- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രധാനമന്ത്രിയെ 'ഗൗതം ദാസ് മോദി'യെന്നുവിളിച്ച് പരിഹസിച്ചു; മോദിയുടെ പേര് 'ദാമോദർ ദാസ്' എന്നാണെങ്കിലും ജോലി 'ഗൗതം ദാസി'ന്റേതാണെന്നും ഖേര കളിയാക്കി; ജാമ്യത്തിന് വേണ്ടി വാദിച്ചത് നാക്കുപിഴ എന്ന്; ഖേരയുടേയും മേവാനിയുടേയും അറസ്റ്റുകൾ സമാനം; സത്യം ജയിച്ചെന്ന് കോൺഗ്രസ്; ഇത് പ്രതികാര രാഷ്ട്രീയമോ?
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയിൽ പവൻ ഖേരയുടെയും കഴിഞ്ഞവർഷം ഗുജറാത്തിൽ കോൺഗ്രസ് നേതാവ് ജിഗ്‌നേഷ് മേവാനിയുടെയും അറസ്റ്റുകൾ സമാനമായ രീതിയിൽ. അറസ്റ്റിലായ പവൻ ഖേര ഇടക്കാല ജാമ്യം ലഭിച്ചതോടെ പുറത്തിറങ്ങി. പവൻ ഖേരയ്ക്ക് ഉജ്ജ്വല സ്വീകരണമാണ് പ്രവർത്തകർ ഏർപ്പെടുത്തിയത്. പൂച്ചെണ്ട് നൽകിയും മുദ്രാവാക്യം വിളിച്ചുമാണ് ഇദ്ദേഹത്തെ പ്രവർത്തകർ സ്വീകരിച്ചത്. ഇത് കോൺഗ്രസിന് രാഷ്ട്രീയ കരുത്തായി. കോൺഗ്രസ് പ്ലീനറി സമ്മേളനത്തിന് കിട്ടിയ ഊർജ്ജം.
അസം പൊലീസാണ് കിലോമീറ്ററുകൾ താണ്ടി പവൻ ഖേരയേയും മേവാനിയേയും അറസ്റ്റിനെത്തിയത്. മോദിക്കെതിരായ ട്വീറ്റായിരുന്നു എംഎൽഎ. ആയിരുന്ന മേവാനിയുടെ അറസ്റ്റിനു കാരണം. ഗോഡ്‌സെയെ ദൈവമായി കരുതുന്ന മോദി ഗുജറാത്തിലെ സമുദായകലാപങ്ങൾ നടന്നയിടങ്ങളിൽ സമാധാനത്തിന് ഇടപെടണം എന്നായിരുന്നു ട്വീറ്റ്. വിവാദമായപ്പോൾ ഇത് നീക്കംചെയ്തു. എന്നാൽ, അസമിലെ കൊക്രജാറിൽ ഒരു ബിജെപി. പ്രവർത്തകൻ പരാതി നൽകി. ഏപ്രിൽ 20-ന് രാത്രി അസം പൊലീസ് പാലൻപുരിലെത്തി മേവാനിയെ പിടികൂടി.
കൊക്രജാർ കോടതി 25-ന് ജാമ്യം നൽകിയപ്പോൾ വനിതാ പൊലീസിനെ അപമാനിച്ചെന്ന കേസിൽ ബാർപെറ്റ പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസിനെ ശക്തമായി വിമർശിച്ചാണ് സെഷൻസ് ജഡ്ജി അപരേഷ് ചക്രവർത്തി മേവാനിക്ക് ജാമ്യം നൽകിയത്. സമാനമായ രീതിയിൽ അസമിലെ പരാതിയെത്തുടർന്നാണ് പൊലീസ് ഡൽഹിയിലെത്തി പവൻ ഖേരയെ അറസ്റ്റ് ചെയ്തത്. എന്നാൽ, സുപ്രീംകോടതിയിൽ വിഷയം അടിയന്തരമായി ഉന്നയിക്കാനായത് കോൺഗ്രസിന് നേട്ടമായി. ഉടൻ ജാമ്യവും കിട്ടി. കേന്ദ്ര സർക്കാരിന്റേയും ബിജെപിയുടേയും പ്രതികാര രാഷ്ട്രീയത്തെയാണ് കോൺഗ്രസ് ചർച്ചയാക്കുന്നത്.
സത്യം ജയിച്ചു എന്നായിരുന്നു കോടതി വളപ്പിൽ നിന്ന് പുറത്തിറങ്ങിയ പവൻ ഖേര ആദ്യം പ്രതികരിച്ചത്. തനിക്കെതിരായ നടപടി, നിയമവിരുദ്ധമാണെന്നും രാഷ്ട്രീയ വേട്ടയാടലാണെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് പ്ലീനറി യോഗത്തിൽ പങ്കെടുക്കനാണ് പോകുന്നതെന്നും പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ചൊവ്വാഴ്ച വരെയാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. കേസുകൾ ഒന്നിച്ചാക്കണമെന്ന പവൻ ഖേരയുടെ ആവശ്യവും സുപ്രീം കോടതി അംഗീകരിച്ചിരുന്നു. പവൻ ഖേരയ്‌ക്കെതിരെ കേസെടുത്ത അസം, ഉത്തർപ്രദേശ് സംസ്ഥാനങ്ങൾക്ക് നോട്ടീസ് നൽകുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
പ്രധാനമന്ത്രിക്കെതിരായ പരാമർശത്തിലാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് കോടതിയെ അറിയിച്ചിരുന്നു. എന്നാൽ ഒരു നാക്കുപിഴയുടെ പേരിലാണ് ഗുരുതര കുറ്റം ചുമത്തിയതെന്നും നിർഭാഗ്യകരമായ സംഭവമെന്നും കോൺഗ്രസ് അഭിഭാഷകൻ മനു അഭിഷേക് സിങ് വി കോടതിയിൽ പറഞ്ഞു. പവൻ ഖേരയുടെ പരാമർശത്തിന്റെ വീഡിയോ കോടതി പരിശോധിച്ചു. ഇതിന് ശേഷമാണ് ഇടക്കാല ജാമ്യം അനുവദിച്ചത്.
