- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ധൈര്യമുണ്ടെങ്കിൽ തന്നെ ജയിലിലടയ്ക്കുവെന്ന് അഭിഷേക് ബാനർജി; എല്ലാ കള്ളന്മാരും അകത്താകുമെന്ന് തിരിച്ചടിച്ച് ശുഭേന്ദു അധികാരി; റാലികളിൽ കൊമ്പുകോർത്ത് തൃണമൂൽ - ബിജെപി നേതാക്കൾ
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ റാലികളിൽ വാക്‌പോരുമായി തൃണമൂൽ കോൺഗ്രസ് നേതാവ് അഭിഷേക് ബാനർജിയും ബിജെപി നേതാവ് ശുഭേന്ദു അധികാരിയും. ബിജെപി കോട്ടയായ കിഴക്കൻ മെദിനിപൂരിലെ കാന്തിയിലാണ് തൃണമൂൽ കോൺഗ്രസ് ദേശീയ സെക്രട്ടറിയും എംപിയുമായ അഭിഷേക് ബാനർജി റാലി സംഘടിപ്പിച്ചത്.
ധൈര്യമുണ്ടെങ്കിൽ തന്നെ ജയിലിലടയ്ക്കാൻ റാലിയിൽ സംസാരിക്കവെ അഭിഷേക് ബാനർജി ബിജെപിയെ വെല്ലുവിളിച്ചു. എല്ലാ കള്ളന്മാരും അകത്താകുമെന്നായിരുന്നു തൃണമൂൽ ശക്തികേന്ദ്രമായ ഡയമണ്ട് ഹാർബറിൽ നടത്തിയ ബിജെപി റാലിയിൽ ശുഭേന്ദു അധികാരി പ്രതികരിച്ചത്.
കഴിഞ്ഞ സെപ്റ്റംബറിൽ തൃണമൂൽ പുറത്തുവിട്ട ഒരു വീഡിയോയുടെ ചൂടുപിടിച്ചാണ് ഇരുനേതാക്കളും വീണ്ടും കൊമ്പുകോർത്തത്. ബംഗാളിലെ ഐഎഎസ് ഉദ്യോഗസ്ഥരെയടക്കം ജയിലിലടയ്ക്കുമെന്ന് ശുഭേന്ദു അധികാരി ഭീഷണിപ്പെടുത്തുന്ന തരത്തിലായിരുന്നു വീഡിയോ. കൊൽക്കത്തയിൽ ബിജെപി പ്രവർത്തകരും പൊലീസും തമ്മിൽ ഏറ്റുമുട്ടിയതിന് പിന്നാലെയാണ് വീഡിയോ പുറത്തുവന്നത്. കൃത്യനിർവഹണത്തിൽ ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നത് എന്തൊരവസ്ഥയാണെന്ന് ചൂണ്ടിക്കാട്ടി അഭിഷേക് ബാനർജി രംഗത്തെത്തിയിരുന്നു.
പിന്നാലെയാണ് ധൈര്യമുണ്ടെങ്കിൽ തന്നെ ജയിലിലടയ്ക്കാൻ അഭിഷേക് ബാനർജി ബിജെപിയെ വെല്ലുവിളിച്ചത്. 'എന്നെ ജയിയലലടയ്ക്കുമെന്നാണ് ശുഭേന്ദു അധികാരിയും ബിജെപിക്കാരും പറയുന്നത്. ബംഗാളിലേക്കുള്ള പണത്തിന്റെ വരവ് നിർത്തുമെന്നാണ് ഭീഷണി. എന്നാൽ മമത ഉള്ളിടത്തോളംകാലം ബംഗാൾ സഹായത്തിനായി ഡൽഹിയിലേക്ക് കൈനീട്ടില്ല' - അദ്ദേഹം പറഞ്ഞു. ഇതിനു മറുപടിയെന്നോണമാണ് ശുഭേന്ദു പിന്നീട് റാലിയിൽ സംസാരിച്ചത്. എല്ലാ കള്ളന്മാരും അകത്താകുമെന്ന് തൃണമൂൽ നേതാക്കളെ പരോക്ഷമായി ലക്ഷ്യംവച്ച് അദ്ദേഹം പറഞ്ഞു.
ശുഭേന്ദു അധികാരിയും അഭിഷേക് ബാനർജിയും തമ്മിലുള്ള ഭിന്നത ശുഭേന്ദു തൃണമൂൽ നേതാവായിരുന്ന കാലത്തുതന്നെ മറനീക്കി പുറത്തുവന്നതാണ്. പിന്നീട് പാർട്ടിക്കുള്ളിൽ അഭിഷേകിന് കൂടുതൽ പ്രാതിനിധ്യം ലഭിച്ചതോടെയാണ് അധികാരി ബിജെപിയിലേക്ക് ചേക്കേറുന്നത്.