ഡൽഹി: ഹിന്ദുക്കൾ ഇല്ലാതെ ലോകത്തിന് നിലനിൽക്കാനാവില്ലെന്ന് ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത്. ലോകത്തെ നിലനിർത്തുന്നതിൽ ഹിന്ദു സമൂഹം നിർണായക പങ്ക് വഹിക്കുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മണിപ്പൂർ സന്ദർശന വേളയിൽ ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യവന (ഗ്രീസ്), മിസ്ർ (ഈജിപ്ത്), റോം തുടങ്ങിയ പ്രാചീന സാമ്രാജ്യങ്ങളെ ഇന്ത്യ അതിജീവിച്ചിട്ടുണ്ട്. മറ്റ് നാഗരികതകളെല്ലാം ഭൂമുഖത്ത് നിന്ന് നശിച്ചുപോയപ്പോഴും, നമ്മുടെ നാഗരികത ഇപ്പോഴും ഇവിടെ നിലനിൽക്കുന്നു. അതിനാൽത്തന്നെ ഹിന്ദു സമൂഹം അമർത്യമാണെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.

"ഭാരതം എന്നത് നാശമില്ലാത്ത നാഗരികതയുടെ പേരാണ്. കാരണം, ഹിന്ദു സംസ്കാരം നമ്മുടെ സമൂഹത്തിൽ ഒരു ശൃംഖല സൃഷ്ടിച്ചിട്ടുണ്ട്, അതുകൊണ്ടാണ് ഹിന്ദു സമൂഹം എപ്പോഴും ഇവിടെ നിലനിൽക്കുന്നത്. ഹിന്ദുക്കൾ ഇല്ലാതായാൽ ലോകം ഇല്ലാതാകും," മോഹൻ ഭാഗവത് പറഞ്ഞു.