മുംബൈ: അധികാരത്തിൽ കയറുന്നതിന് മുൻപ് തന്നെ ഫ്ഡ്‌നാവിസ് സർക്കാരിന് തലവേദന. ഇവിഎം ൽ വ്യാപക തിരിമറി നടത്തിയാണ് ദേവേന്ദ്രഫ്ഡ്‌നാവിസ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതെന്ന് ആരോപിച്ച് മഹാരാഷ്ട്രയിലെ പ്രതിപക്ഷ എംഎല്‍എമാര്‍ സത്യപ്രതിജ്ഞ ബഹിഷ്‌കരിച്ചു.

ജനാധിപത്യം അട്ടിമറിച്ചുവെന്നരോപിച്ചാണ് പ്രതിഷേധം നടത്തിയത്. പ്രതിഷേധം തുടരുമെന്ന് കോണ്‍ഗ്രസ്, ശിവസേന ഉദ്ദവ് വിഭാഗം, എന്‍സിപി ശരദ് പവാര്‍ വിഭാഗം നേതാക്കളും വ്യക്തമാക്കി. അതേസമയം ഭരണപക്ഷ എംഎല്‍എമാരുടെ സത്യപ്രതിജ്ഞ പൂര്‍ത്തിയായി.

സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്നും വിട്ടുനിന്ന പ്രതിപക്ഷ എംഎല്‍എമാര്‍ ശിവാജി പ്രതിമയുടെ മുന്നില്‍ ആദരവ് അര്‍പ്പിച്ച് മടങ്ങി. തങ്ങള്‍ സത്യപ്രതിജ്ഞയ്ക്ക് എതിരല്ലെന്നും ഇന്ന് സത്യപ്രതിജ്ഞ ചെയ്യില്ലെന്നും പ്രതിപക്ഷ എംഎല്‍എമാര്‍ തുറന്നടിച്ചു. ഇവിഎം തിരിമറി നടത്തിയതിലൂടെയാണ് മഹാരാഷ്ട്രയില്‍ ബിജെപി സഖ്യസര്‍ക്കാര്‍ അധികരാത്തിൽ എത്തിയതെന്ന് പ്രതിപക്ഷ നേതാക്കള്‍ വ്യക്തമാക്കി.

വന്‍ വിജയം നേടിയിട്ടിട്ടും അവരുടെ ക്യാംപില്‍ സന്തോഷമില്ല. അവര്‍ ജനാധിപത്യത്തെ അട്ടിമറിക്കുകയാണെന്നും സര്‍ക്കാരിന്റെ ജനാധിപത്യവിരുദ്ധ നിലപാടിനെതിരെയാണ് പ്രതിഷേധമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ തുറന്നടിച്ചു.