- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലക്ഷദ്വീപിൽനിന്നുള്ള ലോക്സഭാംഗത്തിന് ഹൈക്കോടതിയിൽനിന്ന് ആശ്വാസവിധി എത്തുമ്പോൾ വെട്ടിലായത് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; വിനയായത് എടുത്തു ചാട്ടം; മുഹമ്മദ് ഫൈസൽ വീണ്ടും എംപിയാകുമ്പോൾ
കൊച്ചി: വധശ്രമക്കേസിൽ ശിക്ഷിക്കപ്പെട്ടതോടെ എംപി.സ്ഥാനം നഷ്ടമായ ലക്ഷദ്വീപിൽനിന്നുള്ള ലോക്സഭാംഗം മുഹമ്മദ് ഫൈസലിന് ഹൈക്കോടതിയിൽനിന്ന് ആശ്വാസവിധി എത്തുമ്പോൾ വെട്ടിലായത് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. കുറ്റക്കാരനായി കണ്ടെത്തിയ സെഷൻസ് കോടതി ഉത്തരവ് ഹൈക്കോടതി സസ്‌പെൻഡ് ചെയ്തു. 10 വർഷം കഠിനതടവിന് ശിക്ഷിച്ചതും എംപി.സ്ഥാനം അസാധുവാക്കിയതും നിലനിൽക്കില്ലെന്നും കോടതി വ്യക്തമാക്കി. ഇതോടെ ലക്ഷദ്വീപിൽ പ്രഖ്യാപിച്ച ഉപതിരഞ്ഞെടുപ്പും ഒഴിവായേക്കും. കവരത്തി സെഷൻസ് കോടതി വിധിക്കെതിരേ നൽകിയ അപ്പീലിൽ തീർപ്പുണ്ടാകുംവരെയാണിത്.
ജനുവരി 11-നാണ് പ്രതികളെ ശിക്ഷിച്ച സെഷൻസ് കോടതിയുടെ ഉത്തരവ്. ഇതിനെതിരേ 12-നുതന്നെ ഹൈക്കോടതിയിൽ അപ്പീൽ നൽകി. മുഹമ്മദ് ഫൈസലിന്റെ എംപി.സ്ഥാനം അയോഗ്യനാക്കി 13-ന് തിരഞ്ഞെടുപ്പ് കമ്മിഷൻ വിജ്ഞാപനം ഇറക്കി. പിന്നാലെ ലക്ഷദ്വീപിൽ ഉപതിരഞ്ഞെടുപ്പും പ്രഖ്യാപിച്ചു. ലക്ഷദ്വീപിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെതിരേ മുഹമ്മദ് ഫൈസൽ സുപ്രീംകോടതിയിൽ അപ്പീലുംനൽകിയിട്ടുണ്ട്. 27-നാണ് ഈ ഹരജി പരിഗണിക്കുക. തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം എടുത്തു ചാട്ടമായി എന്ന് തെളിയിക്കുന്നതാണ് ഹൈക്കോടതി വിധി.
2024-ൽ പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കുറഞ്ഞ കാലയളവിലേക്കായി ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിന്റെ ദൂരവ്യാപകമായ പ്രത്യാഘാതമടക്കം കണക്കിലെടുത്താണ് വിധിയെന്ന് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് വ്യക്തമാക്കി. അപ്പീലിൽ വിശദവാദം പിന്നീടു കേൾക്കും. ഹൈക്കോടതി ഉത്തരവിനെതിരേ ലക്ഷദ്വീപ് ഭരണകൂടം അപ്പീൽ നൽകിയേക്കും. മുഹമ്മദ് ഫൈസലിനുവേണ്ടി സീനിയർ അഭിഭാഷകൻ പി. വിജയഭാനുവും മറ്റു പ്രതികൾക്കായി അഡ്വ. ശാസ്തമംഗലം എസ്. അജിത്കുമാറും ഹാജരായി.
മുൻ കേന്ദ്ര മന്ത്രി പി.എം. സെയ്ദിന്റെ മരുമകൻ മുഹമ്മദ് സ്വാലിഹിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് കേസ്. 2009 ഏപ്രിൽ 16-നാണ് സംഭവം. മുഹമ്മദ് ഫൈസൽ രണ്ടാംപ്രതിയാണ്. ഒന്നാംപ്രതി സയ്ദ് മുഹമ്മദ് നൂറുൾ അമീർ, മൂന്നും നാലും പ്രതികളായ മുഹമ്മദ് ഹുസൈൻ തങ്ങൾ, മുഹമ്മദ് ബഷീർ തങ്ങൾ എന്നിവരുടെ ശിക്ഷയും സസ്‌പെൻഡ് ചെയ്തു. പിഴത്തുകയായ ഒരുലക്ഷം രൂപ എല്ലാവരും കെട്ടിവെക്കണം. ജാമ്യത്തിനായി 50,000 രൂപയും തുല്യതുകയ്ക്കുള്ള രണ്ട് ആൾജാമ്യവും വേണം.
കുറ്റക്കാരനായി കണ്ടെത്തിയത് സസ്‌പെൻഡ് ചെയ്തില്ലെങ്കിൽ ലക്ഷദ്വീപിൽ ഉപതിരഞ്ഞെടുപ്പ് അനിവാര്യമാണെന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് വിലയിരുത്തി. 15 മാസത്തേക്കുമാത്രം ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിന്റെ ഭാരിച്ച സാമ്പത്തിക ചെലവടക്കം കോടതി കണക്കിലെടുത്തു. സർക്കാരിന്റെ ഈ ബാധ്യത പരോക്ഷമായി ജനങ്ങളിലേക്കെത്തും. സെഷൻസ് കോടതി ഉത്തരവ് സസ്‌പെൻഡ് ചെയ്യാനുള്ള അസാധാരണ സാഹചര്യമാണ് ഉണ്ടായതെന്നും കോടതി വിലിയിരുത്തി. വധശ്രമക്കേസിലാണ് ശിക്ഷിച്ചതെങ്കിലും മുറിവുകൾ ഗുരുതരമല്ലെന്ന ഡോക്ടർമാരുടെ റിപ്പോർട്ടും കോടതി കണക്കിലെടുത്തു.
ഉത്തരവ് സസ്‌പെൻഡ് ചെയ്താലും എംപി.സ്ഥാനം തിരികെലഭിക്കില്ലെന്ന അഡീഷണൽ സോളിസിറ്റർ ജനറലിന്റെ വാദം കോടതി തള്ളി. ഇക്കാര്യത്തിൽ വ്യക്തതവരുത്തി ലില്ലി തോമസും കേന്ദ്രസർക്കാരും തമ്മിലുള്ള കേസിലടക്കം സുപ്രീംകോടതിയുടെ ഉത്തരവുകൾ സിംഗിൾ ബെഞ്ച് ചൂണ്ടിക്കാട്ടി.
മറുനാടന്‍ മലയാളി ബ്യൂറോ