ന്യൂഡൽഹി: രാജ്യതലസ്ഥാനം ഞെട്ടിച്ച ഡൽഹി സ്ഫോടനത്തിന് പിന്നാലെ നഗരത്തിലെ ഗുരുതരമായ സുരക്ഷാ വീഴ്ചയെയും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവാദിത്വവും ചോദ്യം ചെയ്ത് രാജ്യസഭാംഗവും മുതിർന്ന മാധ്യമപ്രവർത്തകയുമായ സാഗരിക ഘോഷ്. 13 പേരുടെ മരണത്തിനും 24 പരിക്കേൽക്കുകയും ചെയ്ത ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നതിനിടെയാണ് ചോദ്യങ്ങളുമായി തൃണമൂൽ കോൺഗ്രസ് എം.പി. രംഗത്തെത്തിയിരിക്കുന്നത്.

എക്സ് പ്ലാറ്റ്ഫോം വഴിയാണ് സാഗരിക ഘോഷ് ഈ ചോദ്യങ്ങൾ ഉന്നയിച്ചത്. നിലവിൽ കനത്ത സുരക്ഷാ പരിശോധനകൾ നടന്നിട്ടും, സ്ഫോടക വസ്തുക്കൾ നിറച്ച ഒരു വാഹനം നഗരത്തിലേക്ക് കടന്നതെങ്ങനെയെന്ന് അവർ ചോദിക്കുന്നു. ഫരീദാബാദിൽ വൻ സ്ഫോടക ശേഖരം പിടികൂടിയതിന് തൊട്ടുപിന്നാലെയാണ് തലസ്ഥാനത്ത് ഇത്തരമൊരു സുരക്ഷാ വീഴ്ചയുണ്ടായത് എന്നതും അവരുടെ ചോദ്യങ്ങളിൽ പ്രധാനമാണ്.

'പൗരന്മാർ ചോദിക്കേണ്ട ഉത്തരം കിട്ടാത്ത ഏഴ് ചോദ്യങ്ങൾ' എന്ന തലക്കെട്ടിലാണ് അവർ തന്റെ ആശങ്കകൾ പങ്കുവെച്ചത്. രാജ്യത്തെ ഞെട്ടിച്ച സ്ഫോടനത്തിൽ സുരക്ഷാ വീഴ്ചയുടെ പൂർണ്ണ ഉത്തരവാദിത്തം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഏറ്റെടുക്കുമോ എന്നും അവർ ചോദിക്കുന്നു. സ്ഫോടനത്തിന്റെ ചോരക്കറ ഉണങ്ങും മുമ്പേ ഭൂട്ടാൻ സന്ദർശനത്തിനായി പ്രധാനമന്ത്രി തിടുക്കം കാണിച്ചതിലെ ധാർമികതയെയും അവർ ചോദ്യം ചെയ്തു.

പോലീസ് ഉദ്യോഗസ്ഥരുടെ ഏറ്റവും പുതിയ വിശദീകരണം അനുസരിച്ച്, ഇത് ചാവേർ ആക്രമണമല്ലെന്നും സ്ഫോടക വസ്തുക്കളുമായി സഞ്ചരിക്കുകയായിരുന്ന വാഹനം പരിഭ്രാന്തിയിൽ പൊട്ടിത്തെറിക്കുകയുമാണ് ചെയ്തതെന്നും പറയുന്നു. ഇത് സംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണ്. എന്നാൽ, സ്ഫോടക വസ്തുക്കളുമായി സഞ്ചരിച്ച വാഹനം എങ്ങനെയാണ് പരിശോധനകൾക്കിടയിൽ നഗരത്തിലേക്ക് പ്രവേശിച്ചത് എന്ന ചോദ്യം നിലനിൽക്കുന്നു.

സാഗരിക ഘോഷ് ഉന്നയിച്ച പ്രധാന ചോദ്യങ്ങൾ താഴെപ്പറയുന്നു:

1. പരിശോധനകൾ തുടരുന്നതിനിടെ സ്ഫോടക വസ്തുക്കൾ നിറച്ച കാർ എങ്ങനെയാണ് നഗരത്തിലേക്ക് പ്രവേശിച്ചത്.?

2. ഡൽഹിയിൽ നടന്നത് ആസൂത്രിതമായ ആക്രമണമായിരുന്നോ അതോ ‘പരിഭ്രാന്തിയിലുണ്ടായ ആക്രമണ’മോ?

