കൊൽക്കത്ത: ബംഗാളിലെ പഞ്ചായത്തു തിരഞ്ഞെടുപ്പിനിടെ അരങ്ങേറിയ അക്രമത്തെ ചൊല്ലി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും തമ്മിൽ വാക്‌പോര്. തിരഞ്ഞെടുപ്പിന്റെ സമയത്ത് തൃണമൂൽ കോൺഗ്രസ് നടത്തിയത് ചോരക്കളിയായിരുന്നെന്നും രാജ്യം അതിനു സാക്ഷിയായെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി. തൃണമൂൽ കോൺഗ്രസ് വോട്ടർമാരെ ഭീഷണിപ്പെടുത്തിയെന്നും വോട്ടെണ്ണൽ ദിനത്തിൽ ബൂത്ത് പിടിക്കാൻ പാർട്ടി ഗുണ്ടകളെ ഏർപ്പാടാക്കിയെന്നും നരേന്ദ്ര മോദി ആരോപിച്ചു.

''ബിജെപി പ്രവർത്തകരെ നാമനിർദ്ദേശം സമർപ്പിക്കാൻ പോലും അവർ അനുവദിച്ചില്ല, സ്ഥാനാർത്ഥികളായവരെ പ്രചാരണം നടത്താനും അനുവദിച്ചില്ല. തിരഞ്ഞെടുപ്പ് ദിനങ്ങളിലും പിന്നീട് വോട്ടെണ്ണുമ്പോഴും ബൂത്ത് പിടിക്കാൻ തൃണമൂൽ ഗുണ്ടകളെ ഏർപ്പാടാക്കി.'' മോദി പറഞ്ഞു.

ഇതിനു മറുപടിയായി പ്രധാനമന്ത്രി സംസ്ഥാനത്തെ അപമാനിക്കുകയാണെന്നും തിരഞ്ഞെടുപ്പിനിടെ നടന്ന അക്രമസംഭവങ്ങളിൽ ബിജെപി 20 തൃണമൂൽ പ്രവർത്തകരെ കൊലപ്പെടുത്തിയെന്നും മമത പറഞ്ഞു. 'ഇന്ത്യ' മുന്നണി വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ അധികാരം പിടിക്കുമെന്നും ബിജെപിയുടെ അന്ത്യം അടുത്തെന്നും മമത തുറന്നടിച്ചു.

പൊതുതിരഞ്ഞെടുപ്പിന് അവശേഷിക്കുന്നത് മാസങ്ങൾ മാത്രമാണ്. ജയിക്കാനായി നിങ്ങൾ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ അറസ്റ്റു ചെയ്യുന്നു. എന്നാൽ ഇത്തരം പ്രവൃത്തികളിലൂടെയോ വർഗീയ രാഷ്ട്രീയം കൊണ്ടോ ജനത്തെ കബളിപ്പിക്കാമെന്ന് നിങ്ങൾ കരുതേണ്ടെന്നും മമത പറഞ്ഞു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷനെ തിരഞ്ഞെടുക്കാനുള്ള സമിതിയിൽനിന്ന് ചീഫ് ജസ്റ്റിനെ മാറ്റിയതിനു പിന്നിൽ ദുരുദ്ദേശ്യമുണ്ടെന്നും മമത കൂട്ടിച്ചേർത്തു.

ബംഗാളിൽ ജൂലൈയിൽ നടന്ന തിരഞ്ഞെടുപ്പിന്റെ ഭാഗമായുണ്ടായ അക്രമങ്ങളിൽ അമ്പതിലേറെപ്പേർ കൊല്ലപ്പെട്ടതായാണ് അനൗദ്യോഗിക കണക്കുകൾ. വോട്ടെണ്ണൽ ദിനമായ ജൂലൈ 11നു മാത്രം 18 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പോൾ ചെയ്തതിൽ 51.5 ശതമാനം വോട്ടും തൃണമൂൽ കോൺഗ്രസ് സ്വന്തമാക്കി. ബിജെപി 23 ശതമാനം വോട്ട് നേടി.