ന്യൂഡല്‍ഹി: ഇന്ത്യയെ ഒന്നിപ്പിച്ച് നിര്‍ത്തിയത് ജാതി വ്യവസ്ഥിതിയാണെന്ന ആര്‍എസ്എസ് മുഖപത്രത്തിലെ പ്രസ്താവന വിവാദത്തില്‍. സമൂഹത്തിലെ വിവിധ ജനവിഭാഗങ്ങളെ ഒന്നിച്ചു നിര്‍ത്തിയത് ജാതിവ്യവസ്ഥയാണ്, പാരമ്പര്യ തൊഴില്‍ വൈദഗ്ധ്യമടക്കം നിലനിര്‍ത്താനായതും ജാതിവ്യവസ്ഥയുള്ളതുകൊണ്ടാണെന്ന് ഹിന്ദിയിലെ ആര്‍എസ്എസ് മുഖപത്രമായ പാഞ്ചജന്യം എഡിറ്റോറിയലില്‍ പറയുന്നു.

ജാതി സെന്‍സസ് ഉയര്‍ത്തിക്കാട്ടിയുള്ള രാഹുലിന്റെ നീക്കം യാഥാര്‍ത്ഥ്യം തിരിച്ചറിയാതെയാണെന്നും, രാഹുല്‍ ഈ വിഷയത്തെ നോക്കികാണുന്നത് ക്രിസ്ത്യന്‍ സഭകളുടെയും സാമ്രാജ്യത്ത്വത്തിന്റെയും കണ്ണിലൂടെയാണെന്നും എഡിറ്റോറിയല്‍ വിമര്‍ശിക്കുന്നു. ജാതി സെന്‍സസ് വേണമെന്നാവശ്യപ്പെട്ട് രാഹുല്‍ ഗാന്ധിയുടെ നേതൃത്ത്വത്തില്‍ പ്രതിപക്ഷം ബിജെപിക്കെതിരെ വിമര്‍ശനം ശക്തമാക്കിയിരുന്നു. ജാതി സെന്‍സസിനെതിരല്ലെന്നും, ജാതി സെന്‍സസ് നടത്തിയാല്‍ അതിലെ വിവരങ്ങള്‍ രാഷട്രീയമായി ദുരുപയോഗം ചെയ്യപ്പെടരുതെന്നുമാണ് ആര്‍എസ്എസ് നേരത്തേ സ്വീകരിച്ച നിലപാട്.

ഇന്ത്യന്‍ സമൂഹത്തെ ഐക്യത്തോടെ നിര്‍ത്തുന്ന ഘടകമായിരുന്നു ജാതിവ്യവസ്ഥയെന്നാണ് പാഞ്ചജന്യത്തിലെ മുഖപ്രസംഗത്തില്‍ പറയുന്നത്. "ഇന്ത്യയിലെ വിവിധ വിഭാഗങ്ങളെ അവരുടെ തൊഴിലും പാരമ്പര്യവും അനുസരിച്ച് തരംതിരിച്ച ശേഷം ഒന്നിച്ചുനിര്‍ത്തുന്ന ഒരു ചങ്ങലയായിരുന്നു ജാതിവ്യവസ്ഥ. അധിനിവേശക്കാര്‍ എന്നും ലക്ഷ്യമിട്ടത് ജാതിവ്യവസ്ഥയെയായിരുന്നു. മുഗളന്മാര്‍ ജാതി വ്യവസ്ഥയെ നേരിട്ടത് വാളിന്റെ കരുത്താലാണ്.

എന്നാല്‍ സേവനവും പരിഷ്‌കരണവും ഉപയോഗിച്ചാണ് മിഷണറിമാര്‍ ജാതി വ്യവസ്ഥയെ നേരിട്ടത്. ഇന്ത്യയെയോ അതിന്റെ ആത്മാഭിമാനത്തെയോ തകര്‍ക്കണമെങ്കില്‍ ആദ്യം ജാതിവ്യവസ്ഥയെ തടസ്സമെന്നോ, ചങ്ങലയെന്നോ വിളിച്ച് അതിന്റെ ഏകീകൃതഘടകത്തെ തകര്‍ക്കണമെന്ന് അവര്‍ മനസ്സിലാക്കി. ഭിന്നിപ്പിച്ച് ഭരിക്കുക എന്ന ബ്രിട്ടിഷുകാരുടെ തന്ത്രം ജാതിവ്യവസ്ഥയെ മനസ്സിലാക്കിയ മിഷണറിമാരില്‍ നിന്ന് കടംകൊണ്ടാണ്." മുഖപ്രസംഗത്തില്‍ പറയുന്നു.

ഹിന്ദുജീവിതം ജാതിയെ ചുറ്റിപ്പറ്റിയാണെന്നും മതപരിവര്‍ത്തനത്തിനുള്ള വഴിയായാണ് മിഷണറിമാര്‍ ജാതിയെ കണ്ടതെങ്കില്‍ കോണ്‍ഗ്രസ് അതിനെ ഹിന്ദു ഐക്യത്തിലെ വിള്ളലായാണ് കാണുന്നതെന്നും മുഖപ്രസംഗത്തില്‍ പറയുന്നുണ്ട്. ബ്രിട്ടിഷുകാരുടെ മാതൃക പിന്തുടര്‍ന്ന് ജാതിയുടെ അടിസ്ഥാനത്തില്‍ ലോക്സഭാ സീറ്റുകള്‍ വിഭജിച്ച് രാജ്യത്ത് ഭിന്നത സൃഷ്ടിക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം. അതിനുവേണ്ടിയാണ് അവര്‍ ജാതി സെന്‍സസ് ആവശ്യപ്പെടുന്നതെന്നും മുഖപ്രസംഗത്തില്‍ കുറ്റപ്പെടുത്തുന്നുണ്ട്.