- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ശരദ് പവാറിനെ വീട്ടിലെത്തി നേരിട്ടുകണ്ട് അജിത് പവാറും അനുയായികളും; അനുഗ്രഹം തേടി എത്തിയതെന്ന് പ്രഫുൽ പട്ടേൽ; ഒറ്റക്കെട്ടായി നിൽക്കണമെന്ന് അഭ്യർത്ഥിച്ചതായി പ്രതികരണം; കൂടിക്കാഴ്ച പിളർപ്പിന് ശേഷം ആദ്യമായി; പ്രതികരിക്കാതെ ശരദ് പവാർ
മുംബൈ: മഹാരാഷ്ട്രയിൽ എൻ.സി.പിയെ പിളർത്തി ബിജെപി സഖ്യസർക്കാറിനൊപ്പം ചേർന്ന നാടകീയ നീക്കത്തിന് പിന്നാലെ പാർട്ടി ദേശീയ അധ്യക്ഷൻ ശരദ് പവാറിന്റെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തി അജിത് പവാറും അനുയായികളും. മുംബൈ സിൽവർ ഓക്കിലെ ശരദ് പവാറിന്റെ വീട്ടിലാണ് വെള്ളിയാഴ്ച അജിത് എത്തിയത്. അസുഖബാധിതയായ ശരദ് പവാറിന്റെ ഭാര്യ പ്രതിഭ പവാറിനെ കാണാൻ കൂടിയാണ് ബന്ധുകൂടിയായ അജിത് പവാർ എത്തിയതെന്നാണ് വിവരം.
അസുഖം കൂടിയതിനെ തുടർന്ന് പ്രതിഭ പവാറിനെ മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ശസ്ത്രക്രിയക്ക് വിധേയമായ ഇവർ കഴിഞ്ഞ ദിവസമാണ് ആശുപത്രി വിട്ടത്. ശരദ് പവാറുമായി ഭിന്നത നിലനിൽക്കുന്നതിനിടെയാണ് അജിത് പവാറിന്റെ സന്ദർശനം.
മഹാരാഷ്ട്ര സർക്കാരിൽ പുതുതായി ചുമതലയേറ്റ മന്ത്രിമാരും പ്രഫുൽ പട്ടേലിനേയും കൂട്ടിയാണ് അജിത് പവാർ, ശരദ് പവാറിനെ കണ്ടത്. തങ്ങൾ അനുഗ്രഹം തേടി എത്തിയതാണെന്നും ഒറ്റക്കെട്ടായി നിൽക്കണമെന്ന് ശരദ് പവാറിനോട് അഭ്യർത്ഥിച്ചതായും കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രഫുൽ പട്ടേൽ പറഞ്ഞു. പിളർപ്പിന് ശേഷം ആദ്യമായിട്ടാണ് അജിത് പവാർ പക്ഷ നേതാക്കൾ ശരദ് പവാറിനെ നേരിൽ കാണുന്നത്.
'ശരദ് പവാറിന്റെ അനുഗ്രഹം തേടാനാണ് ഞങ്ങൾ എല്ലാവരും ഇന്ന് ഇവിടെ വന്നത്. എൻ.സി.പി. ഒറ്റക്കെട്ടായി നിൽക്കണമെന്ന് ഞങ്ങൾ പവാർ സാഹിബിനോട് അഭ്യർത്ഥിച്ചു. ഇതേക്കുറിച്ച് ശരദ് പവാർ പ്രതികരിച്ചിട്ടില്ല, പ്രഫുൽ പട്ടേൽ പറഞ്ഞു.
ജൂലൈ രണ്ടിനാണ് അജിത് പവാറിന്റെ നേതൃത്വത്തിൽ എൻ.സി.പിയിൽ കലാപമുയർന്നത്. പാർട്ടിയെ പിളർത്തി മറുകണ്ടം ചാടിയ അജിത് പവാറിന് ഉപമുഖ്യമന്ത്രി സ്ഥാനവും ഒപ്പം വന്ന ഒമ്പത് എംഎൽഎമാർക്ക് മന്ത്രി സ്ഥാനവും ലഭിച്ചിരുന്നു. ദേശീയതലത്തിൽ പ്രതിപക്ഷ ഐക്യത്തിന് ശരദ് പവാർ ശ്രമം നടത്തുന്ന പശ്ചാത്തലത്തിൽ കനത്ത തിരിച്ചടിയായിരുന്നു അജിത് പവാറിന്റെ ഈ നീക്കം.
കഴിഞ്ഞ ദിവസം മന്ത്രിസഭ വികസനം നടത്തിയപ്പോൾ അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എൻ.സി.പി വിമതർ പ്രധാന വകുപ്പുകൾ നേടിയെടുത്തിരുന്നു. മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയുടെ ശിവസേന വിമതപക്ഷത്തിന്റെയും സംസ്ഥാന ബിജെപിയുടെയും എതിർപ്പുകൾ മറികടന്ന് ധനകാര്യം, ആസൂത്രണം, കൃഷി തുടങ്ങി 11 വകുപ്പുകളാണ് അജിത് പക്ഷം നേടിയെടുത്തത്.
ധനകാര്യ, ആസൂത്രണ വകുപ്പുകൾ അജിത് പവാറിന് നൽകിയത് ഷിൻഡെപക്ഷത്തിനും മറ്റൊരു ഉപമുഖ്യമന്ത്രിയായ ബിജെപിയിലെ ദേവേന്ദ്ര ഫഡ്‌നാവിസിനും തിരിച്ചടിയായി. ഫഡ്‌നാവിസ് കൈകാര്യംചെയ്തുവന്ന വകുപ്പുകളാണിത്. അമിത് ഷാ ഉൾപെടെയുള്ള ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലോടെയാണ് ധനകാര്യം അജിതിന് വിട്ടുകൊടുത്തത്.
മുൻ ഉദ്ധവ് താക്കറെ (എം വിഎ) സർക്കാറിലും ധനകാര്യം അജിതിനായിരുന്നു. അന്ന് അജിത് തങ്ങളുടെ മണ്ഡലങ്ങളിലെ വികസനപ്രവർത്തനങ്ങൾക്ക് ഫണ്ട് അനുവദിച്ചില്ല എന്നതാണ് വിമത നീക്കത്തിനുള്ള കാരണമായി ഷിൻഡെ പക്ഷം ആരോപിച്ചത്. ഷിൻഡെ മന്ത്രിസഭയിലും അജിതിന് ധനകാര്യം ലഭിച്ചതോടെ ഈ ആരോപണമാണ് പൊളിയുന്നത്. സഹകരണ മേഖലയിലെ അഴിമതി കേസുകളിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം നേരിടുന്ന ആളാണ് അജിത്. ഇഷ്ട വകുപ്പുകൾ നേടിയെടുത്ത് സർക്കാറിൽ ഷിൻഡെ പക്ഷത്തേക്കാൾ ശക്തർ തങ്ങളാണെന്ന് അജിത് പക്ഷം തെളിയിച്ചതായി നിരീക്ഷിക്കപ്പെടുന്നു.




