- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'കത്തെഴുതാൻ എളുപ്പമാണ്; കത്തിലെ വാക്കുകളും പ്രവൃത്തികളും തമ്മിൽ പ്രകടമായ വ്യത്യസങ്ങളുണ്ട്; പാർലമെന്റിൽ സർക്കാർ അസഹിഷ്ണുത കാണിക്കുന്നു'; അമിത് ഷായുടെ കത്തിന് മറുപടിയുമായി മല്ലികാർജുൻ ഖാർഗെ
ന്യൂഡൽഹി: മണിപ്പുർ വിഷയത്തിൽ കേന്ദ്രസർക്കാർ ചർച്ചയ്ക്ക് തയ്യാറെന്ന് അറിയിച്ച് കത്തെഴുതിയ ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് മറുപടിയുമായി കോൺഗ്രസ് അധ്യക്ഷനും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖാർഗെ. കത്തെഴുതാൻ എളുപ്പമാണ്, പക്ഷെ അമിത് ഷായുടെ കത്തിലെ വാക്കുകളും പാർലമെന്റിൽ ഭരണകക്ഷിയുടെ പ്രവൃത്തികളും തമ്മിൽ ചേർച്ചയില്ലെന്ന് ഖാർഗെ മറുപടിയിൽ പറയുന്നു.
മണിപ്പുർ പ്രശ്നത്തെച്ചൊല്ലിയുള്ള പാർലമെന്റ് സ്തംഭനം ഒഴിവാക്കാൻ സഹകരിക്കണമെന്നഭ്യർഥിച്ചാണ് കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാക്കൾക്ക് അമിത് ഷാ കത്തെഴുതിയത്. മല്ലികാർജുൻ ഖാർഗെ, അധീർ രഞ്ജൻ ചൗധരി എന്നിവർക്കാണ് കത്ത് നൽകിയത്. സർക്കാരിനു ഭയമില്ലെന്നും ഒന്നും മറച്ചുവെക്കാനില്ലെന്നും ഏതു വിഷയവും ചർച്ചചെയ്യാൻ തയ്യാറാണെന്നും അമിത് ഷാ കത്തിൽ പറഞ്ഞിരുന്നു.
'നിങ്ങളിൽ നിന്ന് ലഭിച്ച കത്ത് വസ്തുനിഷ്ഠമായ ഒന്നല്ല, കത്തിലെ വാക്കുകളും പ്രവൃത്തികളും തമ്മിൽ പ്രകടമായ വ്യത്യസങ്ങളുണ്ട്. പാർലമെന്റിൽ സർക്കാർ അസഹിഷ്ണുത കാണിക്കുകയാണ്. അവരുടെ ഇഷ്ടങ്ങൾ അടിച്ചേൽപ്പിക്കുകയാണ്' ഖാർഗെ മറുപടി കത്തിൽ വ്യക്തമാക്കി.
മണിപ്പുർ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു പ്രസ്താവന നടത്തണമെന്നാണ് തങ്ങൾ ആവശ്യപ്പെടുന്നതെന്നും അതിന് ശേഷം ചർച്ചയാകാമെന്നും കോൺഗ്രസ് അധ്യക്ഷൻ പറഞ്ഞു.
'ഒരേ ദിവസം, പ്രധാനമന്ത്രി മോദി ഞങ്ങളെ തീവ്രവാദ സംഘടനകളുമായി താരതമ്യപ്പെടുത്തി, പ്രതിപക്ഷ പാർട്ടികളുടെ സഹകരണം അഭ്യർത്ഥിച്ച് ആഭ്യന്തരമന്ത്രി കത്തെഴുതുകയും ചെയ്തു. സർക്കാരും പ്രതിപക്ഷവും തമ്മിലുള്ള അകലം വർഷങ്ങളായിട്ടുണ്ട്. എന്നാൽ ഇപ്പോൾ ഭരണത്തിലും ഒരു വിടവ് കാണുന്നു. പ്രധാനമന്ത്രി മോദി 'ഇന്ത്യ'യെ ദിശാബോധമില്ലാത്തവരെന്ന് വിളിക്കുന്നത് നിർഭാഗ്യകരമാണ്' ഖാർഗെ ട്വിറ്ററിൽ കുറിച്ചു.
തുടർച്ചയായ നാലാം ദിവസം മണിപ്പൂർ വിഷയത്തിൽ പാർലമെന്റ് സ്തംഭിച്ചിരുന്നു. ഇതേ തുടർന്നാണ് ആഭ്യന്തര മന്ത്രി തന്നെ നേരിട്ട് അനുനയ നീക്കത്തിന് ഇറങ്ങിയത്. പ്രതിപക്ഷത്തിന് സഹകരണത്തിൽ താൽപര്യമില്ല. അവർക്ക് ദളിതുകളുടെയോ സ്ത്രീകളുടെയോ കാര്യത്തിൽ യാതൊരു താൽപര്യമില്ല. അവരുടെ മുദ്രാവാക്യങ്ങൾ എന്തിന് വേണ്ടിയാണെന്ന് സ്പഷ്ടമാണ്. പക്ഷേ ഇരുസഭകളിലെയും പ്രതിപക്ഷ നേതാക്കൾക്ക് ഞാൻ കത്തയച്ചിട്ടുണ്ട്.
മണിപ്പൂരിൽ വിശദമായ ചർച്ചയ്ക്ക് ഞാൻ തയ്യാറാണ്. സർക്കാരിന് ഈ വിഷയത്തിൽ ഭയമില്ല. ചർച്ചകൾ ആവശ്യമുള്ള ആരെയും ഞങ്ങൾ സ്വാഗതം ചെയ്യുമെന്നും ആഭ്യന്തര മന്ത്രി ലോക്സഭയിൽ വ്യക്തമാക്കി. ഞങ്ങൾക്കൊന്നും മറയ്ക്കാനില്ല. നമുക്കെല്ലാം തെരഞ്ഞെടുപ്പിനെ നേരിടാനുള്ളതാണ്. ജനങ്ങൾ നിങ്ങളെ കാണുന്നുണ്ട്. മണിപ്പൂരിലെ ഈ വൈകാരിക വിഷയത്തിൽ ചർച്ചയ്ക്ക് അനുയോജ്യമായ അന്തരീക്ഷം ഒരുക്കുകയാണ് വേണ്ടതെന്നും അമിത് ഷാ പറഞ്ഞു. ഇതേ കാര്യങ്ങൾ ആഭ്യന്തര മന്ത്രി ട്വീറ്റ് ചെയ്തിരുന്നു.




