- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വധശ്രമക്കേസിൽ പത്ത് വർഷത്തെ തടവിന് ശിക്ഷിച്ച് കവരത്തികോടതി; ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കി ലോകസഭാ സെക്രട്ടേറിയേറ്റ്: കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്ന മുഹമ്മദ് ഫൈസലിന് ഇനി രാഷ്ട്രീയത്തിലിറങ്ങാൻ വർഷങ്ങൾ കാത്തിരിക്കണം
ന്യൂഡൽഹി: വധശ്രമക്കേസിൽ പത്ത് വർഷത്തെ തടവിന് കവരത്തി കോടതി ശിക്ഷിച്ച ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കി. ലോകസഭാ സെക്രട്ടേറിയേറ്റാണ് ഫൈസലിനെ അയോഗ്യനാക്കിക്കൊണ്ടുള്ള വിജ്ഞാപനം ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്. കോടതി ഉത്തരവ് വന്ന 11 മുതൽ ജനപ്രാതിനിധ്യ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം മുഹമ്മദ് ഫൈസൽ അയോഗ്യനായതായി ലോക്‌സഭ സെക്രട്ടേറിയറ്റ് അറിയിച്ചു. ഫൈസലിനെ കവരത്തി കോടതി 10 വർഷത്തെ തടവിന് ശിക്ഷിച്ചിരുന്നു. നിലവിൽ കണ്ണൂർ സെൻട്രൽ ജയിലിലാണ് ഫൈസൽ.
ക്രിമിനൽ കേസിൽ രണ്ട് വർഷത്തിലധികം തടവിന് കോടതി ശിക്ഷിച്ചാൽ ആ അംഗത്തെ ഉടനടി അയോഗ്യനാക്കണമെന്നാണ് ചട്ടം. സുപ്രീംകോടതിയുടെ 2013-ലെ വിധിപ്രകാരം കോടതി ശിക്ഷിക്കുന്ന നിമിഷംതന്നെ ഒരു എംപി.ക്ക് അംഗത്വം നഷ്ടമാകും. ഇതിന്റെ അടിസ്ഥാനത്തിൽ ജനപ്രാതിനിധ്യ നിയമത്തിലെ 8.2 വകുപ്പ് പ്രകാരവും ഇന്ത്യൻ ഭരണഘടനയുടെ 102-ാം അനുഛേദപ്രകാരവുമാണ് ഇപ്പോൾ ലോക്സഭാ സെക്രട്ടേറിയേറ്റ് മുഹമ്മദ് ഫൈസലിന്റെ ലോകസഭാ അംഗത്വത്തിന് അയോഗ്യത കൽപ്പിച്ചുകൊണ്ടുള്ള വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്.
ആന്ത്രോത്ത് പൊലീസ് 2009-ൽ രജിസ്റ്റർചെയ്ത വധശ്രമക്കേസിലാണ് മുഹമ്മദ് ഫൈസലിനെ കവരത്തി കോടതി ശിക്ഷിച്ചത്. മുൻ കേന്ദ്രമന്ത്രി പി.എം സെയ്ദിന്റെ മരുമകനും കോൺഗ്രസ് പ്രവർത്തകനുമായ മുഹമ്മദ് സാലിഹിനെ ആക്രമിച്ച് വധിക്കാൻ ശ്രമിച്ചെന്ന കേസിലാണ് കവരത്തി ജില്ലാ സെഷൻസ് കോടതി ശിക്ഷ വിധിച്ചത്. ലക്ഷദ്വീപ് എംപി.യും എൻ.സി.പി. നേതാവുമായ മുഹമ്മദ് ഫൈസൽ ഉൾപ്പെടെ നാല് പ്രതികൾക്ക് പത്തുവർഷം തടവാണ് ശിക്ഷ. കേസിൽ ആകെ 32 പ്രതികളുണ്ട്. ഇതിൽ രണ്ടാംപ്രതിയാണ് മുഹമ്മദ് ഫൈസൽ. 2009-ലെ ലോക്‌സഭ തിരഞ്ഞെടുപ്പ് കാലത്തായിരുന്നു കേസിനാസ്പദമായ സംഭവം. ഒരു ഷെഡ് സ്ഥാപിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്.
മുമ്പ് മൂന്നുമാസം അപ്പീൽ കാലവധി അനുവദിച്ചിരുന്നു. അത് നിയമപരമായി ശരിയല്ലെന്ന് കണ്ടായിരുന്നു സുപ്രീംകോടതിവിധി. ശിക്ഷാകാലാവധി പൂർത്തിയാകുന്നതുമുതൽ ആറുവർഷത്തേക്കുകൂടി അയോഗ്യതയുണ്ടാകുമെന്നാണ് നിയമം. ഇതിന്റെ പകർപ്പ് ലോക്സഭാ സെക്രട്ടേറിയേറ്റ്, തിരഞ്ഞെടുപ്പ് കമ്മീഷനും കൈമാറിയിട്ടുണ്ട്.