പട്‌ന: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ഉയർന്ന ഫ്‌ളയിങ് കിസ് വിവാദവുമായി ബന്ധപ്പെട്ട്, ബിഹാറിൽ നിന്നുള്ള കോൺഗ്രസ് എംഎ‍ൽഎ. നീതു സിങ് നടത്തിയ പരാമർശം വിവാദത്തിൽ. ഫ്‌ളയിങ് കിസ് കൊടുക്കാൻ രാഹുൽ ഗാന്ധിക്ക് ആഗ്രഹമുണ്ടെങ്കിൽ അതിന് ഇഷ്ടം പോലെ പെൺകുട്ടികളുണ്ടെന്നും, 50 വയസ് പിന്നിട്ട സ്ത്രീക്ക് കൊടുക്കേണ്ട ആവശ്യമില്ലെന്നുമാണ് ബിഹാറിൽനിന്നുള്ള വനിതാ എംഎൽഎ നീതു സിങ് പറഞ്ഞത്. ഒരു സ്വകാര്യ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ്, വനിതാ എംഎൽഎയുടെ വിവാദ പരാമർശം. ഇവരുടെ പരാമർശം ഉൾപ്പെടുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

''ഞങ്ങളുടെ രാഹുൽ ഗാന്ധിക്ക് പെൺകുട്ടികളെ കിട്ടാൻ ബുദ്ധിമുട്ടൊന്നുമില്ല. അദ്ദേഹത്തിന് ഫ്‌ളയിങ് കിസ് കൊടുക്കാൻ ആഗ്രഹമുണ്ടെങ്കിൽ, അതിന് ഇഷ്ടം പോലെ പെൺകുട്ടികളുണ്ട്. അല്ലാതെ 50 കഴിഞ്ഞ ഒരു സ്ത്രീക്ക് കൊടുക്കേണ്ട കാര്യമില്ല. അദ്ദേഹത്തിനെതിരായ ഈ ഫ്‌ളയിങ് കിസ് ആരോപണത്തിന് യാതൊരു അടിസ്ഥാനവുമില്ല'' നീതു സിങ് പറഞ്ഞു.

പിന്നാലെ കോൺഗ്രസിനെ കടന്നാക്രമിച്ച് ബിജെപി. രംഗത്തെത്തി. സാമൂഹിക മാധ്യമങ്ങളിലുൾപ്പടെ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ വിമർശനവുമായി ബിജെപി. രംഗത്തെത്തി. രാഹുൽ ഗാന്ധിയുടെ ദുർനടപടികളെ പ്രതിരോധിക്കാൻ സ്ത്രീവിരുദ്ധ കോൺഗ്രസിനുള്ളിൽ തന്നെ ആളുകളുണ്ടെന്ന് ബിജെപി. വക്താവ് ഷെഹ്സാദ് പൂനാവാല അഭിപ്രായപ്പെട്ടു. രാഹുൽ ഗാന്ധിയെ പ്രതിരോധിക്കാനായി ഏതറ്റം വരെ പോകാനും കോൺഗ്രസ് പാർട്ടിക്ക് മടിയില്ലെന്ന് ഇതിലൂടെ വ്യക്തമായെന്ന് പൂനവാല വിമർശിച്ചു.

അവിശ്വാസ പ്രമേയ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ച ശേഷം രാഹുൽ ഗാന്ധി ഭരണപക്ഷത്തെ സ്ത്രീ അംഗങ്ങൾക്കുനേരെ ഫ്‌ളൈയിങ് കിസ്സ് ആഗ്യം കാട്ടിയെന്നായിരുന്നു കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ ആരോപണം. വിഷയത്തിൽ മന്ത്രിമാരായ സ്മൃതി ഇറാനി, ശോഭാ കരന്തലജെ എന്നിവരുടെ നേതൃത്വത്തിൽ 20 വനിതാ എംപി.മാർ സ്പീക്കർക്ക് പരാതി നൽകിയിട്ടുണ്ട്.

രാഹുൽ ഗാന്ധി ലോക്‌സഭയിൽ മണിപ്പുർ കലാപവുമായി ബന്ധപ്പെട്ട് അവതരിപ്പിച്ച അവിശ്വാസ പ്രമേയ ചർച്ചയിൽ പങ്കെടുത്തു മടങ്ങുമ്പോഴാണ്, ഫ്‌ളയിങ് കിസ് വിവാദം ഉയർന്നത്. രാഹുൽ മടങ്ങുന്ന സമയത്ത് ബിജെപി അംഗങ്ങൾ കൂവിയിരുന്നു. സന്ദർശക ഗാലറിയിലുണ്ടായിരുന്ന കെ.സി.വേണുഗോപാലിനും മറ്റു കോൺഗ്രസ് നേതാക്കൾക്കും നേരെ കൈവീശിക്കാണിച്ച ശേഷം ബിജെപി ബെഞ്ചുകൾക്കു നേരെയും രാഹുൽ കൈവീശിയിരുന്നു.

ഇതിനെതിരെയാണ് ആരോപണം ഉയർന്നത്. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയാണ് സഭയിൽത്തന്നെ ഫ്‌ളയിങ് കിസ് ആരോപണം ഉയർത്തിയത്. എന്നാൽ, ഇതു സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് 'ഞാൻ അങ്ങനെയൊന്നും കണ്ടില്ല' എന്നായിരുന്നു ബിജെപി എംപിയായ ഹേമമാലിനിയുടെ മറുപടി.