- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'കലാപബാധിതരുടെ ക്യാമ്പുകൾ ദയനീയാവസ്ഥയിൽ; കുട്ടികൾക്ക് പ്രത്യേക ശ്രദ്ധ നൽകണം; മണിപ്പുരിൽ സമാധാനവും ഐക്യവും പുനഃസ്ഥാപിക്കണം; കേന്ദ്രസംസ്ഥാന സർക്കാരുകളുടെ പരാജയം വ്യക്തം'; ഗവർണർക്ക് നിവേദനം നൽകി 'ഇന്ത്യ' മുന്നണിയിലെ പ്രതിപക്ഷ എംപിമാർ
ഇംഫാൽ: മണിപ്പുരിലെ കലാപബാധിത പ്രദേശങ്ങൾ സന്ദർശിച്ച പ്രതിപക്ഷ മുന്നണിയായ 'ഇന്ത്യ'യുടെ പ്രതിനിധികളായ എംപിമാർ രാജ്ഭവനിൽ ഗവർണർ അനുസൂയ യുകെയ്യുമായി കൂടിക്കാഴ്ച നടത്തി.സംസ്ഥാനത്തെ നിലവിലെ സ്ഥിതി ബോധിപ്പിച്ചു. സംസ്ഥാനം നേരിടുന്ന വിഷയവും തങ്ങളുടെ ആവശ്യങ്ങളും ചൂണ്ടിക്കാട്ടി എംപിമാർ ഗവർണർക്ക് നിവേദനം കൈമാറി.
സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കണമെന്ന് അഭ്യർത്ഥിച്ചാണ് 21 എംപിമാരുടെ പ്രതിനിധി സംഘം ഗവർണർക്ക് നിവേദനം നൽകിയത്. അഭയാർഥികൾക്കായുള്ള ക്യാംപുകൾ ദയനീയാവസ്ഥയിലാണെന്നും കുട്ടികൾക്ക് പ്രത്യേക ശ്രദ്ധ നൽകണമെന്നും എംപിമാർ ആവശ്യപ്പെട്ടു.
''140ലധികം പേരുടെ മരണം, 500ലധികം പേർക്ക് പരുക്ക്, 5,000ലധികം വീടുകൾ തീയിട്ടു നശിപ്പിച്ചു, 60,000ത്തിലധികം ആളുകൾ കുടിയൊഴിപ്പിക്കപ്പെട്ടു ഈ കണക്കുകളിൽനിന്ന് രണ്ടു സമുദായങ്ങളിലെയും ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കുന്നതിൽ കേന്ദ്രസംസ്ഥാന സർക്കാരുകളുടെ പരാജയം വ്യക്തമാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായുള്ള തുടർച്ചയായ വെടിവയ്‌പ്പിന്റെയും വീടുകൾക്ക് തീയിടുന്നതിന്റെയും റിപ്പോർട്ടുകളിൽനിന്ന്, കഴിഞ്ഞ മൂന്നു മാസമായി സ്ഥിതിഗതികൾ നിയന്ത്രിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്ന് മനസ്സിലാക്കാം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൗനം മണിപ്പുരിലെ അക്രമങ്ങളോടുള്ള അദ്ദേഹത്തിന്റെ ധിക്കാരപരമായ നിസ്സംഗതയാണ് കാണിക്കുന്നത്'' നിവേദനത്തിൽ പറയുന്നു.
''മണിപ്പുരിലെ ജനങ്ങളുടെ രോഷവും ഉത്കണ്ഠയും വേദനയും സങ്കടവും പ്രധാനമന്ത്രിയിൽ ഒരു മാറ്റവും വരുത്തുന്നില്ലെന്ന് തോന്നുന്നു. അദ്ദേഹം കോടിക്കണക്കിന് ഇന്ത്യക്കാരുടെ മേൽ തന്റെ 'മൻ കി ബാത്ത്' അടിച്ചേൽപ്പിക്കുന്ന തിരക്കിലായിരിക്കുമ്പോൾ, ടീം ഇന്ത്യയുടെ 21 എംപി പ്രതിനിധി സംഘം മണിപ്പുർ ഗവർണറുമായി 'മണിപ്പുർ കി ബാത്തി'നെ കുറിച്ച് സംസാരിക്കുന്നു'' നിവേദനം ട്വിറ്ററിൽ പങ്കുവച്ച് മുതിർന്ന കോൺഗ്രസ് നേതാവ് ജയ്‌റാം രമേശ് കുറിച്ചു.
