ഇംഫാൽ: മണിപ്പുരിൽ കലാപബാധിതരെ താമസിപ്പിച്ചിരിക്കുന്ന ക്യാമ്പുകളുടെ സ്ഥിതി ഹൃദയഭേദകമാണെന്ന് പ്രതിപക്ഷ മുന്നണിയായ 'ഇന്ത്യ'യുടെ പാർലമെന്റംഗങ്ങളുടെ പ്രതിനിധിസംഘം. മണിപ്പുരിലെ കലാപബാധിത പ്രദേശങ്ങൾ സന്ദർശിച്ച പ്രതിനിധികൾ കലാപബാധിതരെ താമസിപ്പിച്ച ക്യാമ്പുകളിൽ എത്തിയിരുന്നു. നാനൂറും അഞ്ഞൂറും ആളുകളെ ഒരു ഹാളിലാണ് പാർപ്പിച്ചിരിക്കുന്നതെന്ന് കോൺഗ്രസ് എംപി ഫുലോ ദേവി നേതം പറയുന്നു.

സംസ്ഥാന സർക്കാർ അവർക്ക് പരിപ്പും അരിയും മാത്രമാണ് നൽകുന്നത്. കുട്ടികൾക്ക് കഴിക്കാൻ മറ്റൊന്നും ലഭിക്കുന്നില്ല. ശൗചാലയമോ കുളിമുറി സൗകര്യമോ ഇല്ല. ക്യാമ്പുകളിൽ ആളുകൾ താമസിക്കുന്ന രീതി ഹൃദയഭേദകമാണെന്നും ഫുലോ ദേവി നേതം കൂട്ടിച്ചേർത്തു.

മെയ്ത്തി, കുക്കി വിഭാഗങ്ങളുടെ സ്ഥലങ്ങളിലും ദുരിതാശ്വാസ ക്യാമ്പുകളിലും സന്ദർശനം നടത്തി. നഗ്‌നരാക്കി തെരുവിൽ നടത്തിയ സ്ത്രീകളെ വനിതാ എംപി.മാർ നേരിൽക്കണ്ട് ആശ്വസിപ്പിച്ചു. മൂന്നുമാസത്തോളമായി കലാപം തുടരുന്ന മണിപ്പുരിന്റെ യഥാർഥചിത്രം പാർലമെന്റിൽ അവതരിപ്പിക്കാനും നിർദേശങ്ങൾ സമർപ്പിക്കാനും ലക്ഷ്യമിട്ടാണ് 16 പാർട്ടികളിൽപ്പെട്ട 21 എംപി.മാരുടെ സംഘം സംസ്ഥാനത്തെത്തിയതെന്ന് നേതാക്കൾ പറഞ്ഞു. സംഘം ഞായറാഴ്ച ഡൽഹിയിലേക്കു മടങ്ങും. ഗവർണർ അനസൂയ ഉയ്കെയെയും ഞായറാഴ്ച രാജ്ഭവനിൽ സന്ദർശിക്കും.

ഡൽഹിയിൽനിന്ന് ശനിയാഴ്ച രാവിലെ പുറപ്പെട്ട സംഘം ഉച്ചയോടെ ഇംഫാലിലെത്തിയിരുന്നു. തുടർന്ന് രണ്ടുസംഘങ്ങളായി ദുരിതാശ്വാസക്യാമ്പുകൾ സന്ദർശിച്ചു. ഹെലികോപ്റ്ററിൽ ചുരാചന്ദ്പുരിലെത്തിയ സംഘം കുക്കി വിഭാഗങ്ങളുടെ ക്യാമ്പുകൾ സന്ദർശിച്ചു. ഇംഫാലിൽ മെയ്ത്തി വിഭാഗങ്ങളുടെ ക്യാമ്പുകളും സന്ദർശിച്ചു. ക്യാമ്പുകളിൽ അടിസ്ഥാനസൗകര്യംപോലുമില്ലാത്ത സ്ഥിതിയാണെന്ന് പാർലമെന്റംഗങ്ങൾ പിന്നീട് പറഞ്ഞു. സർക്കാർ പരിമിതമായ സഹായം മാത്രമാണ് നൽകുന്നതെന്നും ആരോഗ്യപരിപാലനം ഉറപ്പുവരുത്തുന്നതിൽ വീഴ്ചയുണ്ടെന്നാണ് മനസ്സിലായതെന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.

ബലാത്സംഗക്കേസുകൾ പൊലീസ് രജിസ്റ്റർ ചെയ്യുന്നില്ലെന്ന് ഒട്ടേറെപ്പേർ പരാതിപറഞ്ഞതായി എ.എ. റഹീം പറഞ്ഞു. ഇരകളുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്യണമെന്ന നിർഭയ നിയമഭേദഗതിപോലും നടപ്പാകുന്നില്ല. പരാതിയുമായി സ്റ്റേഷനുകളിൽ എത്താൻ ധൈര്യമില്ലാത്തവരുമുണ്ടെന്ന് എംപിമാർ പറഞ്ഞു. ഇ.ടി. മുഹമ്മദ് ബഷീർ (മുസ്ലിം ലീഗ്), എൻ.കെ. പ്രേമചന്ദ്രൻ (ആർ.എസ്‌പി.), പി. സന്തോഷ്‌കുമാർ (സിപിഐ.) എന്നിവരും സംഘത്തിലുണ്ടായിരുന്നു.

പ്രധാനമന്ത്രി മണിപ്പുർ സന്ദർശിക്കാനോ കലാപത്തെക്കുറിച്ച് പാർലമെന്റിൽ പ്രസ്താവന നടത്താനോ തയാറാകാത്ത സാഹചര്യത്തിലാണ് പ്രതിപക്ഷ സംഘത്തിന്റെ യാത്ര. ഇരുപത്തൊന്ന് എംപിമാരാണ് ശനി രാവിലെ ഇംഫാലിൽ എത്തിയത്. മുന്മുഖ്യമന്ത്രി ഒക്രം ഇബോബി സിങ്, സിപിഐ എം സംസ്ഥാന സെക്രട്ടറി ശാന്ത ക്ഷത്രിമയൂം എന്നിവരുടെ നേതൃത്വത്തിൽ ഇവരെ വിമാനത്താവളത്തിൽ സ്വീകരിച്ചു. രണ്ട് സംഘമായി ഹെലികോപ്ടറുകളിൽ ചുരാചന്ദ്പുരിലെത്തിയ സംഘം അവിടെ ബോയ്സ് ഹോസ്റ്റലിലെ ദുരിതാശ്വാസ ക്യാമ്പടക്കം സന്ദർശിച്ചു. ഇംഫാലിൽ മടങ്ങിവന്നശേഷം മൊയ്റാങ്, ലംബോയ്ഖോങ്ങാങ്ഖോങ് എന്നിവിടങ്ങളിലെ ക്യാമ്പുകളും സന്ദർശിച്ചു.