- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'കോൺഗ്രസ് മോദിയുടെ ശവക്കുഴി തോണ്ടുന്നതാണ് സ്വപ്നം കാണുന്നത്; പാവപ്പെട്ടവരുടെ ജീവിതം ആയാസ രഹിതമാക്കുന്നതിന്റെ തിരക്കിലാണ് മോദി; എനിക്ക് രക്ഷാകവചമായി രാജ്യത്തെ ജനങ്ങളുടെ ആശീർവാദമുണ്ട്'; കോൺഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി
ബെംഗളൂരു: കോൺഗ്രസ് നേതൃത്വത്തിന് എതിരെ രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസ് തന്റെ ശവക്കുഴി തോണ്ടുന്നത് സ്വപ്നം കാണുമ്പോൾ താൻ പാവപ്പെട്ടവരുടെ ജീവിതം മെച്ചപ്പെടാൻ ഉതകുന്ന ബെംഗളൂരു-മൈസൂരു എക്സ്പ്രസ്വേയുടെ നിർമ്മാണത്തിന്റെ തിരക്കിലായിരുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. കർണാടകയിൽ ബെംഗളൂരു-മൈസൂരു എക്സ്പ്രസ് വേ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മോദി. 'മോദീ തേരി ഖബർ ദുദേഗി (മോദീ, താങ്കളുടെ ശവക്കുഴി തോണ്ടും)' എന്ന കോൺഗ്രസ് മുദ്രാവാക്യത്തെ പരിഹസിച്ചാണ് രൂക്ഷവിമർശനം ഉന്നയിച്ചത്.
''കോൺഗ്രസ് മോദിയുടെ ശവക്കുഴി തോണ്ടുന്നതാണ് സ്വപ്നം കാണുന്നത്. എന്നാൽ ഈ രാജ്യത്തെ അമ്മമാരുടെയും സഹോദരിമാരുടെയും ജനങ്ങളുടെയും അനുഗ്രഹം എനിക്ക് സുരക്ഷാകവചം ഒരുക്കുന്ന കാര്യം അവർക്കറിയില്ല'' - മോദി പറഞ്ഞു. 9000 കോടി രൂപ ചെലവിട്ടു നിർമ്മിച്ച 118 കിലോമീറ്റർ ബെംഗളൂരു-മൈസൂരു അതിവേഗ പാത രാജ്യത്തിന് സമർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൈസൂരു-കുശാൽനഗർ നാലുവരി പാതയുടെ നിർമ്മാണോദ്ഘാടനവും പ്രധാനമന്ത്രി നിർവഹിച്ചു. 4,130 കോടിയാണ് പദ്ധതിയുടെ ചെലവ്.
നിയമസഭാ തിരഞ്ഞെടുപ്പ് ഉടൻ നടക്കാനിരിക്കുന്ന കർണാടകയിൽ വിവിധ പദ്ധതികളുടെ ശിലാസ്ഥാപനത്തിനും ബെംഗളൂരു-മൈസൂരു ദേശീയപാതയുടെ ഉദ്ഘാടനത്തിനും എത്തിയതായിരുന്നു മോദി. മാണ്ഡ്യ, ഹുബ്ബള്ളി-ധർവാഡ് ജില്ലകളിലായി ഏകദേശം പതിനാറായിരം കോടി രൂപയുടെ പദ്ധതികളുടെ ശിലാസ്ഥാപനമാണ് മോദി നിർവഹിച്ചത്. ഭരണവിരുദ്ധ വികാരംകൊണ്ടും അഴിമതി ആരോപണങ്ങളുടെയും പശ്ചാത്തലത്തിൽ കുടുങ്ങിനിൽക്കുകയാണ് കർണാടക ബിജെപി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതി വോട്ടാക്കി ഭരണം നിലനിർത്തുകയാണ് സംസ്ഥാന ബിജെപിയുടെ ലക്ഷ്യം
കടുത്ത ഭരണവിരുദ്ധവികാരവും അതിശക്തമായ അഴിമതി ആരോപണങ്ങളും നേരിടുന്ന കർണാടകയിൽ വരുന്ന തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കരുത്തിൽ ജനതാദൾ എസിന്റെ ശക്തികേന്ദ്രമായ മണ്ഡ്യ പിടിക്കാനുള്ള ശ്രമത്തിലാണ് ബിജെപി. പഴയ മൈസൂരു മേഖലയിലെ ഒൻപതു ജില്ലകളിൽ ഒന്നാണ് മണ്ഡ്യ. മൈസൂരു, ചാമരാജനഗർ, രാമനഗര, ബെംഗളൂരു റൂറൽ, കോലാർ, ചിക്കബെല്ലാപ്പൂർ, തുംകുരു, ഹാസൻ എന്നിവയാണ് മറ്റു ജില്ലകൾ.
61 നിയമസഭാ സീറ്റുകളുള്ള ഓൾഡ് മൈസൂരു മേഖല ജെഡിഎസിന്റെ ശക്തികേന്ദ്രമാണ്. കോൺഗ്രസിനും ഇവിടെ സ്വാധീനമുണ്ട്. 2018ൽ തീരദേശ കർണാടകയിലും മുംബൈ-കർണാടക മേഖലകളിലും ബിജെപി മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും പഴയ മൈസൂരു മേഖലയിലും ഹൈദരാബാദ്-കർണാടക മേഖലയിലും ഭൂരിപക്ഷം കുറവായിരുന്നു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തുന്ന നാലു വിജയ് സങ്കൽപ് യാത്രകളിൽ ആദ്യത്തേത് ചാമരാജനഗർ നിയമസഭാ മണ്ഡലത്തിൽനിന്ന് ബിജെപി ആരംഭിച്ചു. ഏഴ് മണ്ഡലങ്ങളുള്ള മണ്ഡ്യയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ രണ്ടാമത്തെ റോഡ് ഷോയാണ് ഇന്നു നടത്തിയത്. 2018ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വൊക്കലിംഗ ഹൃദയഭൂമിയായ മണ്ഡ്യയിലെ ഏഴു നിയമസഭാ മണ്ഡലങ്ങളിലും ജെഡിഎസാണ് വിജയിച്ചത്. 2019ൽ, കെആർ പേട്ട് മണ്ഡലത്തിൽനിന്ന് ജെഡിഎസ് ടിക്കറ്റിൽ വിജയിച്ച നാരായണ ഗൗഡ ബിജെപിയിലേക്ക് കൂറുമാറുകയും ഉപതിരഞ്ഞെടുപ്പിൽ വിജയിക്കുകയും ചെയ്തതോടെയാണ് ബിജെപിക്ക് ഇവിടെ അക്കൗണ്ട് തുറക്കാനായത്.
ഈ നിയമസഭാ തിരഞ്ഞെടുപ്പിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യക്തിപ്രഭാവത്തിലൂടെ മേഖലയിൽ കൂടുതൽ സീറ്റു നേടുകയാണ് ബിജെപിയുടെ ലക്ഷ്യം. തിരഞ്ഞെടുപ്പിന് തൊട്ടുമുന്നെ ജെഡിഎസിൽനിന്നും കോൺഗ്രസിൽനിന്നും വിജയസാധ്യതയുള്ളവർ ബിജെപിയിലേക്ക് എത്തുമെന്നാണ് പാർട്ടി വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ച മണ്ഡ്യയിൽനിന്നുള്ള എംപി സുമലതയുടെ വരവ് വോട്ടാക്കി മാറ്റാനാകുമെന്നാണ് ബിജെപി കരുതുന്നത്.
മറുനാടന് മലയാളി ബ്യൂറോ