സികാർ: രാജസ്ഥാൻ നിയമസഭയിൽ കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ നാടകീയ സംഭവങ്ങളുടെ ചുവടുപിടിച്ച് കോൺഗ്രസിനും മുഖ്യമന്ത്രി അശോക് ഗെലോട്ടിനുമെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജസ്ഥാനിലെ മുന്മന്ത്രി ഉയർത്തിയ 'ചുവപ്പ് ഡയറി' വിവാദമാണ് മോദി ആയുധമാക്കിയത്. കോൺഗ്രസ് മറച്ചുവെക്കാൻ ആഗ്രഹിക്കുന്ന രഹസ്യങ്ങൾ പലതും ചുവപ്പ് ഡയറി പുറത്തുകൊണ്ടുവരുമെന്ന് അദ്ദേഹം ആരോപിച്ചു. േ

കാൺഗ്രസ് സർക്കാരിന്റെ രഹസ്യ ഇടപാടുകളുടെ വിവരങ്ങളാണ് ചുവപ്പ് ഡയറിയിൽ ഉള്ളതെന്നാണ് പറയപ്പെടുന്നത്. ഡയറി തുറന്നാൽ പല സുപ്രധാന പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാകും എന്നാണ് ജനങ്ങൾ പറയുന്നതെന്നും രാജസ്ഥാനിലെ സികാറിൽ പൊതുപരിപാടിയിൽ സംസാരിക്കവെ അദ്ദേഹം പരിഹസിച്ചു.

ഡയറി രംഗത്തുവന്നതോടെ കോൺഗ്രസിലെ പ്രമുഖ നേതാക്കൾപോലും നിശബ്ദരായെന്ന് അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പിൽ ഈ ഡയറി കോൺഗ്രസിന് വലിയ തിരിച്ചടി നൽകും. മുഖ്യമന്ത്രി അശോക് ഗെഹ്ലോത് രാജസ്ഥാന്റെ വികസനം തടസപ്പെടുത്തുകയാണ്. തങ്ങളുടെ അമ്മമാരും സഹോദരിമാരും നേരിടേണ്ടിവരുന്ന അതിക്രമങ്ങൾ രാജസ്ഥാനിലെ ജനങ്ങൾ പൊറുക്കില്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

അതിനിടെ, പ്രധാനമന്ത്രിക്ക് മറുപടിയുമായി രാജസ്ഥാൻ മുഖ്യമന്ത്രി ഗെലോട്ടും രംഗത്തെത്തി. സാങ്കൽപ്പിക ഡയറിയുടെ പേരിലാണ് വിമർശനം ഉന്നയിക്കുന്നതെന്ന് അദ്ദേഹം തിരിച്ചടിച്ചു. ചുവന്ന ഡയറി മാത്രമേ അദ്ദേഹം കാണുന്നുള്ളൂ. ചുവന്ന തക്കാളിയും ചുവന്ന പാചകവാതക സിലിണ്ടറുകളും കാണുന്നില്ല. തക്കാളിയുടെയും പാചകവാതകത്തിന്റെയും വില ജനങ്ങളുടെ കുടുംബ ബജറ്റ് താളംതെറ്റിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

രാജസ്ഥാൻ നിയമസഭയിൽ കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ നാടകീയ സംഭവങ്ങൾക്കിടെയാണ് ചുവപ്പ് ഡയറി വിവാദം ഉയർന്നുവന്നത്. സ്ത്രീസുരക്ഷ സംബന്ധിച്ച് സ്വന്തം സർക്കാരിനെതിരെ വിമർശനമുന്നയിച്ച രാജേന്ദ്ര സിങ് ഗുഠയെ ഗെഹ്ലോത് സർക്കാർ മന്ത്രിസ്ഥാനത്തുനിന്ന് നീക്കിയിരുന്നു. പിന്നാലെ അദ്ദേഹം ഒരു ചുവപ്പ് ഡയറിയുമായി സഭയിലെത്തുകയും അതിലെ രഹസ്യങ്ങൾ പരസ്യമാക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ ഗുഠയെ കോൺഗ്രസ് എംഎൽഎമാർ അടക്കമുള്ളവർചേർന്ന് വലിച്ചു പുറത്താക്കിയെന്നാണ് ആരോപണം.

