ജയ്പുർ: മണിപ്പൂർ സംഭവം പരാമർശിക്കവെ സ്ത്രീസുരക്ഷാ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആശങ്ക രേഖപ്പെടുത്തിയ രീതി രാജസ്ഥാൻ ജനതയുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതാണെന്ന് സംസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്. കലാപരൂക്ഷിതമായ മണിപ്പുരിൽ സ്ത്രീകളെ നഗ്‌നരാക്കി പൊതുവിടത്തിൽ നടത്തിക്കുന്നതിന്റെ വീഡിയോദൃശ്യങ്ങളും സ്ത്രീകളെ ലൈംഗികമായുൾപ്പെടെ ഉപദ്രവിക്കുന്ന വാർത്തകളും പുറത്തുവന്നതിന് പിന്നാലെ രാജസ്ഥാൻ, ഛത്തീസ്‌ഗഢ്, മണിപ്പുർ എന്നീ സംസ്ഥാനങ്ങളിലെ ക്രമസമാധാനപാലനത്തിൽ മുഖ്യമന്ത്രിമാർ കുറച്ചുകൂടി ശ്രദ്ധ ചെലുത്തേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി പ്രതികരിച്ചിരുന്നു. മോദിയുടെ ഈ പരാമർശം രാജസ്ഥാനിലെ ജനങ്ങളുടെ ആത്മാഭിമാനത്തിന് ക്ഷതമേൽപിച്ചിരിക്കുകയാണെന്ന് ഗോലോട്ട് ശനിയാഴ്ച പറഞ്ഞു.

സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിൽ കോൺഗ്രസ് സർക്കാർ പരാജയപ്പെട്ടെന്ന് ആക്ഷേപം ഉന്നയിച്ചതിന് മന്ത്രിയായ രാജേന്ദ്ര സിങ് ഗുഠേയെ ഗെലോട്ട് മന്ത്രിസഭയിൽ നിന്ന് വെള്ളിയാഴ്ച പുറത്താക്കിയിരുന്നു. സംസ്ഥാനത്തിന്റെ ആഭ്യന്തരവകുപ്പ് മറ്റാരെയെങ്കിലും ഏൽപ്പിക്കുന്നതാണ് നല്ലതെന്ന് രാജേന്ദ്ര സിങ് ഗുഠേ ശനിയാഴ്ച അഭിപ്രായപ്രകടനം നടത്തിയതിന് തൊട്ടുപിന്നാലെയാണ് മോദിയെ കടന്നാക്രമിച്ചുകൊണ്ട് ഗെലോട്ട് രംഗത്തെത്തിയത്. മണിപ്പുരിൽ നൂറിലേറെ ബലാത്സംഗക്കേസുകൾ ഉണ്ടായതായും 4000 -ലേറെ പ്രാഥമികാന്വേഷണറിപ്പോർട്ടുകൾ ഇതിനോടകം രജിസ്റ്റർ ചെയ്തതായും മണിപ്പുർ മുഖ്യമന്ത്രി എൻ. ബിരേൻ സിങ് വെളിപ്പെടുത്തിയതായി ഗെലോട്ട് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

'മണിപ്പുർ സംഭവത്തിൽ ദുഃഖം രേഖപ്പെടുത്താൻ പ്രധാനമന്ത്രി സ്വീകരിച്ച രീതി രാജസ്ഥാനിലെ ജനങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തുന്നതാണ്. രാജസ്ഥാൻ, ഛത്തീസ്‌ഗഢ്, മണിപ്പുർ എന്നിവടങ്ങളിലെ മുഖ്യമന്ത്രിമാരോട് ക്രമസമാധാനനിലയിൽ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് പറയാനാഗ്രഹിക്കുകയാണന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. മണിപ്പുരിൽ എന്താണ് നടക്കുന്നത്? രാജ്യത്തെ 140 കോടി ജനങ്ങൾ ലജ്ജയാൽ തലകുനിക്കണമെന്നാണ് പ്രധാനമന്ത്രി പയുന്നത്. എന്നാൽ, അതല്ല യഥാർഥ്യം. കേന്ദ്രസർക്കാരിന്റെ പ്രവൃത്തികളിലും പരാജയങ്ങളിലും ഉത്തരവാദിത്വമില്ലായ്മയിലും ജനങ്ങൾ മടുത്തിരിക്കുകയാണ്. നിമിഷനേരം മാത്രമാണ് പ്രധാനമന്ത്രി ഇതുവരെ മണിപ്പുരിനെ കുറിച്ച് സംസാരിച്ചത്, അതും പേരിന്', ഗെലോട്ട് പറഞ്ഞു.

