ന്യൂഡൽഹി: ബംഗാളിൽ ഗവർണ്ണർ-ബിജെപി പോരോ? ഗവർണ്ണറുടെ പ്രവർത്തനത്തിൽ ബിജെപി. സംസ്ഥാന നേതൃത്വത്തിനാണ് അതൃപ്തി. ഗവർണ്ണറുടെ പ്രവർത്തനങ്ങളിൽ സംസ്ഥാന നേതൃത്വം അതൃപ്തി പരസ്യമാക്കിയതിന് പിന്നാലെ ബംഗാൾ ഗവർണർ സി.വി. ആനന്ദബോസിനെ ഡൽഹിക്ക് വിളിപ്പിച്ചു. ആനന്ദബോസിനെതിരായ നീക്കത്തിന് പിന്നിൽ കേരളത്തിലെ ചില നേതാക്കൾക്കും പങ്കുണ്ടെന്നാണ് സൂചന.

പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസുമായി അടുപ്പം കാണിക്കുന്നുവെന്ന് ആരോപിച്ച് സംസ്ഥാന നേതൃത്വം ഗവർണർക്കെതിരെ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രം അദ്ദേഹത്തെ ഡൽഹിക്ക് വിളിപ്പിച്ചതെന്ന് ടൈംസ് നൗ റിപ്പോർട്ട് ചെയ്തു. വ്യാഴാഴ്ച രാത്രി തന്നെ ഡൽഹിയിലേക്ക് തിരിക്കുമെന്നാണ് റിപ്പോർട്ട്. ബംഗാളിലെ നേതൃത്വത്തെ കേരളത്തിലെ ചിലർ ബന്ധപ്പെട്ടുവെന്നും സൂചനയുണ്ട്. ബംഗാൾ സർക്കാരുമായി അനന്ദബോസ് സമവായത്തിന്റെ സാധ്യതകളാണ് ആരാഞ്ഞിരുന്നത്. ഹൃദ്യമായ ബന്ധം തുടരുകയും ചെയ്തു.

തൃണമൂൽ കോൺഗ്രസ് വ്യാപകമായി ഉപയോഗിച്ചുപോരുന്ന ജയ് ബംഗ്ല എന്ന മുദ്രാവാക്യം പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പങ്കെടുത്ത പരിപാടിയിൽ ഗവർണർ ഉയർത്തിയിരുന്നു. ഇതാണ് സംസ്ഥാന ബിജെപി. നേതൃത്വത്തെ ചൊടിപ്പിച്ചത്. മമതയുമായി ഗവർണർ പ്രകടിപ്പിക്കുന്ന ചങ്ങാത്തത്തിൽ ബിജെപി. നേതൃത്വം അസ്വസ്ഥമാണ്. കുടുംബ സമേതം മുഖ്യമന്ത്രിയെ ഗവർണ്ണർ കണ്ടിരുന്നു. ഭരണത്തിൽ നല്ല ഇടപെടലുകളും നടത്തി. അതിവേഗം ഇവർ അടുത്തു. ഇതാണ് ബിജെപിയെ ചൊടിപ്പിക്കുന്നത്.

ഗവർണർ മുഖ്യമന്ത്രിയുടെ സെറോക്സ് മെഷീനായി എന്നായിരുന്നു രാജ്യസഭാ എംപി. സ്വപൻദാസ് ഗുപ്തയുടെ ആരോപണം. ഇതിന് പിന്നാലെ സംസ്ഥാന പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയും ഗവർണറുടെ പ്രവർത്തനങ്ങളിൽ നീരസം പ്രകടിപ്പിച്ചു. ഗവർണർ ക്ഷണിച്ച പരിപാടിയിൽ താൻ പങ്കെടുക്കില്ലെന്ന് സുവേന്ദു പരസ്യമായി പ്രഖ്യാപിച്ചു. ബിജെപി. നേതാക്കളാണ് ഇരുവരും. ഗവർണർക്കെതിരായ ബിജെപിയുടെ വിമർശനത്തിൽ പ്രതികരണവുമായി തൃണമൂൽ കോൺഗ്രസ് രംഗത്തെത്തി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടേയും അടുത്ത സുഹൃത്താണ് സ്വപൻദാസ് ഗുപ്ത. മുൻ ഗവർണർ ജഗ്ദീപ് ധൻകറുടെ വഴിയല്ല നിലവിലെ ഗവർണർ സ്വീകരിച്ചത്. അതിനാലാണ് സ്വപൻദാസ് ഗുപ്ത വിമർശനവുമായി രംഗത്തെത്തിയതെന്ന് തൃണമൂൽ എംപി. സൗഗത റോയ് പറഞ്ഞു. നീതിന്യായ സംവിധാനത്തിന്റെ സ്വതന്ത്രമായ പ്രവർത്തനത്തിന് സംരക്ഷണമൊരുക്കി ഗവർണ്ണർ ഇടപെടൽ നടത്തിയിരുന്നു. സുവേന്ദു അധികാരിക്ക് അനുകൂലമായി ഉണ്ടായ കോടതി ഉത്തരവ് ചോദ്യം ചെയ്ത് ചില അഭിഭാഷകർ കൊൽക്കത്ത ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് രാജശേഖർ മന്തക്കെതിരെ നടത്തിയ സമരത്തിന്റെ പശ്ചാത്തലത്തിലാണ് സംരക്ഷണം നൽകാൻ ഗവർണർ മുഖ്യമന്ത്രിക്ക് നിർദ്ദേശം നൽകിയത്.

സമരത്തെ തുടർന്ന് ചീഫ് ജസ്റ്റിസിന് കുറച്ചു സമയം കോടതിയിൽ നിന്നും വിട്ടു നിൽക്കേണ്ടി വന്നു. തുടർന്ന് ചീഫ് ജസ്റ്റിസുമായി സംസാരിച്ച ഗവർണർ കോടതിയുടെ ആശങ്ക മുഖ്യമന്ത്രിയെ അറിയിച്ചു. കോടതിയുടെ പ്രവർത്തനം തടസപ്പെടാതിരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ച ശേഷം ചീഫ് സെക്രട്ടറിയും ആഭ്യന്തര സെക്രട്ടറിയും സംസ്ഥാന പൊലീസ് മേധാവിയും ഗവർണറെ സന്ദർശിക്കാൻ മുഖ്യമന്ത്രി മമത ബാനർജി നിർദ്ദേശം നൽകി.

ഗവർണർ ഇവരുമായി ആശയവിനിമയം നടത്തി. ഒരു സാഹചര്യത്തിലും ജുഡീഷ്യറിയുടെ അന്തസിന് കോട്ടം തട്ടരുതെന്ന് ഡോ. ആനന്ദബോസ് ഉയർന്ന ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകുകയായിരുന്നു.