അതേസമയം നരേന്ദ്ര മോദിയെ വിമർശിച്ചതിന്റെ പേരിൽ എഐസിസി വക്താവ് പവൻ ഖേരക്കെതിരായ നടപടി ജനാധിപത്യവിരുദ്ധമെന്ന് എഐസിസി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എം പി അഭിപ്രായപ്പെട്ടു. കോൺഗ്രസ് പ്ലീനറി സമ്മേളനത്തിനായി റായ്പൂരിലേക്ക് പുറപ്പെട്ട കോൺഗ്രസ് മാധ്യമവിഭാഗം മേധാവി പവൻഖേരയെ വ്യക്തമായ കാരണങ്ങളില്ലാതെയാണ് വിമാന യാത്രാനുമതി നിഷേധിച്ച് അറസ്റ്റ് ചെയ്തത്. കോൺഗ്രസ് നേതാക്കളും പ്രവർത്തകരുമായി നിരവധി പേർ വിമാനത്തിലുണ്ടായിരുന്നു.
വിമാനം പുറപ്പെടാൻ മിനിറ്റുകൾ മാത്രമുള്ളപ്പോഴാണ് പരിശോധനകാര്യങ്ങൾ ചൂണ്ടിക്കാട്ടി പവൻ ഖേരയെ വിമാനത്തിൽ നിന്നും പുറത്തേക്ക് ഇറക്കിയത്. താൻ അടക്കമുള്ളവർ അധികൃതരുടെ ഈ നടപടിയെ ചോദ്യം ചെയ്തു. പവൻ ഖേരക്ക് യാത്രാനുമതി നിഷേധിക്കാനുണ്ടായ കാര്യത്തെ കുറിച്ച് എയർലൈൻ അധികൃതരോട് വിശദീകരണം ചോദിച്ചപ്പോൾ ഡൽഹി പൊലീസിന്റെ നിർദ്ദേശ പ്രകാരമാണ് അദ്ദേഹത്തെ വിമാനത്തിൽ നിന്ന് പുറത്താക്കിയതെന്നാണ് മറുപടി നൽകിയത്.
വ്യവസായി ഗൗതം അദാനിയുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഉയരുന്നതിനിടെ, പവൻ ഖേര പത്രസമ്മേളനത്തിൽ പ്രധാനമന്ത്രിയെ 'ഗൗതം ദാസ് മോദി'യെന്നുവിളിച്ച് പരിഹസിച്ചതാണ് വിവാദമായത്. മോദിയുടെ പേര് 'ദാമോദർ ദാസ്' എന്നാണെങ്കിലും ജോലി 'ഗൗതം ദാസി'ന്റേതാണെന്നും ഖേര കളിയാക്കിയിരുന്നു. എന്നാൽ, നാക്കുപിഴ സംഭവിച്ചതാണെന്നാണ് ഖേരയുടെ വിശദീകരണം.
കഴിഞ്ഞ 20-നുനടന്ന പത്രസമ്മേളനത്തിലായിരുന്നു വിവാദപരാമർശം. 'എന്താണ് നരേന്ദ്ര...' എന്നു പറഞ്ഞശേഷം ബാക്കി കിട്ടാത്തതുപോലെ അഭിനയിച്ചായിരുന്നു ഖേരയുടെ പരിഹാസം. ഒപ്പമുണ്ടായിരുന്ന നേതാക്കൾ ദാമോദർ എന്നു പറഞ്ഞുകൊടുക്കുന്നതിനിടയിൽ, ഗൗതം ദാസ് മോദിയുടെ പ്രശ്‌നമെന്താണെന്ന് അദ്ദേഹം ചോദിച്ചു. പിന്നാലെ 'ഗൗതം ദാസാണോ ദാമോദർ ദാസാണോ' എന്നു സംശയവും ഉന്നയിച്ചു.
എല്ലാവരും ദാമോദർ ദാസ് എന്നു പറഞ്ഞപ്പോൾ, സോറി എന്നുപറഞ്ഞ ഖേര ചിരിച്ചുകൊണ്ട് ദാമോദർ ദാസാണെങ്കിലും ജോലി ഗൗതം ദാസാണെന്ന് പറഞ്ഞു. ഇതോടെ വേദിയിലിരുന്ന മറ്റുനേതാക്കളും ചിരിച്ചു.
മറുനാടന് മലയാളി ബ്യൂറോ