേശത്തെ പിന്തുണച്ചു.
എൻ.ഡി.എ. സഖ്യത്തിന്റെ തുടക്കംമുതൽ ടി.ഡി.പി. ഭാഗമാണെന്നും തുടർന്നും സഖ്യത്തിനൊപ്പം ഉറച്ചുനിൽക്കുമെന്നും നേതാവ് എൻ. ചന്ദ്രബാബു നായിഡു പറഞ്ഞു. ജെ.ഡി.യു. ഇനിയെന്നും മോദിക്കൊപ്പമുണ്ടായിരിക്കുമെന്ന് നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറും വ്യക്തമാക്കി. മറ്റ് കക്ഷിനേതാക്കളും മോദിയെ ശ്ലാഘിച്ചു.
വൈകീട്ട് കക്ഷിനേതാക്കൾക്കൊപ്പം രാഷ്ട്രപതി ഭവനിലെത്തി രാഷ്ട്രപതി ദ്രൗപദി മുർമുവിനെക്കണ്ട് സർക്കാർ രൂപവത്കരണത്തിനുള്ള അവകാശവാദം മോദി ഉന്നയിച്ചു. സഖ്യകക്ഷികളുടെ പിന്തുണക്കത്തുകളും മോദി കൈമാറി. തുടർന്ന് സർക്കാർ രൂപവത്കരിക്കാൻ മോദിയെ രാഷ്ട്രപതി ക്ഷണിച്ചു.
അതേസമയം കഴിഞ്ഞ 5 വർഷമായി ലോക്സഭയിലും ബിജെപി പരിപാടികളിലും മുഴങ്ങിയിരുന്ന 'ജയ് ശ്രീറാം' വിളികൾ ഇന്നലെ എൻഡിഎ പാർലമെന്ററി പാർട്ടി യോഗത്തിലുണ്ടായില്ല. പകരം 'ജയ് ജഗന്നാഥ്' എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി എംപിമാരും വിളിച്ചത്. മോദിയുടെ ഒന്നേകാൽ മണിക്കൂർ പ്രസംഗത്തിലും നേട്ടങ്ങളുടെ പട്ടികയിൽ രാമക്ഷേത്ര നിർമ്മാണം പരാമർശിച്ചില്ലെന്നതും ശ്രദ്ധേയമായി.
17ാം ലോക്സഭയിൽ സ്പീക്കർ സഭയിലേക്കു വരുമ്പോൾ 'ജയ്ശ്രീറാം' വിളികളോടെയായിരുന്നു ബിജെപി അംഗങ്ങൾ സ്വാഗതം ചെയ്തിരുന്നത്. തുടക്കത്തിൽ പ്രതിപക്ഷം അതിനെതിരെ ശബ്ദമുയർത്തിയിരുന്നെങ്കിലും ഇത് സ്ഥിരമായതോടെ അവർ നിശബ്ദരായി. സഭയിൽ മോദിയുടെ പ്രസംഗങ്ങൾക്കിടയിലും ഇതു വിളിക്കുമായിരുന്നു.
ഇത്തവണ ബിജെപി ഫൈസാബാദിലടക്കം തോൽക്കുകയും ഒഡീഷയിൽ വൻ ജയം നേടുകയും ചെയ്തിരുന്നു. ഫലം വന്ന ശേഷം ബിജെപി ആസ്ഥാനത്ത് ചേർന്ന യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രസംഗം തുടങ്ങിയത് 'ജയ് ജഗന്നാഥ്' എന്നു വിളിച്ചുകൊണ്ടായിരുന്നു. ഇന്നലെ പാർലമെന്ററി പാർട്ടി യോഗത്തിൽ കേരളമടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെയും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെയും വിജയം മോദി പരാമർശിച്ചിരുന്നു.