- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പൂണെയിൽ ശരദ് പവാറുമായി രഹസ്യകൂടിക്കാഴ്ച നടത്തി അജിത് പവാർ; ലയനമടക്കം ചർച്ചയായെന്ന് സൂചന; കേന്ദ്രമന്ത്രി പങ്കെടുത്ത സർക്കാർ പരിപാടികളിൽ മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ അസാന്നിധ്യവും; മഹാരാഷ്ട്രയിൽ രാഷ്ട്രീയ അഭ്യൂഹങ്ങൾ സജീവം
പൂണെ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറും ശരദ് പവാറും തമ്മിൽ രഹസ്യ ചർച്ച നടത്തിയെന്ന വാർത്ത പുറത്തുവന്നതോടെ മഹാരാഷ്ട്രയിൽ വീണ്ടും രാഷ്ട്രീയ അഭ്യൂഹങ്ങൾ സജീവം. ശനിയാഴ്ച പുണെയിലെ വ്യവസായി അതുൽ ചോർദിയയുടെ കൊറേഗാവ് പാർക്കിലെ വീട്ടിലാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. മണിക്കൂറുകളോളം ഇരുവരും ഒരുമിച്ചുണ്ടായിരുന്നുവെന്ന് പ്രാദേശിക മാധ്യങ്ങൾ റിപ്പോർട്ട് ചെയ്തു.
പാർട്ടി ഒന്നാവണമെന്ന ആവശ്യവുമായി നേരത്തെ ഒന്നിലേറെ തവണ അജിത് പവാർ ശരദ് പവാറിനെ കണ്ടിരുന്നു. എന്നാൽ, ഇത്തവണത്തേത് രഹസ്യകൂടിക്കാഴ്ചയാണെന്നതാണ് അഭ്യൂഹങ്ങൾക്ക് ഇടയാക്കിയത്. ഇരുപക്ഷങ്ങളുടേയും ലയനമടക്കം കൂടിക്കാഴ്ചയിൽ ചർച്ചയായെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. ബിജെപിക്കൊപ്പം ചേരാൻ തങ്ങളില്ലെന്ന് പവാർ അജിത്തിനോട് ആവർത്തിച്ചെന്നാണ് സൂചന.
എൻസിപി പിളർത്തി ഏക്നാഥ് ഷിൻഡെ സർക്കാരിൽ ഉപമുഖ്യമന്ത്രിയായ ശേഷം പലതവണ അജിത് പവാർ ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇത്തവണ ശരദ് പവാറിനും അജിത് പവാറിനും പുറമേ, എൻ.സി.പി. പവാർ പക്ഷം മഹാരാഷ്ട്ര പ്രസിഡന്റായ ജയന്ത് പാട്ടീലും കൂടിക്കാഴ്ചയിൽ ഉണ്ടായിരുന്നു. മാധ്യമങ്ങളെ മാറ്റിനിർത്തിയായിരുന്നു കൂടിക്കാഴ്ച. അതുൽ ചോർദിയയുടെ വീട്ടിൽനിന്ന് പവാർ മടങ്ങി ഒരുമണിക്കൂറിലേറെ കഴിഞ്ഞാണ് അജിത് പവാർ അവിടെനിന്ന് മടങ്ങിയത്. ശരദ് പവാറും അജിത് പവാറും വിവിധ പരിപാടികൾക്കായി ശനിയാഴ്ച പൂണെയിലുണ്ടായിരുന്നു.
എന്നാൽ, കൂടിക്കാഴ്ചയെക്കുറിച്ച് അവരോട് ചോദിക്കണമെന്നായിരുന്നു എൻ.സി.പി. നേതാവ് അമോൽ മിത്കരിയുടെ പ്രതികരണം. കൂടിക്കാഴ്ചയിൽ എന്താണ് ചർച്ചയായതെന്ന് അജിത് പവാറിനോടും ശരദ് പവാറിനോടും ജയന്ത് പാട്ടീലിനോടും ചോദിക്കണമെന്നായിരുന്നു ബിജെപി. എംഎൽഎ. അതുൽ ഭട്ഖാൽക്കറിന്റെ പ്രതികരണം.
ഇതിനിടെ ശനിയാഴ്ച തന്നെ നടന്ന രണ്ടു പ്രധാന സർക്കാർ പരിപാടികളിൽ മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ അസാന്നിധ്യം ചർച്ചയാവുന്നത്. പുണെയിലെ ചൗന്ദ്നി ചൗക്കിലെ മേൽപ്പാലം ഉദ്ഘാടനത്തിൽ ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്നാവിസും അജിത് പവാറും പങ്കെടുത്തിരുന്നു. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയായിരുന്നു ഉദ്ഘാടകൻ. എന്നാൽ, ആരോഗ്യപ്രശ്നങ്ങളെത്തുടർന്നാണ് ഷിൻഡെ പരിപാടികളിൽ പങ്കെടുക്കാതിരുന്നതെന്ന് അജിത് പവാർ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
ശരദ് പവാർ തന്റെ നേതാവായി തുടരുമെന്ന് അജിത് പവാറിനോടൊപ്പം പോയ ദിലീപ് വത്സെ പറഞ്ഞിരുന്നു. പവാറിന്റെ സാന്നിധ്യത്തിലായിരുന്നു ഷിൻഡെ മന്ത്രിസഭയിലെ സഹകരണമന്ത്രിയായ വത്സെയുടെ പ്രതികരണം.