മണിപ്പുരിൽ സമാധാനവും ഐക്യവും പുനഃസ്ഥാപിക്കണമെന്ന് എംപിമാർ നിവേദനത്തിൽ ആവശ്യപ്പെട്ടു. കഴിഞ്ഞ 89 ദിവസമായി സംസ്ഥാനം നേരിടുന്ന ക്രമസമാധാന തകർച്ച സംബന്ധിച്ച് കേന്ദ്രസർക്കാരിനെ ഗവർണർ അറിയിക്കണം.
സംസ്ഥാനത്ത് 140-ലധികം മരണങ്ങൾ സംഭവിച്ചതായും 500-ലധികം വീടുകൾ കത്തിനശിച്ചതായും എംപിമാർ നിവേദനത്തിൽ സൂചിപ്പിച്ചു. ഇത് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിൽ കേന്ദ്ര, സംസ്ഥാന സർക്കാറുകൾക്കുണ്ടായ പരാജയത്തിന്റെ സൂചനയാണെന്നും നിവേദനത്തിൽ പറയുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്തുണ്ടായ വെടിവെയ്‌പ്പിന്റേയും നാശനഷ്ടങ്ങളുടേയും കണക്കുകൾ വിരൽചൂണ്ടുന്നത് സ്ഥിതിഗതികൾ നിയന്ത്രിക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടുവെന്നാണ്. ദുരിതാശ്വാസ ക്യാമ്പുകളിലെ അവസ്ഥ ദയനീയമാണ്. കഴിഞ്ഞ മൂന്ന് മാസമായി തുടരുന്ന ഇന്റർനെറ്റ് നിരോധനം അടിസ്ഥാനരഹിതമായ വാർത്തകൾ പ്രചരിക്കുന്നതിന് കാരണമാകുന്നുവെന്നും നിവേദനത്തിൽ പ്രതിപക്ഷം ആരോപിച്ചു.
മൂന്നുമാസത്തോളമായി കലാപം തുടരുന്ന മണിപ്പുരിന്റെ യഥാർഥചിത്രം പാർലമെന്റിൽ അവതരിപ്പിക്കാനും നിർദേശങ്ങൾ സമർപ്പിക്കാനും ലക്ഷ്യമിട്ടാണ് 16 പാർട്ടികളിൽപ്പെട്ട 21 എംപി.മാരുടെ സംഘം ശനിയാഴ്ച സംസ്ഥാനത്തെത്തിയത്. മെയ്ത്തി, കുക്കി വിഭാഗങ്ങളുടെ സ്ഥലങ്ങളിലും ദുരിതാശ്വാസ ക്യാമ്പുകളിലും ഇവർ സന്ദർശനം നടത്തി. നഗ്‌നരാക്കി തെരുവിൽ നടത്തിയ സ്ത്രീകളെ വനിതാ എംപി.മാർ നേരിൽക്കണ്ട് ആശ്വസിപ്പിച്ചു.
ഹെലികോപ്റ്ററിൽ ചുരാചന്ദ്പുരിലെത്തിയ സംഘം കുക്കി വിഭാഗങ്ങളുടെ ക്യാമ്പുകൾ സന്ദർശിച്ചു. ഇംഫാലിൽ മെയ്ത്തി വിഭാഗങ്ങളുടെ ക്യാമ്പുകളും എംപിമാർ സന്ദർശിച്ചു. ക്യാമ്പുകളിൽ അടിസ്ഥാന സൗകര്യംപോലുമില്ലാത്ത സ്ഥിതിയാണെന്ന് പാർലമെന്റംഗങ്ങൾ പറഞ്ഞു.




