ന്യൂഡൽഹി: മണിപ്പൂർ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പാർലമെന്റിൽ സംസാരിപ്പിക്കുകയെന്ന ലക്ഷ്യം നിറവേറ്റനായത് പ്രതിപക്ഷ സഖ്യമായ 'ഇന്ത്യ'യുടെ നേതാക്കളുടെ നേട്ടമായണ് വിലയിരുത്തുന്നത്. പ്രതിപക്ഷ പ്രതിഷേധം കടുത്തതോടെ 100 ദിവസം പിന്നിട്ട മണിപ്പൂർ കലാപത്തിൽ ഒടുവിൽ മോദി മൗനം വെടിയുകയായിരുന്നു.

കേന്ദ്രമന്ത്രിസഭക്കെതിരായ അവിശ്വാസ പ്രമേയ ചർച്ചയിലെ ഭരണ-പ്രതിപക്ഷ ഏറ്റുമുട്ടലുകളും രാഹുൽ ഗാന്ധിയുടെ പ്രസംഗവുമാണ് ബുധനാഴ്ച പാർലമെന്റിനെ ചൂടുപിടിപ്പിച്ചതെങ്കിൽ വ്യാഴാഴ്ച പ്രധാനമന്ത്രിയുടെ മറുപടിയും ഭരണപക്ഷ അംഗങ്ങളുടെ 'ഉറക്ക'വുമാണ് പ്രതിപക്ഷ കക്ഷികൾ ചർച്ചയാക്കുന്നത്. ലോക്‌സഭയിൽ രണ്ടു മണിക്കൂർ പിന്നിട്ട് മോദിയുടെ പ്രസംഗം നീണ്ടതോടെ ഭരണപക്ഷ അംഗങ്ങളിൽ പലരും ഉറങ്ങിപ്പോയെന്നാണ് ആക്ഷേപം.

ഉറക്കവും അംഗങ്ങളുടെ മടുപ്പ് പ്രകടമാക്കുന്ന ഇരുത്തവുമെല്ലാം വ്യക്തമാക്കുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ച് പ്രതിപക്ഷ പാർട്ടികളും രംഗത്തെത്തി. പ്രധാനമന്ത്രിയുടെ പ്രസംഗം മടുപ്പിക്കുന്നതാണെന്ന ക്യാപ്ഷനിൽ അംഗങ്ങളുടെ ഉറങ്ങുന്ന വീഡിയോ ആം ആദ്മി പാർട്ടി അവരുടെ ട്വിറ്റർ അകൗണ്ടിൽ പോസ്റ്റ് ചെയ്തു.

''രാജ്യവും പാർലമെന്റും മണിപ്പൂരിനൊപ്പമുണ്ട്. മണിപ്പൂരിൽ വൈകാതെ സമാധാനം തിരിച്ചെത്തും. കുറ്റവാളികളുടെ ശിക്ഷ ഉറപ്പാക്കും. മണിപ്പൂരിന്റെ വികസനത്തിനുവേണ്ടി പ്രവർത്തിക്കും. എല്ലാവരും ഒന്നിച്ചുനിന്ന് ഇപ്പോഴത്തെ വെല്ലുവിളി നേരിടണം'' -ലോക്‌സഭയിൽ രണ്ടര മണിക്കൂർ നീണ്ട പ്രസംഗത്തിൽ മോദി പറഞ്ഞു.

ആദ്യത്തെ ഒന്നര മണിക്കൂറും മണിപ്പൂരിനെക്കുറിച്ച് ഒന്നും പറയാതെ ഭരണനേട്ടങ്ങൾ വിവരിച്ചും പ്രതിപക്ഷത്തെ പരിഹസിച്ചും മുന്നോട്ടുപോയതിനെ തുടർന്ന് കടലാസുകൾ കീറിയെറിഞ്ഞ് അവിശ്വാസ പ്രമേയ അവതാരകനായ ഗൗരവ് ഗൊഗോയി അടക്കം പ്രതിപക്ഷ മുന്നണിയായ ഇന്ത്യയുടെ എംപിമാർ ഇറങ്ങിപ്പോക്ക് നടത്തിയ ശേഷമായിരുന്നു മോദിയുടെ ഈ പരാമർശം.