ന്യൂഡൽഹി: മണിപ്പൂർ കലാപത്തിന്റെ പേരിൽ ബിജെപിയിൽ പ്രതിഷേധം കടുക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര സർക്കാരിനെയും പാർട്ടി നേതൃത്വത്തെയും വിമർശിച്ച് ബിജെപി നേതാവ് വിനോദ് ശർമ്മയാണ് പാർട്ടി അംഗത്വമടക്കം രാജിവച്ചത്. ബിഹാറിൽ ബിജെപിയുടെ വക്താവായിരുന്നു ഇദ്ദേഹം. കേന്ദ്ര സർക്കാരിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറങ്ങുകയാണെന്നും മണിപ്പൂർ മുഖ്യമന്ത്രിയെ പുറത്താക്കാനുള്ള ധൈര്യം പാർട്ടിക്കില്ലെന്നും കുറ്റപ്പെടുത്തി. ബിജെപിയുടെ സ്ത്രീ ശാക്തീകരണവും ഹിന്ദു ധർമ സംരക്ഷണവും ഇതാണോയെന്നും രാജി നൽകിയശേഷം വിനോദ് ശർമ ചോദിച്ചു.

''രാജ്യത്തെ അപമാനിക്കുന്നതായിരുന്നു മണിപ്പുർ സംഭവം. പ്രധാനമന്ത്രി ഇപ്പോഴും ഉറങ്ങുകയാണ്. അദ്ദേഹത്തിന് ഇപ്പോഴും മുഖ്യമന്ത്രി ബിരേൻ സിങ്ങിനെ പുറത്താക്കാനുള്ള ധൈര്യമില്ല. ഇതുപോലെ സ്ത്രീകൾ നഗ്‌നരാക്കി നടത്തപ്പെടുന്ന അനവധി സംഭവങ്ങളുണ്ടെന്ന മുഖ്യമന്ത്രി എൻ.ബിരേൻ സിങ്ങിന്റെ പ്രസ്താവന രാജ്യത്തെ നാണം കെടുത്തുന്നതാണ്. ഇതുപോലൊരു സംഭവം പുറത്തു വന്നപ്പോൾ തന്നെ സംസ്ഥാന സർക്കാരിനേയും, കേന്ദ്ര സർക്കാരിനേയും നീക്കേണ്ടതായിരുന്നു. ഒരു മനുഷ്യനെന്ന നിലയിൽ ഇതെനിക്ക് സഹിക്കാനാകുന്നില്ല. ഇതുപോലൊരു സംഭവം രാജ്യത്ത് ഒരിടത്തും സംഭവിക്കരുതെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡയ്ക്കും കത്തയച്ചിട്ടുണ്ട്.'' വിനോദ് ശർമ പറഞ്ഞു.

മണിപ്പൂർ കലാപത്തെ ചൊല്ലി പാർലമെന്റ് തുടർച്ചയായ ആറാം ദിവസവും പ്രതിഷേധത്തിൽ സ്തംഭിച്ചു. കറുത്ത വസ്ത്രം ധരിച്ചെത്തിയ പ്രതിപക്ഷം നടപടികൾ സ്തംഭിപ്പിച്ചു. പ്രധാനമന്ത്രി പാർലമെന്റിൽ സംസാരിക്കും വരെ പ്രതിഷേധം തുടരുമെന്ന് പ്രതിപക്ഷ അംഗങ്ങൾ മുന്നറിയിപ്പ് നൽകി. പ്രതിപക്ഷം ലോക് സഭ നടപടികൾ രണ്ട് തവണ സ്തംഭിപ്പിച്ചു. ചർച്ചയില്ലെന്ന് ചെയർമാൻ വ്യക്തമാക്കിയതോടെ ആദ്യം രാജ്യസഭ സ്തംഭിപ്പിച്ചു. ഉച്ചക്ക് ശേഷം നടപടികൾ ബഹിഷ്‌ക്കരിച്ച് ഇറങ്ങി പോയി.

പ്രധാനമന്ത്രിയുടെ വിദേശ സന്ദർശനങ്ങളടക്കം മന്ത്രാലയത്തിന്റെ പ്രവർത്തനങ്ങൾ വിശദീകരിച്ച് വിദേശ കാര്യമന്ത്രി എസ് ജയ്ശങ്കർ നടത്തിയ പ്രസംഗം ലോക്സഭയിലും രാജ്യസഭയിലും പ്രതിപക്ഷം തടസപ്പെടുത്തി. കുപിതനായി എഴുന്നേറ്റ മന്ത്രി പിയൂഷ് ഗോയൽ ഭരണപക്ഷത്തെ തടസപ്പെടുത്തിയാൽ പ്രതിപക്ഷത്ത് നിന്ന് ആരേയും സംസാരിക്കാൻ അനുവദിക്കില്ലെന്ന് തിരിച്ചടിച്ചു.

പ്രധാനമന്ത്രി സംസരിച്ചേ മതിയാവൂയെന്ന കടുത്ത നിലപാടുമായി പ്രതിപക്ഷ നേതാക്കൾ പാർലമെന്റ് വളപ്പിലും പ്രതിഷേധിച്ചു. പ്രതിപക്ഷ പ്രതിഷേധം കൂടുതൽ കടുക്കുന്നതോടെ അവിശ്വാസ പ്രമേയ ചർച്ചക്കുള്ള തീയതി പത്ത് ദിവസത്തിനുള്ളിൽ സ്പീക്കർ തീരുമാനിക്കുമെന്ന് പാർലമെന്ററി കാര്യമന്ത്രി പ്രൾഹാദ് ജോഷി വ്യക്തമാക്കി.

അവിശ്വാസ പ്രമേയത്തിൽ ചർച്ചയുണ്ടാകുമെങ്കിലും വിജയിക്കില്ല. അപ്പോൾ സർക്കാരിനെ സമ്മർദ്ദത്തിലാക്കി പാർലമെന്റിൽ പ്രധാനമന്ത്രിയുടെ വായ തുറപ്പിക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. അതേസമയം കോൺഗ്രസ് മാത്രമായി അവിശ്വാസ പ്രമേയം കൊണ്ടുവന്നതിൽ മറ്റ് പ്രതിപക്ഷ പാർട്ടികൾ അതൃപ്തി അറിയിച്ചു. തുടർന്നങ്ങോട്ട് എല്ലാവരേയും ഉൾക്കൊണ്ടേ മുൻപോട്ട് പോകൂയെന്ന് പ്രതിപക്ഷ യോഗത്തിൽ മല്ലികാർജ്ജുൻ ഖർഗെ ഉറപ്പ് നൽകി. എന്നാൽ ബിഎസ്‌പി, വൈഎസ്ആർ കോൺഗ്രസ് തുടങ്ങിയ കക്ഷികൾ സർക്കാരിനെതിരായ പ്രമേയത്തെ പിന്തുണച്ചിട്ടില്ല.