ഗ്വാളിയോർ: ഹിന്ദു കുടുംബങ്ങൾ കുറഞ്ഞത് മൂന്ന് കുട്ടികൾക്കെങ്കിലും ജന്മം നൽകണമെന്ന് രാഷ്ട്രീയ സ്വയംസേവക് സംഘ് (RSS) മേധാവി മോഹൻ ഭാഗവത്. മധ്യപ്രദേശിലെ ഗ്വാളിയോറിൽ സരസ്വതി ശിശുമന്ദിറിൽ നടന്ന സാമൂഹിക സൗഹാർദ്ദ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവാഹത്തിന്റെ യഥാർത്ഥ ലക്ഷ്യം ഹിന്ദുക്കൾ മറക്കരുതെന്നും വംശത്തെ മുന്നോട്ട് കൊണ്ടുപോകാനാണ് മുൻഗണന നൽകേണ്ടതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

ശരാശരി പ്രജനന നിരക്ക് മൂന്നിൽ താഴെയുള്ള സമൂഹങ്ങൾ ഭാവിയിൽ ഭൂമുഖത്തുനിന്നും അപ്രത്യക്ഷമായേക്കാം എന്ന സാമൂഹിക നിരീക്ഷണങ്ങൾ ഉദ്ധരിച്ചായിരുന്നു ഭാഗവതിന്റെ പ്രസംഗം. "സമൂഹം നിലനിൽക്കണമെങ്കിൽ ജനസംഖ്യ അത്യാവശ്യമാണ്. അതുകൊണ്ട് ഓരോ ഹിന്ദു കുടുംബവും മൂന്ന് കുട്ടികളെയെങ്കിലും വളർത്തുന്ന കാര്യം പരിഗണിക്കണം. പുതുതായി വിവാഹിതരാകുന്ന ദമ്പതികളെ ഈ വസ്തുത ബോധ്യപ്പെടുത്തണം," ഭാഗവത് പറഞ്ഞു. വിവാഹം എന്നത് കേവലം സ്വന്തം ആഗ്രഹങ്ങൾ നിറവേറ്റാനുള്ള ഒന്നല്ലെന്നും സന്തതിപരമ്പരയെ നിലനിർത്താനുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഹിന്ദുസമൂഹം ഒന്നിച്ച് നിൽക്കേണ്ടതിന്റെയും ശാക്തീകരിക്കപ്പെടേണ്ടതിന്റെയും ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി. "നമുക്ക് നിലവിൽ ഭീഷണികളൊന്നുമില്ല, എങ്കിലും ജാഗ്രത പാലിക്കേണ്ടതുണ്ട്. ഹിന്ദു ജനസംഖ്യ കുറയുന്നത് ആശങ്കാജനകമാണ്. പ്രലോഭനങ്ങളിലൂടെയോ നിർബന്ധത്തിലൂടെയോ ഉള്ള മതപരിവർത്തനങ്ങൾ ഉടനടി അവസാനിപ്പിക്കണം," അദ്ദേഹം ആവശ്യപ്പെട്ടു.

സ്ത്രീകൾ കുടുംബത്തിന്റെ അടിത്തറയാണെന്നും അവരെ ഒരിക്കലും ദുർബലരായി കാണരുതെന്നും ഭാഗവത് പറഞ്ഞു. 'മാതൃശക്തി'ക്ക് അർഹമായ പരിഗണന നൽകണം. സ്ത്രീകൾക്ക് സ്വയം പ്രതിരോധത്തിന് ആവശ്യമായ പരിശീലനം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഭാരതീയ പാരമ്പര്യം സ്ത്രീകൾക്ക് ആദരണീയമായ സ്ഥാനമാണ് നൽകുന്നതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.