3. ജമ്മു കശ്മീർ പൊലീസ് നേതൃത്വത്തിൽ ഫരീദാബാദിൽ വലിയ ഭീകര സാന്നിധ്യവും, സ്ഫോടക വസ്തു ശേഖരവും കണ്ടെത്തിയ ശേഷവും ഡൽഹി പൊലീസ് ജാഗ്രത പാലിച്ചില്ലേ..​? അതോ, വായു മലിനീകരണത്തിനെതിരെ പ്രതിഷേധിക്കാനിറങ്ങിയ കുട്ടികളെ കസ്റ്റഡിയിലെടുക്കുന്ന തിരിക്കിലായിരുന്നോ ഡൽഹി പൊലീസ്.

4. രാജ്യത്തെ നടുക്കിയ വൻസ്ഫോടനത്തിന്റെ സംഭവ ഗതികൾ വിശദീകരിക്കാൻ ഡൽഹി പൊലീസും, ആഭ്യന്തര മന്ത്രാലയവും വാർത്താ സമ്മേളനം വിളിക്കാത്തത് എന്തുകൊണ്ട്?

5. അതിർത്തി കടന്നുള്ള ഭീകരത​യുടെ നെടുംതൂൺ തകർത്തുവെന്ന് ആഭ്യന്തരമന്ത്രി അവകാശപ്പെടുന്നു. എന്നാൽ, അതിനു ശേഷവും പഹൽഗാമും, ഇപ്പോൾ ചെങ്കോട്ടയും ആവർത്തിക്കുമ്പോൾ ആഭ്യന്തര മന്ത്രി അമിത് ഷായുടെ വാക്കുകൾ ​വെറും ​പൊള്ളയാണെന്ന് തെളിയുകയാണ്. അമിത് ഷാ തന്റെ തോൽവി സമ്മതിക്കുമോ?

6. പഹൽഗാമിലെ വൻ സുരക്ഷാ വീഴ്ചയിൽ ആർക്കും ഉത്തരവാദിത്തം ഉണ്ടായിരുന്നില്ല. രാജ്യ തലസ്ഥാനത്തെ വലിയ വീഴ്ചയിൽ ഉത്തരവാദിത്തം ഏറ്റെടുക്കുമോ?

7. തലസ്ഥാന നഗരിയിലെ സ്ഫോടനത്തിൽ രാജ്യം നടുങ്ങിയിരിക്കു​മ്പോൾ, മണിക്കൂറുകൾക്കകം തന്നെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ധൃതിപിടിച്ച് ഭൂട്ടാനിൽ എത്തേണ്ട ആവശ്യമുണ്ടായിരുന്നോ?

അതേസമയം, ചെങ്കോട്ട സ്‌ഫോടനത്തിന്റെ നടുക്കുന്ന പുതിയ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. റെഡ് ഫോര്‍ട്ട് മെട്രോ സ്റ്റേഷന് സമീപത്തെ തിരക്കേറിയ റോഡിലൂടെ പതിയെ കാര്‍ നീങ്ങുന്നതും പെട്ടെന്ന് പൊട്ടിത്തെറിക്കുന്നതുമായ, 15 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങളാണു പുറത്തുവന്നത്. നിരത്തിലൂടെ ജനങ്ങള്‍ നടക്കുന്നതും റോഡ് മുറിച്ചു കടക്കുന്നതും വീഡിയോയില്‍ കാണാം. റോഡില്‍ തിരക്കുള്ള സമയമത്താണ് പൊട്ടിത്തെറി ഉണ്ടായത്.

തിങ്കളാഴ്ച വൈകിട്ട് 6.52 ന് നടന്ന സ്‌ഫോടനത്തില്‍ ഇതുവരെ 12 പേര്‍ മരിച്ചെന്നാണ് വിവരം. അതേസമയം, സ്‌ഫോടനം എന്‍ഐഎയുടെ പത്തംഗ സംഘം അന്വേഷിക്കും. എന്‍ഐഎ ഡയറക്ടര്‍ ജനറല്‍ വിജയ് സാഖറെ സംഘത്തെ നയിക്കും. ഒരു ഐജി, രണ്ട് ഡിഐജിമാര്‍, മൂന്ന് എസ്പിമാര്‍, ഡിഎസ്പിമാര്‍ എന്നിവര്‍ ഉള്‍പ്പെടുന്നതാണ് സംഘം. എന്‍ഐഎ ഡിജിയും ഐബി മേധാവിയും ഇന്ന് കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം.