മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറുമായുള്ള കൂടിക്കാഴ്‌ച്ചയ്ക്ക് പിന്നാലെ, മഹാ വികാസ് അഘാഡി സഖ്യത്തിൽ നിന്ന് എൻസിപി പുറത്തു പോയേക്കുമെന്ന അഭ്യൂഹം ശക്തമാകുന്നതിനിടെ ആരോപണങ്ങൾ തള്ളി എൻസിപി അധ്യക്ഷൻ ശരദ് പവാർ. കേന്ദ്രമന്ത്രിസ്ഥാനവും നീതി ആയോഗ് അധ്യക്ഷസ്ഥാനവും ബിജെപി വാഗ്ദാനം ചെയ്‌തെന്ന ആരോപണമാണ് ശരദ് പവാർ നിഷേധിച്ചത്. കേൾക്കുന്നതെല്ലാം അഭ്യൂഹങ്ങളാണെന്ന് അദ്ദേഹം വ്യക്തമാക്കി.

'' ഞാൻ മുതിന്ന നേതാവാണ്. ആരാണ് എനിക്ക് പദവി വാഗ്ദാനം ചെയ്യുക കൂടിക്കാഴ്ച നടന്നന്നെത് ഞാൻ നിഷേധിക്കുന്നില്ല. കുടുംബത്തിന്റെ തലവൻ എന്ന നിലയിൽ കുടുംബാംഗങ്ങളോട് എനിക്ക് സംസാരിക്കേണ്ടതുണ്ട്. ഇതെല്ലാം അഭ്യൂഹങ്ങളാണ് യാഥാർഥ്യവുമായി ബന്ധമില്ല. രാഷ്ട്രീയ ചർച്ചകളൊന്നും നടന്നിട്ടില്ല. പൃഥിരാജ് ചവാൻ എന്താണ് പറഞ്ഞതെന്ന് എനിക്ക് അറിയില്ല. '' ശരദ് പവാർ പറഞ്ഞു.

പാർട്ടി പിളർത്തി എൻഡിഎ ക്യാംപിലെത്തിയ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറുമായി ശരദ് പവാർ നടത്തിയ രഹസ്യ കൂടിക്കാഴ്ചയിൽ സഖ്യകക്ഷികൾക്കു മുറുമുറുപ്പുണ്ട്. പൂണെയിൽ ഇരുവരും തമ്മിൽ കണ്ടതിൽ കോൺഗ്രസ്, ശിവസേന (ഉദ്ധവ് വിഭാഗം) പാർട്ടികൾ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് എന്നിവരുമായി പവാർ വേദി പങ്കിട്ടതിലും ഇവർ അസ്വസ്ഥരാണ്. എൻസിപി അണികളിലും ഇക്കാര്യത്തെച്ചൊല്ലി ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്.

പവാറിനെ എൻഡിഎയിൽ എത്തിക്കാൻ കേന്ദ്രമന്ത്രിസ്ഥാനവും നീതി ആയോഗ് അധ്യക്ഷസ്ഥാനവും ബിജെപി വാഗ്ദാനം ചെയ്തെങ്കിലും അദ്ദേഹം തള്ളിക്കളയുകയായിരുന്നെന്ന് മുന്മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ പൃഥിരാജ് ചവാൻ ആരോപിച്ചിരുന്നു. മകൾ സുപ്രിയ സുളെ, എൻസിപി സംസ്ഥാന അധ്യക്ഷൻ ജയന്ത് പാട്ടീൽ എന്നിവർക്കും അജിത് മുഖേന ബിജെപി പദവികൾ വാഗ്ദാനം ചെയ്തതായി ചവാൻ വെളിപ്പെടുത്തിയിരുന്നു.

എൻസിപി പിളർത്തി എൻഡിഎയിൽ ചേർന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായ അനന്തരവൻ അജിത് പവാറുമായുള്ള ശരദ് പവാറിന്റെ രഹസ്യ കൂടിക്കാഴ്ചകളാണു പുതിയ അഭ്യൂഹങ്ങൾക്ക് അടിസ്ഥാനം. ശരദ് പവാർ മോദി മന്ത്രിസഭയിൽ അംഗമായേക്കുമെന്ന് പോലും അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു.