ഗെലോട്ട് സർക്കാർ വിമത ഭീഷണി നേരിട്ടകാലത്ത് ഭരണം നിലനിർത്താൻ നടത്തിയ ഇടപാടുകളുടെ കണക്കുകളാണ് ഡയറിയിൽ ഉള്ളതെന്നാണ് ഗുഠ ആരോപിക്കുന്നത്. എന്നാൽ, ഗുഠയുടെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് കോൺഗ്രസ് പറയുന്നു. അതിനിടെയാണ് പ്രധാനമന്ത്രിതന്നെ വിഷയം ഉന്നയിച്ച് രംഗത്തെത്തിയിട്ടുള്ളത്.

വിവിധ വികസന പദ്ധതികളുമായി ബന്ധപ്പെട്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാജസ്ഥാനിലെ സിക്കാർ സന്ദർശനത്തിനു മണിക്കൂറുകൾക്കു മുൻപ്, പരിപാടിയിൽ മുൻകൂട്ടി ഷെഡ്യൂൾ ചെയ്ത തന്റെ 3 മിനിറ്റ് പ്രസംഗം പ്രധാനമന്ത്രിയുടെ ഓഫിസ് നീക്കം ചെയ്‌തെന്ന ആരോപണവുമായി അശോക് ഗെലോട്ട് രംഗത്ത് വന്നിരുന്നു. അതിനാൽ പ്രധാനമന്ത്രിയെ ട്വിറ്ററിലൂടെ മാത്രമേ സ്വാഗതം ചെയ്യാൻ കഴിയൂ എന്നും ഗെലോട്ട് ട്വീറ്റ് ചെയ്തു.

''ഇന്ന് നിങ്ങൾ രാജസ്ഥാൻ സന്ദർശിക്കുകയാണ്. നിങ്ങളുടെ ഓഫിസ് എന്റെ മുൻകൂട്ടി ഷെഡ്യൂൾ ചെയ്ത 3 മിനിറ്റ് പ്രസംഗം പരിപാടിയിൽനിന്ന് നീക്കംചെയ്തു. അതിനാൽ എനിക്ക് നിങ്ങളെ പ്രസംഗത്തിലൂടെ സ്വാഗതം ചെയ്യാൻ കഴിയില്ല. ആയതിനാൽ, ഈ ട്വീറ്റിലൂടെ ഞാൻ നിങ്ങളെ രാജസ്ഥാനിലേക്ക് സ്വാഗതം ചെയ്യുന്നു'' ഗെലോട്ട് ട്വീറ്റ് ചെയ്തു. ''ഈ പരിപാടിയിലെ പ്രസംഗത്തിലൂടെ ഉന്നയിക്കാനുള്ള ആവശ്യങ്ങൾ ഈ ട്വീറ്റിലൂടെ ഞാൻ മുന്നോട്ട് വയ്ക്കുന്നു. 6 മാസത്തിനുള്ളിൽ നടത്തുന്ന ഈ ഏഴാമത് യാത്രയിൽ നിങ്ങൾ അവ പൂർത്തിയാക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു'' ഗെലോട്ട് ട്വീറ്റ് ചെയ്തു.

ഗെലോട്ടിന്റെ ട്വീറ്റിനു തൊട്ടുപിന്നാലെ പ്രധാനമന്ത്രിയുടെ ഓഫിസ് അദ്ദേഹത്തിന്റെ ആരോപണം നിഷേധിച്ചു. പരിപാടിയിൽ പങ്കെടുക്കാൻ ഗെലോട്ടിനെ സ്വാഗതം ചെയ്യുന്നതായി പ്രധാനമന്ത്രിയുടെ ഓഫിസ് ട്വീറ്റ് ചെയ്തു. ''പ്രോട്ടോക്കോൾ അനുസരിച്ച്, നിങ്ങളെ ക്ഷണിച്ചു. നിങ്ങളുടെ പ്രസംഗവും ഷെഡ്യൂൾ ചെയ്തു. പക്ഷേ, നിങ്ങൾക്ക് പങ്കെടുക്കാൻ കഴിയില്ലെന്നു നിങ്ങളുടെ ഓഫിസ് അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുൻ സന്ദർശനങ്ങളിലും നിങ്ങളെ ക്ഷണിക്കുകയും നിങ്ങൾ പങ്കെടുക്കുകയും ചെയ്തിരുന്നു. ഇന്നത്തെ പരിപാടിയിലും പങ്കെടുക്കാൻ നിങ്ങളെ സ്വാഗതം ചെയ്യുന്നു'' പ്രധാനമന്ത്രിയുടെ ഓഫിസ് ട്വീറ്റ് ചെയ്തു.