ന്യൂഡൽഹി: 2024 ലും നരേന്ദ്ര മോദി തന്നെയായിരിക്കും ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥി. അടുത്ത തവണയും മോദി തന്നെ പ്രധാനമന്ത്രിയാകുമെന്ന് കേന്ദ്രമന്ത്രിമാരായ അമിത് ഷായും, ധർമ്മേന്ദ്ര പ്രധാനും വ്യക്തമാക്കി. സാമ്പത്തിക ശാസ്ത്രജ്ഞൻ അമർത്യ സെൻ തുടക്കമിട്ട പ്രധാനമന്ത്രി ചർച്ചയോട് പ്രതികരിക്കുകയായിരുന്നു നേതാക്കൾ.

ഗുജറാത്ത് തെരഞ്ഞെടുപ്പ് ഫലം നൽകുന്ന സൂചന മോദി വീണ്ടും തെരഞ്ഞെടുക്കുമെന്നാണ്. ഗുജറാത്തിലെ ജനങ്ങൾ സംസ്ഥാനത്ത് റെക്കോഡ് സീറ്റുകൾ നേടി അധികാരം നിലനിർത്താൻ ബിജെപിയെ സഹായിച്ചു. അപകീർത്തിപ്പെടുത്താൻ ശ്രമിച്ചവർക്ക് മറുപടി നൽകിയെന്നും അമിത് ഷാ പറഞ്ഞു.

ഗുജറാത്തിലെ ജനങ്ങൾ ജാതീയതയുടെ വിഷം അവസാനിപ്പിക്കാൻ പ്രവർത്തിച്ചു. പൊള്ളയായതും വ്യാജവുമായ വാഗ്ദാനങ്ങൾ നൽകുന്നവരെ തല്ലിച്ചതച്ചു. ഗുജറാത്തിനെയും നരേന്ദ്ര മോദിയെയും അപകീർത്തിപ്പെടുത്താൻ ശ്രമിച്ചവർക്ക് ഗുജറാത്തിലെ ജനങ്ങൾ മറുപടി നൽകിയെന്നും ഷാ പറഞ്ഞു. ഈ ഫലത്തിന്റെ പ്രധാന്യം ഗുജറാത്തിനു മാത്രമല്ല. 2024 ലോക്‌സഭ തെരഞ്ഞെടുപ്പിലും ഉണ്ടാകും. ഒരിക്കൽ കൂടി നരേന്ദ്ര മോദിയെ പ്രധാനമന്ത്രിയാക്കാൻ രാജ്യം മുഴുവൻ തയാറാണ്. ഗുജറാത്തിന്റെ ഈ സന്ദേശം കശ്മീർ മുതൽ കന്യാകുമാരി വരെ എത്തിയെന്നും അമിത് ഷാ കൂട്ടിച്ചേർത്തു. പ്രധാനമന്ത്രി പദത്തിൽ തൽക്കാലം ഒഴിവില്ലെന്നാണ് കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ മറുപടി