മുംബൈ: വിമാനാപകടത്തിന്റെ രൂപത്തില്‍ മരണം അജിത് പവാറിനെ തട്ടിയെടുക്കുമ്പോള്‍, മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ അനാഥമാകുന്നത് ഒരു വലിയ ഭരണശൃംഖല മാത്രമല്ല, എന്‍സിപി എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ഭാവി കൂടിയാണ്. അജിത് ദാദയുടെ അപ്രതീക്ഷിത വിയോഗം സൃഷ്ടിച്ച നടുക്കത്തില്‍ നിന്നും സംസ്ഥാനം ഇനിയും മുക്തമായിട്ടില്ല. എന്നാല്‍, അധികാരത്തിന്റെ ഇടനാഴികളില്‍ പുതിയ ചര്‍ച്ചകള്‍ക്ക് ഇതിനോടകം തന്നെ തിരികൊളുത്തിക്കഴിഞ്ഞു.

അജിത് പവാറിന്റെ വിയോഗം സൃഷ്ടിച്ച ശൂന്യത നികത്താന്‍ പവാര്‍ കുടുംബത്തില്‍ നിന്നും സുനേത്ര പവാര്‍ കളം നിറയുമ്പോള്‍, മറുവശത്ത് ശരദ് പവാര്‍ പക്ഷവുമായുള്ള ലയന ചര്‍ച്ചകളും സജീവമാകുകയാണ്. അതിനിടെ, അജിത് പവാര്‍ കൈകാര്യം ചെയ്തിരുന്ന വകുപ്പുകള്‍ക്കായി എന്‍സിപി (അജിത് പവാര്‍ പക്ഷം) അവകാശവാദമുന്നയിച്ചു. വെള്ളിയാഴ്ച മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തിയ എന്‍സിപി നേതാക്കള്‍, അജിത് പവാര്‍ കൈകാര്യം ചെയ്തിരുന്ന പ്രധാന വകുപ്പുകള്‍ പാര്‍ട്ടി ക്വാട്ടയില്‍ തന്നെ നിലനിര്‍ത്തണമെന്ന് ആവശ്യപ്പെട്ടു.

ധനം, എക്‌സൈസ്, കായികം തുടങ്ങിയ സുപ്രധാന വകുപ്പുകള്‍ എന്‍സിപിക്ക് തന്നെ വേണമെന്ന് ആവശ്യപ്പെട്ട് പ്രഫുല്‍ പട്ടേല്‍, സുനില്‍ തട്കറെ, ഛഗന്‍ ഭുജ്ബല്‍ എന്നിവരടങ്ങുന്ന സംഘം മുഖ്യമന്ത്രിയുടെ വസതിയായ 'വര്‍ഷ'യിലെത്തി ചര്‍ച്ച നടത്തി.

എന്‍സിപി നിയമസഭാ കക്ഷി യോഗം ഞായറാഴ്ച

അജിത് പവാറിന്റെ വിയോഗത്തോടെയുണ്ടായ വിടവ് നികത്താന്‍ ഞായറാഴ്ച എന്‍സിപി നിയമസഭാ കക്ഷി യോഗം ചേരും. അജിത് പവാറിന്റെ ഭാര്യയും രാജ്യസഭാ എംപിയുമായ സുനേത്ര പവാറിനെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തേക്കും. ശനിയാഴ്ച ചേരുന്ന യോഗത്തില്‍ പുതിയ പാര്‍ട്ടി അധ്യക്ഷന്റെ കാര്യത്തിലും തീരുമാനമുണ്ടാകും.

ശരദ് പവാര്‍ നയിക്കുന്ന എന്‍സിപി വിഭാഗവുമായി അജിത് പവാര്‍ പക്ഷം ലയിക്കുമെന്ന ചര്‍ച്ചകള്‍ക്ക് വീണ്ടും ജീവന്‍ വച്ചിരിക്കുകയാണ്. ഇരു വിഭാഗങ്ങളും ഒന്നിക്കണമെന്നത് അജിത് പവാറിന്റെ അവസാന ആഗ്രഹമായിരുന്നുവെന്ന് ശരദ് പവാര്‍ പക്ഷത്തെ മുതിര്‍ന്ന നേതാവ് അനില്‍ ദേശ്മുഖ് വെളിപ്പെടുത്തി.

നേതാക്കളുടെ പ്രതികരണം

'മഹാസഖ്യത്തിലെ പങ്കാളികള്‍ എന്ന നിലയില്‍ അജിത് പവാര്‍ വഹിച്ചിരുന്ന സ്ഥാനങ്ങള്‍ എത്രയും വേഗം നികത്തേണ്ടതുണ്ട്. എന്നാല്‍ ജനവികാരം കൂടി പരിഗണിച്ചേ തീരുമാനമെടുക്കൂ. നിലവില്‍ പവാര്‍ കുടുംബം വലിയ ദുഃഖത്തിലാണ്. ഭാവി കാര്യങ്ങള്‍ സുനേത്ര പവാറുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കും.'- പ്രഫുല്‍ പട്ടേല്‍ (എന്‍സിപി നേതാവ്)

ഇരു എന്‍സിപി വിഭാഗങ്ങളും തമ്മിലുള്ള ലയന ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലായിരുന്നുവെന്ന് ഏകനാഥ് ഖഡ്സെയും അനില്‍ ദേശ്മുഖും അവകാശപ്പെട്ടു. കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പിന് ശേഷം ഔദ്യോഗിക പ്രഖ്യാപനം നടത്താനായിരുന്നു അജിത് ദാദ പദ്ധതിയിട്ടിരുന്നതെന്നും അവര്‍ പറഞ്ഞു.