ന്യൂഡല്‍ഹി: ഹരിയാനയിലെ ബിജെപിയുടെ തുടര്‍ച്ചയായ മൂന്നാം ഊഴം വികസനത്തിന്റെയും സദ്ഭരണത്തിന്റെയും രാഷ്ട്രീയ വിജയമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രണ്ടുസംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതികരിക്കുകയായിരുന്നു മോദി. ഹരിയാനയിലെ 90 അംഗ സഭയില്‍ ബിജെപി 47 സീറ്റില്‍ ജയിച്ചെന്നും ഒരുസീറ്റില്‍ മുന്നിട്ട് നില്‍ക്കുകയാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പ്രധാനമന്ത്രി എക്‌സില്‍ പോസ്റ്റിട്ടത്.

സംസ്ഥാനത്തെ ജനങ്ങളെ അദ്ദേഹം നന്ദി അറിയിച്ചു. പാര്‍ട്ടിക്ക് ഒരിക്കല്‍ കൂടി വ്യക്തമായ ഭൂരിപക്ഷം നല്‍കിയതിന് അദ്ദേഹം ജനങ്ങളെ അഭിവാദ്യം ചെയ്തു. ചരിത്ര വിജയം ആര്‍ജ്ജിക്കാനായി കഠിന പ്രയത്‌നം ചെയ്ത എല്ലാ പാര്‍ട്ടി പ്രവര്‍ത്തകരെയും മോദി അഭിനന്ദിച്ചു.

അതേസമയം ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ വോട്ടുവിഹിതത്തില്‍ വലിയ അന്തരമില്ല. 7 മണിക്ക് കിട്ടിയ വിവരപ്രകാരം .9 ശതമാനത്തിന്റെ അന്തരം മാത്രം. ബിജെപിക്ക് 39.94 ശതമാനവും കോണ്‍ഗ്രസിന് 39.09 ശതമാനവും.


നാഷണല്‍ കോണ്‍ഫറന്‍സിന് അഭിനന്ദനം

ജമ്മു-കശ്മീരില്‍ ഭരണത്തിലേറുന്ന നാഷണല്‍ കോണ്‍ഫറന്‍സിനെ പ്രധാനമന്ത്രി അഭിനന്ദിച്ചെങ്കിലും കോണ്‍ഗ്രസിന്റെ കാര്യം പരാമര്‍ശിച്ചില്ല. ഈ വര്‍ഷത്തെ ജമ്മു-കശ്മീരിലെ നിയമസഭാ തിരഞ്ഞെടുപ്പ് സവിശേഷമായിരുന്നെന്ന് അദ്ദേഹം കുറിച്ചു. 'ആര്‍ട്ടിക്കിള്‍ 370 നീക്കിയ ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പ്. വോട്ടെടുപ്പിലെ ഉയര്‍ന്ന പങ്കാളിത്തം ജനങ്ങളുടെ ജനാധിപത്യത്തിലുള്ള വിശ്വാസത്തെ തെളിയിക്കുന്നു'- മോദി കുറിച്ചു.

ബിജെപി 29 സീറ്റ് നേടിയതില്‍ താന്‍ സന്തോഷവാനാണ്. 2014 നെ അപേക്ഷിച്ച് നാലുസീറ്റുകൂടി അധികം. പാര്‍ട്ടിക്ക് വോട്ടുചെയ്ത എല്ലാവര്‍ക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തി. ബിജെപിയുടെ പ്രകടനത്തില്‍ അഭിമാനമുണ്ട്. തുടര്‍ന്നും കശ്മീരിലെ ജനങ്ങളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി.

എന്‍സി-കോണ്‍ഗ്രസ്-സിപിഎം സഖ്യം 49 സീറ്റിലാണ് വിജയിച്ചത്. അതില്‍ എന്‍സി-42, കോണ്‍ഗ്രസ്-6. സിപിഎം -1


അതേസമയം, മികച്ച പ്രവര്‍ത്തനത്തിന്റെ രാഷ്ട്രീയത്തിലുള്ള ജനങ്ങളുടെ അചഞ്ചല വിശ്വാസമാണ് ഹരിയാനയിലെ വിജയം തെളിയിക്കുന്നതെന്ന് അമിത് ഷാ പ്രതികരിച്ചു. 'കേന്ദ്രത്തില്‍ മോദിജിയുടെ മൂന്നാം ഊഴമായാലും, ഹരിയാന, ഗുജറാത്ത്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ വിജയമായാലും അത് പൊതുജനങ്ങളുടെ ബിജെപിയിലുള്ള അചഞ്ചലമായ വിശ്വാസമാണ് തെളിയിക്കുന്നത്', ഷാ പറഞ്ഞു. കോണ്‍ഗ്രസിന്റെ വ്യാജവും പൊള്ളയായതുമായ വാഗ്ദാനങ്ങള്‍ ജനം തളളി കളഞ്ഞെന്നും ഷാ പറഞ്ഞു.