അതേ സമയം രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ സ്ത്രീകൾക്കെതിരായി നടക്കുന്ന അതിക്രമങ്ങളുമായി ബന്ധപ്പെട്ട് ബിജെപിയും കോൺഗ്രസും തമ്മിൽ വാക്‌പോര് തുടരുകയാണ്. മണിപ്പുരിൽ കുക്കി വംശജരായ രണ്ട് സ്ത്രീകളെ നഗ്‌നരാക്കി നടത്തിയതിന്റെ വിഡിയോ പുറത്തുവന്നതിനെ തുടർന്ന് പ്രതിരോധത്തിലായ ബിജെപി, കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിൽ സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങളുടെ കണക്കിലൂന്നി തിരിച്ചടിക്കാനുള്ള ശ്രമങ്ങളാണു നടത്തുന്നത്.

രാജ്യത്ത് ബലാത്സംഗക്കേസുകൾ ഏറ്റവും കൂടുതൽ രജിസ്റ്റർ ചെയ്യുന്നത് രാജസ്ഥാനിലാണെന്നും മുഖ്യമന്ത്രി അശോക് ഗെലോട്ട് രാജിവയ്ക്കണമെന്നും കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ ആവശ്യപ്പെട്ടു. രാജ്യത്തെ ബലാത്സംഗക്കേസുകളിൽ 22 ശതമാനവും രാജസ്ഥാനിലാണെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. സ്ത്രീകൾക്കെതിരായ അക്രമത്തിന് എതിരായ പ്രതിഷേധം ഭരിക്കുന്ന സർക്കാരിനെ നോക്കിയല്ല ഉയർത്തേണ്ടതെന്നും അനുരാഗ് ഠാക്കൂർ പറഞ്ഞു.

അടുത്തിടെ ഇത്തരം കേസുകൾ റിപ്പോർട്ട് ചെയ്ത ബംഗാൾ, ബിഹാർ, രാജസ്ഥാൻ എന്നിവിടങ്ങളിലേക്ക് പ്രതിപക്ഷം പ്രത്യേക സംഘത്തെ അയയ്ക്കുമോ. രാജസ്ഥാനിലെ പ്രശ്നങ്ങൾ തുറന്നു പറഞ്ഞ മന്ത്രിയെ പുറത്താക്കിയ അശോക് ഗലോട്ടിന്റെ നടപടി അപലപനീയമാണ്. പുറത്താക്കപ്പെട്ട മന്ത്രി ശാന്തി ദരിവാൾ സംസ്ഥാനത്തു നടക്കുന്ന ലൈംഗിക അതിക്രമങ്ങളെക്കുറിച്ചു പറഞ്ഞതിൽ സോണിയാ ഗാന്ധിയും രാഹുലും പ്രിയങ്കയും എന്തുകൊണ്ടാണു മൗനം പാലിക്കുന്നതെന്നും ഠാക്കൂർ ചോദിച്ചു.

ബംഗാളിലെ മാൾഡയിൽ രണ്ട് ദളിത് സ്ത്രീകളെ നഗ്‌നരാക്കി മർദിക്കുന്നതിന്റെ വിഡിയോ പുറത്തുവന്നപ്പോൾ കോൺഗ്രസ് മൗനം പാലിച്ചത് എന്തുകൊണ്ടാണെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി ചോദിച്ചു. ബംഗാളിൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആളുകളെ കൊന്നൊടുക്കിയപ്പോൾ കോൺഗ്രസ് കാഴ്ചക്കാരായി നിന്നു. തൃണമൂലുമായി കേന്ദ്രത്തിൽ സഖ്യമുണ്ടാക്കാൻ വേണ്ടിയായിരുന്നു ഇതെന്നും സ്മൃതി പറഞ്ഞു.