ഒരു വ്യവസായിയുടെ വീട്ടിൽ വച്ചാണ് ശരദ് പവാർ അജിത് പവാറുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയത്. പ്രത്യേകിച്ചൊന്നുമില്ലെന്ന് പറഞ്ഞ് മാധ്യമങ്ങളുടെ ചോദ്യങ്ങളിൽ നിന്ന് ശരദ് പവാർ ഒഴിഞ്ഞെങ്കിലും രാഷ്ട്രീയരംഗത്ത് ചർച്ചകൾ സജീവമാകുകയായിരുന്നു. ശരദ് പവാറിന്റെ ചാഞ്ചാട്ടം മുന്നിൽക്കണ്ട് മഹാവികാസ് അഘാഡി 'പ്ലാൻ ബി' തയാറാക്കിയെന്നാണ് ഏറ്റവുമൊടുവിൽ പുറത്തു വരുന്ന സൂചന. എൻസിപിയില്ലാതെ 2024ലെ തിരഞ്ഞെടുപ്പിനെ നേരിടാൻ കോൺഗ്രസും ശിവസേനയും പദ്ധതി ആസൂത്രണം ചെയ്തുതുടങ്ങിയെന്നാണ് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

'രണ്ട് വാഗ്ദാനങ്ങളാണ് അജിത് പവാർ ശരദ് പവാറിന് മുന്നിൽ വച്ചത്. ഒന്ന്, മോദി മന്ത്രിസഭയിൽ ശരദ് പവാറിനെ കൃഷിമന്ത്രിയാക്കാം. രണ്ട്, സുപ്രിയ സുലെയെ കേന്ദ്രമന്ത്രിസഭയിലും ജയന്ത് പാട്ടീലിനെ സംസ്ഥാന മന്ത്രിസഭയിലും ഉൾപ്പെടുത്താം.' കോൺഗ്രസ് നേതാവും മുന്മുഖ്യമന്ത്രിയുമായ വ്യക്തി പറഞ്ഞതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.

ബിജെപിക്കൊപ്പം ശരദ് പവാർ സഖ്യത്തിലായേക്കുമെന്നാണ് പ്രതിപക്ഷ ക്യാമ്പിൽ ആശങ്ക ഉയരുന്നത്. ഈ സാഹചര്യത്തിലാണ് മഹാവികാസ് അഘാഡി പ്ലാൻ ബി തയ്യാറാക്കുന്നതായി അഭ്യൂഹം ശക്തമായത്. പ്ലാൻ ബി തയ്യാറാണെന്നും ഇക്കാര്യത്തിൽ ഹൈക്കമാൻഡാണ് അന്തിമതീരുമാനം കൈക്കൊള്ളുകയെന്നും മഹാരാഷ്ട്ര പിസിസി അധ്യക്ഷൻ നാനാ പട്ടോളെ പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

''ശരദ് പവാറിന്റെ നീക്കങ്ങൾ ഞങ്ങളെ അലട്ടുന്നുണ്ട്, ഉറപ്പാണ്. പവാർമാർ തമ്മിലുള്ള രഹസ്യയോഗങ്ങൾ കോൺഗ്രസിന് ആശങ്കയുണ്ടാക്കുന്നതാണ്. എന്നാൽ, മഹാവികാസ് അഘാഡി സഖ്യം സംബന്ധിച്ച് അന്തിമ തീരുമാനം എനിക്ക് എടുക്കാനാവില്ല. ഭാവി നടപടിയെപ്പറ്റി ഹൈക്കമാൻഡാണ് തീരുമാനിക്കേണ്ടത്.'' നാനാ പട്ടോളെ പ്രതികരിച്ചതായി മാധ്യമങ്ങൾ പറയുന്നു.